ഫോണ്‍പേയ്ക്ക് ഇനി ധനസമാഹരണം മാത്രം പോംവഴി; നിക്ഷേപകരുമായി ചര്‍ച്ച

ഫോണ്‍പേയുടെ മാതൃസ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ടുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്

Update: 2022-12-09 07:55 GMT

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് ബ്രാന്‍ഡായ ഫോണ്‍പേ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുകായാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ ഇടിവ് നേരിടന്ന സാഹചര്യത്തിലാണ് ഈ ധനസമാഹരണം. ജനറല്‍ അറ്റ്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവരാണ് കമ്പനിയുടെ നിക്ഷേപകര്‍.

ഫണ്ടിംഗിലെ ഇടിവ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫണ്ടിംഗില്‍ 35 ശതമാനം ഇടിവാണുണ്ടായത്. പുതിയ മൂലധന നിക്ഷേപത്തോടെ ഫോണ്‍പേയുടെ മൂല്യം 13 ബില്യണിനടുത്ത് എത്തിയേക്കാം. ഫോണ്‍പേയുടെ മാതൃസ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ടുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. അതേസമയം ധനസമാഹരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫോണ്‍പേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ ഫ്‌ലിപ്കാര്‍ട്ട് എക്‌സിക്യൂട്ടീവുകളായ സമീര്‍ നിഗം, രാഹുല്‍ ചാരി, ബര്‍സിന്‍ എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് 2015 ല്‍ ആരംഭിച്ച ഫോണ്‍പേ ഉടന്‍ തന്നെ ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തു. 2018-ല്‍ 16 ബില്യണ്‍ ഡോളറിന് യുഎസ് റീട്ടെയിലിംഗ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ടിനെ വാങ്ങിയപ്പോള്‍ ഫോണ്‍പേ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലായി. ഫോണ്‍പേയ്ക്ക് സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞ മാസം വരെ ഇന്ത്യയില്‍ 415 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും 30 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വ്യാപാരികളുമുണ്ട്.

Tags:    

Similar News