850 കോടിയുടെ ഓഹരി തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കി പേറ്റിഎം

ശരാശരി 545.93 രൂപ നിരക്കില്‍ 1.55 കോടി ഓഹരികളാണ് പേറ്റിഎം വാങ്ങിയത്

Update: 2023-02-16 10:28 GMT

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് പ്രഖ്യാപിച്ച ഓഹരി തിരികെ വാങ്ങല്‍ (buy back) പൂര്‍ത്തിയാക്കി വണ്‍91 കമ്മ്യൂണിക്കേഷന്‍സ് (പേറ്റിഎം). 849.83 കോടി രൂപയാണ് പേറ്റിഎം ഇതിനായി ചെലവഴിച്ചത്. ശരാശരി 545.93 രൂപ നിരക്കിലായിരുന്നു ഓഹരികളുടെ തിരികെ വാങ്ങല്‍.

ഫെബ്രുവരി 13 വരെ ആയിരുന്നു ബൈബാക്ക്. വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് 480.25-702.65 രൂപ നിരക്കിലായിരുന്നു ഓഹരി തിരികെ വാങ്ങല്‍. ഇക്കാലയളവില്‍ വാങ്ങിയത് 1,55,66,746 ഓഹരികളാണ്. ഐപിഒയിലൂടെ വിറ്റതിന്റെ ആറര ശതമാനത്തോളം ഓഹരികള്‍ തിരികെ വാങ്ങുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ഏറ്റവും വലിയ ഓഹരി ഉടമ ആന്റ്

ബൈബാക്ക് കാലയളവില്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി അലിബാബ പേറ്റിഎമ്മിലെ  ഓഹരികള്‍ മുഴുവന്‍ വിറ്റിരുന്നു. അതേ സമയം അലിബാബയുടെ ഗ്രൂപ്പ് കമ്പനി ആന്റ് ഫിനാന്‍ഷ്യല്‍ തന്നെയാണ് ഇപ്പോഴും കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ. 25 ശതമാനം ഓഹരികളാണ് ആന്റിനുള്ളത്.  ഗിസല്ലോ മാസ്റ്റര്‍ ഫണ്ട് 49.8 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 54.9 ലക്ഷം ഓഹരികളും ഇക്കാലയളവിൽ സ്വന്തമാക്കി.

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പേടിഎം ആദ്യമായി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. വായ്പ ചെലവ്, നികുതി തുടങ്ങിയവ കണക്കാക്കാതെയുള്ള നേട്ടമാണ് പ്രവര്‍ത്തന ലാഭം. മൂന്നാം പാദത്തില്‍ 392 കോടി രൂപയായിരുന്നു പേടിഎമ്മിന്റെ അറ്റനഷ്ടം. ഇന്ന് നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ പേയ്ടിഎം ഓഹരികള്‍ പിന്നീട് ഇടിഞ്ഞു. ഒന്നര ശതമാനത്തോളം താഴ്ന്ന ഓഹരികളുടെ ഇപ്പോഴത്തെ വില (3.30 PM) 629.95 രൂപയാണ്.

Tags:    

Similar News