ടാറ്റ കമ്മ്യൂണിക്കേഷനില്‍ കുതിപ്പ് പ്രവചിച്ച് പൊറിഞ്ചു വെളിയത്ത്

അടുത്ത ദശാബ്ദം ടാറ്റയുടേത്

Update:2023-06-17 15:21 IST

Image : File

ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ കുതിപ്പ് പ്രവചിച്ച് പ്രമുഖ നിക്ഷേപകന്‍ പൊറിഞ്ചു വെളിയത്ത്. അടുത്ത ദശാബ്ദത്തില്‍ ടാറ്റ ഗ്രൂപ്പ് രാജ്യത്തെ മറ്റ് ബിസിനസ് ഗ്രൂപ്പുകളെ മറികടക്കുന്ന പ്രകടനം കാഴചവയ്ക്കുമെന്നും ഇക്കണോമിക് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പൊറിഞ്ചു വെളിയത്ത് പറയുന്നു.

 പൊറിഞ്ചുവെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് കൈകാര്യം ചെയ്യുന്ന പോര്‍ട്ട്‌ഫോളിയോകളിൽ  ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.
870 രൂപ നിലവാരത്തിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികളില്‍ നിക്ഷേപിച്ചു തുങ്ങിയത്. ഇപ്പോള്‍ അത് ഏകദേശം ഇരട്ടിയായിട്ടുണ്ട്. പുതിയ ക്ലയന്റുകള്‍ക്കായി ഇപ്പോഴും ഈ ഓഹരി ശുപാര്‍ശ ചെയ്യുന്നുവെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനവും നേട്ടമാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.
ആഗോള ടെലികമ്മ്യൂണിക്കേഷന്‍സ് സേവന കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. വോയ്‌സ്, ഡേറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.
ടാറ്റ ഓഹരികളെല്ലാം മികച്ചത്
 ഡിജിറ്റലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ടാറ്റ ഗ്രൂപ്പ് മൊത്തത്തില്‍ തന്നെ വളരെ പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ തലമുറ ബിസിനസ് ആണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ വരുമാനം 14,000-15,000 കോടി രൂപയില്‍ നിന്ന് 20,000-30,000 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ടാറ്റ പറയുന്നത്. അതുകൊണ്ട് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ ഓഹരി ഇപ്പോഴും ആകര്‍ഷകമാണ്. ടാറ്റ കണ്‍സ്യൂമർ.  ട്രെന്റ് എന്നിവയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരികളാണെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു.
രാജ്യത്തെ പഴയ ബിസിനസ് ഗ്രൂപ്പുകളായ ടാറ്റ, ബിര്‍ള, അദാനി, അംബാനി എന്നിവ കൂടാതെ പുതിയ വമ്പന്‍ ഗ്രൂപ്പുകളും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉദയം ചെയ്‌തേക്കാം. എന്നാലും അടുത്ത 10-14 വര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് മറ്റ് ഗ്രൂപ്പുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉയര്‍ന്ന വളര്‍ച്ചാ സാധ്യത, മികച്ച മാനേജ്‌മെന്റ്, ചെലവുകുറഞ്ഞ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയാണ് ടാറ്റയെ മുന്‍നിരയില്‍ നിര്‍ത്തുന്നതെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു.

പ്രമുഖ ഭക്ഷ്യ ശൃംഖലയായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ മാതൃകമ്പനിയായ റസ്റ്ററന്റ് ബ്രാന്‍ഡ് ഓഫ് ഏഷ്യയും(RBA) ദീര്‍ഘകാലത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഓഹരിയായി പൊറിഞ്ചു കണക്കാക്കുന്നു. 107-108 രൂപ നിലവാരത്തില്‍ ഓഹരി വാങ്ങാനാണ് ശുപാര്‍ശ ചെയ്യുന്നത്.

Tags:    

Similar News