ഓഹരി വിറ്റാല്‍ ഇനി ഉടന്‍ പണം; സൗകര്യം ഈമാസം മുതല്‍ നടപ്പാക്കാന്‍ സെബി

ഈ സൗകര്യം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും

Update:2024-03-12 16:32 IST

image courtesy: sebi/canva

ഓഹരി വിറ്റാല്‍ ഇനി പണമിടപാട് തത്ക്ഷണം നടപ്പാകുന്ന ടി+0 സൗകര്യം ഈമാസം 28 മുതല്‍ നടക്കാന്‍ സെബി (SEBI) ഒരുങ്ങുന്നു. ഇതോടെ വ്യാപാരങ്ങളുടെ സെറ്റില്‍മെന്റ് അതേ ദിവസം തല്‍ക്ഷണമായി നടക്കുമെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് അറിയിച്ചു. ഈ നീക്കം നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികളുടെയും ഫണ്ടുകളുടെയും സെറ്റില്‍മെന്റുകള്‍ വേഗത്തിലാക്കുകയും മൊത്തത്തിലുള്ള വിപണി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സെബി പറയുന്നു.

ഘട്ടംഘട്ടമായി നടപ്പാക്കും

പുത്തന്‍ രീതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള ട്രേഡുകള്‍ക്കായി ഒരു ഓപ്ഷണല്‍ ടി+0 സെറ്റില്‍മെന്റ് സൈക്കിള്‍ അവതരിപ്പിക്കും, ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റില്‍മെന്റ് അതേ ദിവസം 4.30ന് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍, വൈകിട്ട് 3.30 വരെ ട്രേഡുകള്‍ക്കായി ഓപ്ഷണല്‍ ഇമ്മീഡിയേറ്റ് ട്രേഡ്-ബൈ-ട്രേഡ് സെറ്റില്‍മെന്റ് നടത്തും. നേരത്തെയുള്ള പണമിടപാടുകള്‍ സംബന്ധിച്ച തത്സമയ അറിയിപ്പിനായി ഡിപ്പോസിറ്ററികള്‍ക്കും ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ക്കുമിടയില്‍ API (application programming interface) അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ഫേസ് നിര്‍മ്മിക്കും. ഒന്നാം ഘട്ടത്തിന് കീഴിലുള്ള എല്ലാ സെക്യൂരിറ്റികളും രണ്ടാം ഘട്ടത്തിന് കീഴില്‍ ലഭ്യമാകും.

നിലവില്‍ ടി+1

നിലവില്‍ ടി+1 അടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നത്. 2023 ജനുവരിയിലാണ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ടി+1 സെറ്റില്‍മെന്റിലേക്ക് മാറിയത്. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ അവ തീര്‍പ്പാക്കുന്ന സംവിധാനമാണിത്. നേരത്തെ ഇത് ടി+2 (രണ്ട് ദിവസത്തിനുള്ളില്‍) സംവിധാനമായിരുന്നു. വിപണിയില്‍ ഇനി മാര്‍ച്ച് 28 മുതല്‍ ടി+1 സെറ്റില്‍മെന്റ് സൈക്കിളിനൊപ്പം ടി+0 സെറ്റില്‍മെന്റും നിലവിലുണ്ടാകും. ഇതോടെ ചൈനയ്ക്ക് ശേഷം ഒരു ദിവസത്തെ ചെറിയ സെറ്റില്‍മെന്റ് സൈക്കിളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. മറ്റ് മിക്ക പ്രധാന സമ്പദ്വ്യവസ്ഥകളിലും, വ്യാപാര സെറ്റില്‍മെന്റ് സാധാരണയായി രണ്ട് ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയാക്കുന്നത്.

Tags:    

Similar News