ഇടിവ് തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും
ജിയോഫിന്‍ ഇന്നും ലോവര്‍ സര്‍കീട്ടില്‍; റിലയന്‍സിന്റെ യോഗം തിങ്കളാഴ്ച
ആഗോളതല ആശങ്കകള്‍ ഇന്ന് വിപണിയെ വലിച്ച് താഴ്ത്തുകയാണ്. തുടക്കം മുതല്‍ ഇടിവിലായിരുന്നു സൂചികകള്‍. സെന്‍സെക്‌സ് ഒരുവേള 450 പോയിന്റ് ഇടിഞ്ഞ് 64,800ന് താഴെയായി. നിഫ്റ്റി 140 പോയിന്റ് താഴ്ന്ന് 19,250ന് താഴെയുമെത്തി; പിന്നീട് നഷ്ടം കുറച്ചു. ബാങ്ക് നിഫ്റ്റിയും കിതപ്പിലാണ്. മിഡ്ക്യാപ്പ് ഓഹരികളില്‍ വില്‍പന സമ്മര്‍ദം രൂക്ഷമാണ്.
റിലയന്‍സിന് ഇന്നും തളര്‍ച്ച
ഐ.ടി., മെറ്റല്‍, ധനകാര്യ സേവന, ബാങ്കിംഗ്, ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി തുടങ്ങി എല്ലാ മേഖലകളിലെയും ഓഹരികള്‍ താഴ്ചയിലാണ്. റിലയന്‍സ് ഇടയക്ക് 2,500 രൂപയ്ക്ക് മുകളില്‍ കയറിയിട്ട് വീണ്ടും താഴ്ന്നു. തിങ്കളാഴ്ച റിലയന്‍സ് ഓഹരി ഉടമകളുടെ യോഗം നടക്കും. അതില്‍ റിലയന്‍സ് റീട്ടെയിലിന്റെ ലിസ്റ്റിംഗിനെപ്പറ്റി പറയുമെന്നാണ് പ്രതീക്ഷകള്‍.
ജിയോ ഫിന്‍ ഇന്നും ലോവര്‍ സര്‍കീട്ടില്‍
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഞ്ചാം ദിവസമായ ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞു. അഞ്ച് ദിവസം കൊണ്ട് 35,000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യത്തിലെ നഷ്ടം. പേയ്ടിഎമ്മിന്റെ 2.3 കോടി ഓഹരികള്‍ ഒരു പ്രാരംഭ നിക്ഷേപ ഗ്രൂപ്പ് വിറ്റു. ഓഹരി നാലുശതമാനം കയറി. പേയ്ടിഎമ്മിന് വലിയ വളര്‍ച്ച പ്രവചിച്ച് ചില ബ്രോക്കറേജുകള്‍ വിശകലന റിപോര്‍ട്ട് ഇറക്കിയിട്ടുണ്ട്. ഇന്നലെ ഇടിവിലായിരുന്ന അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നും നഷ്ടത്തിലാണ്.
രൂപയും സ്വര്‍ണവും
രൂപ ഇന്നും താഴ്ന്നു. ഡോളറിനെതിരെ മൂല്യം 82.65ലേക്ക് ഇടിഞ്ഞു. സ്വര്‍ണം ലോകവിപണിയില്‍ 1,914 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ വില പവന് 43,600 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.