കേരളത്തില്‍ നിന്ന് അടുത്ത ഐ.പി.ഒ: പോപ്പുലര്‍ വെഹിക്കിള്‍സിന് സെബിയുടെ അനുമതി

ജനുവരി ആദ്യം തീയതി പ്രഖ്യാപിച്ചേക്കും

Update:2023-12-20 18:14 IST

കൊച്ചി ആസ്ഥാനമായ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന് പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (Sebi) അനുമതി. കഴിഞ്ഞ ഓഗസിറ്റിലാണ് ഐ.പി.ഒയ്ക്കായി പോപ്പുലര്‍ വെഹിക്കിള്‍സ് സെബിക്ക് അപേക്ഷ (DRHP) സമര്‍പ്പിച്ചത്.

ഇതിന് മുമ്പ് 2021 ഓഗസ്റ്റിലും കമ്പനി ഐ.പി.ഒയ്ക്കായി അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല.

ജനുവരി പകുതിയോടെ

സെബിയുടെ അനുമതി ലഭിച്ചതിനാല്‍ ജനുവരിയില്‍ തന്നെ കമ്പനി ഐ.പി.ഒയുമായെത്തുമെന്നാണ് കരുതുന്നത്. ജനുവരി ആദ്യത്തോടെ തീയതി പ്രഖ്യാപിച്ചേക്കും.
ഐ.പി.ഒയിലൂടെ ഏകദേശം 700 കോടി രൂപ സമാഹരിക്കാനാണ് പോപ്പുലര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 250 കോടി രൂപ പുതിയ ഓഹരികളിലൂടെ (Fresh Issue) ആയിരിക്കും. ബാക്കി നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി സമാഹരിക്കും. 14,275,401 കോടിയുടെ ഇക്വിറ്റി ഓഹരികളാണ് ഒ.എഫ്.എസിലുണ്ടാവുക.
കമ്പനിയുടെ പ്രമോട്ടര്‍മാരായ ജോണ്‍ കെ.പോള്‍, ഫ്രാന്‍സിസ് കെ.പോള്‍, നവീന്‍ ഫിലിപ്പ് എന്നിവര്‍ക്ക് സംയുക്തമായി 65.79 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ബന്യന്‍ ട്രീക്ക് (Banyan Tree) 34.01 ശതമാനം ഓഹരികളുമുണ്ട്. ഐ.പി.ഒയില്‍ 1.42 കോടി ഓഹരികള്‍ ബന്യന്‍ ട്രീ വിറ്റഴിക്കും. ഐ.പി.ഒയ്ക്ക് ശേഷം പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി പങ്കാളിത്തം 60 ശതമാനത്തില്‍ താഴെയാകും.
പുതുതായി സമാഹരിക്കുന്ന 250 കോടി രൂപയില്‍ മുന്തിയ പങ്കും കടബാധ്യതകള്‍ കുറയ്ക്കാന്‍ പ്രയോജനപ്പെടുത്തും. അതുവഴി ബാലന്‍സ് ഷീറ്റ് മികവുറ്റതാക്കും. നിലവില്‍ 500 കോടിരൂപയോളം കടമുണ്ട്. ബാക്കി തുക വികസന പദ്ധതികള്‍ക്കായും വിനിയോഗിക്കും.
5,000 കോടി വിറ്റുവരവ്
2022-23 സാമ്പത്തിക വര്‍ഷം പോപ്പുലര്‍ വെഹിക്കിള്‍സ് 4,893 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ഉപസ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള സംയോജിത വരുമാനമാണിത്. 2020-21ലെ 3,000 കോടി രൂപയില്‍ നിന്നാണ് വരുമാനം കുതിച്ച് 4,900 കോടി രൂപയിലേക്കെത്തിയത്.
പോപ്പുലറിന്റെ മൊത്തം വരുമാനത്തില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. അതേസമയം കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും മികച്ച വളര്‍ച്ച കമ്പനി രേഖപ്പെടുത്തുന്നു. മൊത്തം 10,000ഓളം ജീവനക്കാരുണ്ട്. കേരളത്തില്‍ മാത്രം 6,800ഓളം ജീവനക്കാരും.
പ്രതിവര്‍ഷം 60,000 വാഹനങ്ങള്‍
മാരുതി സുസുകി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ കാര്‍ കമ്പനികളുടേയും ടാറ്റ മോട്ടോഴ്‌സ്, ഭാരത് ബെന്‍സ് എന്നീ വാണിജ്യ വാഹന കമ്പനികളുടെയും ഡീലര്‍മാരാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. പിയാജിയോ ഇലക്ട്രിക് ത്രീ വീലറുകള്‍, ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയുടെയും വിതരണക്കാരാണ്.
പ്രതിവര്‍ഷം ശരാശരി 60,000 വാഹനങ്ങളാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് വിറ്റഴിക്കുന്നത്. കഴിഞ്ഞ ജൂലൈ 31ലെ കണക്കുകള്‍ പ്രകാരം 59 ഷോറൂമുകളും 126 സെയില്‍സ് ആന്‍ഡ് ബുക്കിംഗ് ഔട്ട്‌ലെറ്റുകളും 31 പ്രീ-ഓണ്‍ഡ് വാഹന ഷോറൂമുകളും പ്രവര്‍ത്തിക്കുന്നു. 134 അംഗീകൃത സര്‍വീസ് സെന്ററുകളും 40 റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളും 24 വെയര്‍ഹൗസുകളും പോപ്പുലറിനുണ്ട്.
Tags:    

Similar News