ഓഹരി നിക്ഷേപം, അശുഭാപ്തി വിശ്വാസത്തിന്റെ മൂര്‍ധന്യത്തില്‍!

Update: 2019-02-19 10:02 GMT

'കുറയുമ്പോള്‍ വാങ്ങുക, കൂടുമ്പോള്‍ വില്‍ക്കുക'- ഓഹരി നിക്ഷേപ ത്തിന്റെ അടിസ്ഥാന നിയമം ഇതാണെന്ന് നിസംശയം പറയാം പക്ഷേ, വില താഴെയെത്തുമ്പോള്‍ വാങ്ങാന്‍ ആളുകള്‍ ഭയപ്പെടുന്നു, ഓഹരികള്‍ വീണ്ടും താഴേക്ക് പോകുമോ എന്ന ഭയം. ഭയം കൂടുതല്‍ ഭയത്തെ സൃഷ്ടിക്കുകയും അത് ബെയര്‍ മാര്‍ക്കറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഏതാണ് കുറവില്‍ വാങ്ങാനുള്ള മികച്ച സമയം?

അത്, സര്‍ ജോണ്‍ ടെംപിള്‍ ടണിനെ ഉദ്ധരിച്ച് പറഞ്ഞാല്‍'' വിപണിയില്‍ ഏറ്റവും അശുഭപ്രതീക്ഷ നിലനില്‍ക്കുന്ന സമയം'' ആണ്. ബെയര്‍ മാര്‍ക്കറ്റില്‍ മാര്‍ക്കറ്റ് സെന്റിമെന്റ്‌സ് ഏതെങ്കിലും ഒരു പോയ്ന്റില്‍ ഏറ്റവും മോശം അവസ്ഥയിലെത്തും, വിപണി
പ്രവേശനത്തിന് അനുയോജ്യമായ, പരമാവധി കുറഞ്ഞ വിലയില്‍ ഏതു ഓഹരിയും വാങ്ങാനാകുന്ന സമയമാണ് ആ പോയ്ന്റ്. എന്നാല്‍ പ്രായോഗിക തലത്തില്‍ 'ഏറ്റവും മോശം സമയം' അത് സംഭവിച്ച ശേഷം മാത്രമായിരിക്കും മനസിലാക്കാന്‍ സാധിക്കുക.

ഓഹരി വിപണിയില്‍ നിന്ന് അവിശ്വസനീയമായ നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓവര്‍ സോള്‍ഡ് ഓഹരികളില്‍ മൂല്യം ഉള്ളവ നിങ്ങള്‍ കണ്ടെത്തണം. ഇപ്പോളുള്ളതു പോലെ 'സ്‌റ്റോക്ക്‌സ് ഫോര്‍ സെയ്ല്‍' വരുന്ന സമയത്ത് അത്തരം ഓഹരികള്‍ കണ്ടെത്തി വാങ്ങാനുള്ള ധൈര്യവും ദൃഢവിശ്വാസവും കാണിക്കണം. ടെംപിള്‍ടണിന്റെ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം.

'ബുള്‍മാര്‍ക്കറ്റ് അശുഭാപ്തി വിശ്വാസത്തില്‍ ജനിക്കുന്നു, അവിശ്വാസത്തില്‍ വളരുന്നു, ശുഭാപ്തി വിശ്വാസത്തില്‍ പാകതയെത്തുന്നു, ഉന്മാദത്തില്‍ അവസാനിക്കുന്നു'. ഓഹരി വിപണിയില്‍ ഇപ്പോള്‍ വളരെയധികം അശുഭാപ്തി വിശ്വാസവും ധൈര്യമില്ലായ്മയും ഉണ്ട്, എന്നാല്‍ ഇതാണോ ഏറ്റവും താഴ്ന്ന സമയമെന്ന് നമുക്ക് അറിയില്ല. അടുത്ത ബുള്‍ മാര്‍ക്കറ്റില്‍ കൊയ്‌തെടുക്കാന്‍ ഉള്ള പാകമൊത്ത വിത്തുകള്‍ ചിട്ടയോടെ വിതക്കാനുള്ള സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്.

നിഫ്റ്റി ഓഹരികള്‍ ഇടിയുമോ?

കഴിഞ്ഞ 10-12 മാസമായി ബെയര്‍മാര്‍ക്കറ്റിനെ ചെറുത്തുനിന്ന നിഫ്റ്റി ഓഹരികളായിരിക്കും ക്ലൈമാക്‌സില്‍ താഴേക്ക് പോകുക എന്ന പൊതു അഭിപ്രായമാണ് ഓഹരി നിക്ഷേപകര്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ ഈ ഓഹരികളുടെ സംയോജിത വലുപ്പം (വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ മൊത്തം മാര്‍ക്കറ്റ് കാപ്പിറ്റലിന്റെ ഏകദേശം 50 ശതമാനം), കൂട്ടവീഴ്ചയിലും ഈകമ്പനികള്‍ നല്‍കുന്ന ബിസിനസ് പെര്‍ഫോമന്‍സ്, വിപണിയിലെ ചെറുത്തു നില്‍പ്പ് എന്നിവ കാണിക്കുന്നത് ഓഹരി നിക്ഷേപകരുടെ ഇടയില്‍ ഉള്ളപൊതു അനുമാനത്തിനു എന്തോ കുഴപ്പമുണ്ടെന്നാണ്.

നമ്മള്‍ ഇതിനു മുമ്പ് പല തവണ ചര്‍ച്ച ചെയ്തിട്ടുള്ളതുപോലെ, ഇന്ത്യയുടെ രാഷ്ട്രിയ സമ്പദ്‌വ്യവസ്ഥയില്‍ വഴിത്തിരിവാകുന്ന അനേകം പരിഷ്‌കാരങ്ങളിലൂടെ ഒരു റീസെറ്റ് ബട്ടണ്‍ അമര്‍ത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍.

ഇത്തരത്തിലുള്ള വലിയ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ മൂലധന വിപണിയില്‍ യാദൃശ്ചികമായ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ബെയറുകളെ ചെറുത്തു നില്‍ക്കുന്ന അതെ കമ്പനികളാണ് ഇത്തരം പരിഷ്‌കാരങ്ങളുടെ ഗുണഭോക്താക്കള്‍. ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയ്ക്ക് യോജിക്കുന്ന ബിസിനസ് മോഡലുകളുള്ള, 'ആന്റിഫ്രജൈല്‍' - പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള കമ്പനികള്‍, അവരുടെ ബിസിനസ് വളരെ കാര്യക്ഷമമായി നടത്തുകയും വിപണി വിഹിതം കൂട്ടുകയും ചെയ്യുന്നുണ്ട്.

അതേസമയം സംശയകരമായ, കാര്യപ്രാപ്തിയില്ലാത്ത കമ്പനികള്‍ മാറാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കില്‍ നിലവിലുള്ള ബെയര്‍ മാര്‍ക്കറ്റിന്റെ ക്ലൈമാക്‌സില്‍ ഈ ഓഹരികള്‍ എല്ലാം തകര്‍ന്നടിയും എന്ന് പ്രതീക്ഷിക്കുന്നത് എത്രത്തോളം യുക്തി പൂര്‍ണമാണ്?

എനിക്ക് തോന്നുന്നത് വിശാലമായ വിപണിയില്‍ നിന്നുള്ള തെരഞ്ഞെടുത്ത കമ്പനികള്‍ ഉടന്‍ തന്നെ നിഫ്റ്റിക്കൊപ്പം മുന്നോട്ടുള്ള ബുള്‍ കുതിപ്പില്‍ പങ്കുചേരുമെന്നാണ്. വലിയ ഓഹരികളുടെ ചെറുത്തുനില്‍പ് സാവധാനം മറ്റു പ്രസക്തമായ ബിസിനസ് മോഡലുകളുള്ള ചെറുകിട കമ്പനികളിലേക്കു കൂടി വ്യാപിച്ചു വിപണി മൊത്തമായി മുന്നേറും എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. എന്നാല്‍ അമിതമായി ലിവറേജ് ചെയ്ത ബാലന്‍സ് ഷീറ്റുള്ള, പുതിയ നയങ്ങള്‍ക്കനുസരിച്ച് മാറ്റം ഉള്‍കൊള്ളാത്ത പ്രമോട്ടര്‍മാരുടെ കമ്പനികളുടെ പ്രശ്‌നങ്ങള്‍ തുടര്‍ന്നേക്കും.

ഓഹരി നിക്ഷേപം തുടര്‍ന്നുകൊണ്ടുപോകുക, പരമാവധി അശുഭാപ്തി വിശ്വാസമുള്ള പോയ്ന്റിലേക്കു നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.


ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News