യു.എസ് 'റിസര്‍വ് ബാങ്കിന്റെ' നിരക്ക് എന്തിന് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കണം?
ഫെഡറല്‍ റിസര്‍വിന്റെ ഏത് നീക്കവും ഇന്ത്യന്‍ മൂലധനവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുക തന്നെ ചെയ്യും
എന്താണ് ഫെഡറല്‍ റിസര്‍വ്? ആഗോള സമ്പദ്‌രംഗത്ത് ഫെഡിന്റെ പ്രാധാന്യമെന്താണ്? ഫെഡിന്റെ തീരുമാനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയെ എങ്ങനെയാണ് ബാധിക്കുക?
അമേരിക്കയുടെ കേന്ദ്രബാങ്കാണ് ഫെഡറല്‍ റിസര്‍വ്. അമേരിക്കയിലെ വാണിജ്യബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും ഫെഡറല്‍ റിസര്‍വ് നല്‍കുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്കിനെയാണ് 'ഫെഡ് റേറ്റ്' എന്ന് വിളിക്കുന്നത്. രാജ്യത്തെ ധനനയം നിയന്ത്രിക്കാനും സമ്പദ്‌രംഗത്ത് സ്ഥിരത ഉറപ്പാക്കാനും ഫെഡ് ഉപയോഗിക്കുന്ന ആയുധമാണ് ഫെഡ് റേറ്റ്.
ഫെഡ് റേറ്റിന് ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും മൂലധന വിപണികളിന്മേല്‍ വലിയ സ്വാധീനമുണ്ട്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ സാധാരണയായി പലിശ കുറഞ്ഞ അമേരിക്കയില്‍ നിന്ന് ധാരാളമായി വായ്പകളെടുക്കുകയും ഇന്ത്യ പോലെയുള്ള, വലിയ ആദായം (റിട്ടേണ്‍) ലഭിക്കുന്ന രാജ്യങ്ങളിലെ മൂലധനവിപണിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതായത്, ഫെഡ് റേറ്റില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അത് വിദേശ നിക്ഷേപരുടെ തീരുമാനങ്ങളെ ബാധിക്കും. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കൂടാനോ കുറയാനോ ഇടയാക്കുകയും ചെയ്യും.
ഫെഡ് റേറ്റ് അഥവാ അടിസ്ഥാന പലിശനിരക്ക് കൂടുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് വായ്പ എടുക്കുകയെന്നത് കൂടുതല്‍ ചെലവുള്ളതായി മാറും. അത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്കുള്ള വിദേശ മൂലധന നിക്ഷേപം കുറയാനിടയാക്കും. ഇത് ഇന്ത്യന്‍ ഓഹരികളെ തളര്‍ത്തും. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും വഴിയൊരുക്കും. ഫെഡ് റേറ്റ് കൂടുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ഓഹരികള്‍ അവര്‍ക്ക് ആകര്‍ഷകമല്ലാതായി മാറും.
ഫെഡ് റേറ്റ് കൂടുമ്പോള്‍ ആനുപാതികമായി അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ യീല്‍ഡും (കടപ്പത്രത്തില്‍ നിന്നുള്ള ആദായനിരക്ക്) കൂടും. ഇത് വികസ്വര രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വന്തം രാജ്യത്തെ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കാനും വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫെഡ് റേറ്റ് കൂടുമ്പോള്‍ ഡോളര്‍ ശക്തമാകുകയും രൂപ ദുര്‍ബലമാകുകയും ചെയ്യും. ഇതും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ആദായം കുറയാനിടയാക്കുന്ന കാര്യമാണ്. ഫലത്തില്‍, ഹ്രസ്വകാല നിക്ഷേപകര്‍ നിക്ഷേപം വലിയതോതില്‍ പിന്‍വലിക്കാന്‍ ഇത് ഇടവരുത്തും.
അതേസമയം, ഫെഡ് റേറ്റ് കുറയുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് അമേരിക്കന്‍ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. ഈ പണം അവര്‍ ഇന്ത്യയിലും മറ്റും മൂലധനവിപണിയില്‍ നിക്ഷേപിച്ച് നേട്ടം സ്വന്തമാക്കും. ഇത് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്കും രൂപയ്ക്കും നേട്ടമാണ്. അതുകൊണ്ട്, ഫെഡ് റേറ്റിലെ മാറ്റങ്ങളെ ഇന്ത്യന്‍ മൂലധന വിപണിയും കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ഏത് നീക്കവും ഇന്ത്യന്‍ മൂലധനവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുക തന്നെ ചെയ്യും.
പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുകയാണ്. എന്തായിരിക്കണം നിക്ഷേപകരുടെ പ്രധാന ശ്രദ്ധ?
പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുമ്പോള്‍ നിക്ഷേപകര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വിപണിയിലെ ചലനങ്ങളും പരിണാമങ്ങളുമാണ്. കഴിഞ്ഞ ഏതാനും മാസം നോക്കിയാല്‍ സര്‍വകാല റെക്കോഡ് ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ 10.9 ശതമാനം താഴ്ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 3.44 ശതമാനം ഇടിവും നേരിട്ടു.
നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകള്‍ നടപ്പാക്കിയ പലിശനിരക്ക് വര്‍ധന, വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) പിന്മാറ്റം എന്നിവയാണ് ഇടിവിന്റെ മുഖ്യകാരണങ്ങളെന്ന് കാണാം. യു.എസ് ഫെഡ് റേറ്റ് ഇപ്പോള്‍ 5 ശതമാനമാണ്. ഇന്ത്യയില്‍ റിപ്പോനിരക്ക് 6.5 ശതമാനവും. ഇനിയും പലിശവര്‍ധന തുടര്‍ന്നാല്‍, അത് ഓഹരികളെ ദോഷകരമായി തന്നെ ബാധിക്കും.
രാഷ്ട്രീയ സംഭവവികാസങ്ങള്‍ നോക്കിയാല്‍ ചില സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ലും നടക്കാനിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ല. നടപ്പുപാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രവര്‍ത്തനഫലങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ പുറത്തുവിട്ട് തുടങ്ങിയേക്കും. കഴിഞ്ഞപാദത്തില്‍ നിരവധി കമ്പനികള്‍ മികച്ച ഫലം പുറത്തുവിട്ടിരുന്നു. വന്‍കിട കമ്പനികള്‍ മികച്ച കണക്കുകള്‍ പുറത്തുവിട്ടാല്‍ നിഫ്റ്റിക്ക് 16,750ന് മേല്‍ തുടരാനാകും.
കഴിഞ്ഞ 4 മാസംകൊണ്ടാണ് ഓഹരി സൂചികകള്‍ 10 ശതമാനം ഇടിവ് നേരിട്ടതെന്ന് ഓര്‍ക്കണം. നിഫ്റ്റി 16,750നുമേല്‍ തുടരുകയും പലിശനിരക്ക് സ്ഥിരത കൈവരിക്കുകയും കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍ ശുഭകരമാകുകയും ചെയ്താല്‍ നിഫ്റ്റിയില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. സ്ഥിതി നേരേ മറിച്ചാണെങ്കില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാകും. നിഫ്റ്റി 16,000-15,700 തലത്തിലേക്കും വീണേക്കും. അതായത്, നിലവിലെ വിപണിയുടെ ട്രെന്‍ഡും സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളും നിരീക്ഷിച്ചശേഷം മാത്രം തീരുമാനങ്ങളിലേക്ക് കടക്കുക.
Equity investing is subject to market risk. Always do your own research before investing