ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരണത്തിനുള്ള മുന്‍ഗണനാ ലിസ്റ്റില്‍
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി നിതി ആയോഗ്. ഏപ്രില്‍ ആദ്യം പ്രഥമ ലിസ്റ്റ് പുറത്തുവരും
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യുതിനായിരിക്കും ആദ്യ പരിഗണന നല്‍കുകയെന്ന സര്‍ക്കാരിന്റെ മുന്‍നിലപാടില്‍ നിന്ന് വ്യതിചലിച്ചാണ് ലാഭത്തില്‍ പോകുന്ന സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നീക്കം. സ്വകാര്യവല്‍ക്കരണം നടപ്പാക്കേണ്ട പൊതുമേഖലാ യൂണിറ്റുകളെ സെലക്ട് ചെയ്യുന്നതിനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകുന്ന നിതി ആയോഗ്, തന്ത്രപ്രാധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും ഓഹരി വില്‍പനക്ക് മന്ത്രിസഭുടെ അനുമതി ലഭിച്ച കമ്പനികളെയും ആദ്യ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തിയേക്കും. ആറു മാസമായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിതി ആയോഗിന്റെ ആദ്യ റിപ്പോര്‍ട്ട് ഏപ്രിലിന്റെ തുടക്കത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങളെ മൂന്നോ നാലോ വിഭാഗങ്ങളായി തിരിച്ചായിരിക്കും പട്ടികയില്‍ ഉള്‍പ്പെടുത്തുക ആദ്യ പട്ടികയില്‍ തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങളും രണ്ടാമത്തേതില്‍ തന്ത്രപ്രധാന സ്ഥാപനങ്ങളുമുണ്ടാകും. അതില്‍ ഓഹരിവില്‍പനക്കായിരിക്കില്ല, സ്വകാര്യവല്‍ക്കരണത്തിനായിരിക്കും ഊന്നല്‍ നല്‍കുകയെന്ന് ഒരു മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ബിസിനസ് സ്റ്റാന്റേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്വകാര്യവല്‍ക്കണ-ആസ്തിവില്‍പന നിലപാടുകള്‍ക്ക് അനുസൃതമായാണ് പുതിയ തീരുമാനങ്ങള്‍. 'ബിസിനസ് നടത്തുകയല്ല സര്‍ക്കാരിന്റെ ബിസിനസ്'എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വകാര്യവല്‍ക്കരണവും ആസ്തി വില്‍പനയും ആധുനികവല്‍ക്കരണവും സംബന്ധിച്ച് നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിന് പിന്നാലെയാണ് നിതി ആയോഗ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്ന നടപടികള്‍ക്ക് വേഗം കൂട്ടിയത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പൂര്‍ണമായോ ഭൂരിഭാഗമോ വില്‍ക്കല്‍, ആസ്തി വില്‍പന, സ്്ട്രാറ്റജിക് ഡീലുകള്‍, ഓഹരികള്‍ തിരിച്ചെടുക്കല്‍ തുടങ്ങിയ തന്ത്രങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിതി ആയോഗ് സ്വീകരിക്കാന്‍ പോകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഓഹരിവില്‍പനയിലൂടെ ലക്ഷ്യം വെക്കുന്നത് 1.75 ട്രില്യണ്‍ രൂപയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നിതി ആയോഗ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഐ ഡി ബി ഐ ബാങ്ക്, ഭാരത് പെട്രോൡയം കോര്‍പറേഷന്‍, ഷിപ്പിംഗ് കോര്‍പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, നീലാചല്‍ ഇസ്പാത് നിഗം, പവന്‍ ഹന്‍സ്, എയര്‍ ഇന്ത്യ, തുടങ്ങിയവയുടെ സ്ട്രാറ്റജിക് സെയിലിന് കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതി ആയോഗ് റിപ്പോര്‍ട്ടില്‍ ഇവയും ഇടംപിടിച്ചേക്കും.
ഐ ഡി ബി ഐ ബാങ്കിനെ കൂടാതെ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരി വില്‍പന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
തന്ത്രപരമായ മേഖലകളുടെ മൂല്യനിര്‍ണയം നിതി ആയോഗ് നടത്തിക്കഴിഞ്ഞു. അതിന്റെ വിശദപരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. സ്ട്രാറ്റജിക് സെക്ടര്‍ കമ്പനികളുടെ പട്ടിക വലുതാണെന്നും അത് വെട്ടിച്ചുരുക്കേണ്ടതുണ്ടെന്നും ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
കമ്പനികളുടെ ആസ്തി മൂല്യം വെളിപ്പെടേണ്ടത് കൂടുതല്‍ മികച്ച മൂല്യനിര്‍ണയത്തിന് ആവശ്യമാണെന്നും സ്വകാര്യമേഖലക്ക് ഇവിടെ കൂടുതല്‍ സ്‌പേസ് അനുവദിക്കേണ്ടത് കമ്പനികളുടെ കാര്യക്ഷമമായ മാനേജ്‌മെന്റിന് അത്യന്താപേക്ഷിതമാണെന്നും നിതി ആയോഗ് കരുതുന്നു.