'പൊന്മുട്ടയിടുന്ന താറാവിനെ' നേരത്തെ വിറ്റ് സോഫ്റ്റ്ബാങ്ക്; കുതിച്ചുയര്‍ന്ന് എന്‍വീഡിയ

വിപണി മൂല്യത്തില്‍ ആമസോണിനെ മറികടന്നു

Update:2024-02-14 18:37 IST

Image Courtesy: nvidia.com

ജാപ്പനീസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സോഫ്റ്റ് ബാങ്കിന് നിരാശ നല്‍കി കുതിച്ചുയരുകയാണ് അമേരിക്കന്‍ ചിപ് നിര്‍മാണ കമ്പനിയായ എന്‍വീഡിയയുടെ ഓഹരികള്‍. വിപണി മൂല്യത്തില്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിനെ മറികടന്ന് ലോകത്തിലെ അഞ്ചാം സ്ഥാനത്താണ് എന്‍വീഡിയ ഇപ്പോള്‍. ആമസോണ്‍ ഓഹരികള്‍ ചൊവ്വാഴ്ച 2.15 ശതമാനം ഇടിഞ്ഞതോടെയാണ് എന്‍വീഡിയ ഓഹരി മുകളിലെത്തിയത്. 0.17 ശതമാനം ഇടിവിലായിരുന്നു എന്‍വീഡിയ ഓഹരികളും. നിലവില്‍ ആമസോണിന് 1.75 ലക്ഷം കോടി ഡോളറും എന്‍വീഡിയയ്ക്ക് 1.78 ലക്ഷം കോടി ഡോളറുമാണ് വിപണി മൂല്യം.

മികച്ച ത്രൈമാസ ഫലങ്ങളാണ് എന്‍വീഡിയ ഓഹരികളില്‍ അടുത്തിടെ കുതിപ്പുണ്ടാക്കിയത്. നിലവില്‍ 721.28 ഡോളറാണ് എന്‍വീഡിയ ഓഹരിയുടെ വില. ഈ വര്‍ഷം ഇതു വരെ ഓഹരി 46 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ മൂന്ന് ഇരട്ടി വര്‍ധന രേഖപ്പെടുത്തിയതിനു ശേഷമാണ് ഇപ്പോഴത്തെ ഉയർച്ച.

സോഫ്റ്റ് ബാങ്കിന് പറ്റിയ അക്കിടി

എന്‍വീഡിയയില്‍ 4.9 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. 2019 ജനുവരിയില്‍ മുഴുവന്‍ ഓഹരികളും വെറും 3,300 കോടി ഡോളറിന് വിറ്റഴിച്ചു. നിലവിലെ വിലയില്‍ അവയുടെ മൂല്യം 9,000 കോടി ഡോളറിനു മുകളിലാണ്. വെറും നാല് വര്‍ഷത്തിനുള്ളിലാണ് ഓഹരിയുടെ കുതിപ്പ്.
എന്‍വീഡിയയില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റ് കമ്പനികളില്‍ നിക്ഷേപിച്ച സോഫ്റ്റ് ബാങ്കിന്റെ നീക്കം വിമര്‍ശനത്തിനിടയാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടിവിലായ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷനില്‍ ജനുവരി വരെ അഞ്ച് ശതമാനത്തോളം ഓഹരി പങ്കാളിത്തം സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വരും മുമ്പ് തന്നെ പേയ്ടിഎം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റഴിച്ചു വന്നിരുന്നു. 2021ല്‍ പേയ്ടിഎമ്മിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐ.പി.ഒ) സമയത്ത് 18.5 ശതമാനത്തോളം ഓഹരി സ്വന്തമാക്കിയിരുന്നു.
ആല്‍ഫബെറ്റിന് എതിരാളി
ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് 1.81 ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി നിലവില്‍ എന്‍വീഡിയയ്ക്ക് മുകളിലുള്ളത്. അധികം വൈകാതെ എന്‍വീഡിയ ആല്‍ഫബെറ്റിനെ മറികടന്നേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തലുകള്‍.
ഗെയിമിംഗ്, ഡാറ്റ സെന്ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണോമസ് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ (GPUs) നിര്‍മിക്കുന്നതില്‍ നേതൃസ്ഥാനത്തുള്ള കമ്പനിയാണ് എന്‍വീഡിയ. ടെക്‌നോളജി കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും നിര്‍മിത ബുദ്ധിയെ (AI) ഉള്‍ച്ചേര്‍ക്കുന്നതിന്റെ മുഖ്യ ഗുണഭോക്താവാകും എന്‍വീഡിയ. നിലവില്‍ ഹൈ എന്‍ഡ് എ.ഐ ചിപ് മാര്‍ക്കറ്റിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് എന്‍വീഡിയയാണ്.
മൈക്രോസോഫ്റ്റാണ് വിപണി മൂല്യത്തില്‍ ലോകത്തില്‍ ഒന്നാമത്. 3.01 ലക്ഷം കോടി ഡോളറാണ് വിപണിമൂല്യം. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ (2.85 ലക്ഷം കോടി ഡോളര്‍), സൗദി അറേബ്യന്‍ എണ്ണക്കമ്പനി ആയ സൗദി ആരാംകോ (2.06 ലക്ഷം കോടി ഡോളര്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Tags:    

Similar News