അദാനി ഗ്രൂപ്പ് ഓഹരികളില്‍ മുന്നേറ്റം, പുതിയ ചുവടുമായി പ്രമോട്ടര്‍മാര്‍
കഴിഞ്ഞ ആറ് മാസത്തില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിയുടമകള്‍ക്ക് നല്‍കിയത് 36% നേട്ടം, നിഫ്റ്റിയുടെ നേട്ടം 16 ശതമാനം മാത്രം
പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ ഇന്ന് കുതിപ്പില്‍. അദാനി എന്റര്‍പ്രൈസസ് ഓഹരി രാവിലെ 10.30ന് 1.56 ശതമാനം ഉയര്‍ന്ന് 2,559.05 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇത്പ്രകാരം കമ്പനിയുടെ മൊത്തം വിപണി മൂല്യം 2.91 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 36.38 ശതമാനം നേട്ടമാണ്. ഇക്കാലയളവില്‍ നിഫ്റ്റിയുടെ നേട്ടം 16.06 ശതമാനം മാത്രമാണ്.
ഇന്ത്യന്‍ വംശജനായ രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് കഴിഞ്ഞ മാസം അദാനി പോര്‍ട്‌സില്‍ 5.03 ശതമാനം ഓഹരികള്‍ ബള്‍ക്ക് ഡീല്‍ പ്രകാരം വാങ്ങിയിരുന്നു. ആഗസ്റ്റ് 16ന് അദാനി പവര്‍ ലിമിറ്റഡില്‍ 7.73 ശതമാനം ഓഹരികളും ജു.ക്യു.ജി വാങ്ങിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിലും ജി.ക്യു.ജിക്ക് നിക്ഷേപമുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷമാണ് ജി.ക്യു.ജി അദാനി ഓഹരികളിൽ നിക്ഷേപം ആരംഭിച്ചത്.
ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ടിലും പതറിയില്ല
സ്വന്തം കമ്പനികളില്‍ അദാനി തന്നെ രഹസ്യ നിക്ഷേപം നടത്തിയെന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിന്റെ (ഒ.സി.സി.ആര്‍.പി) റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷവും ഓഹരി മുന്നേറ്റം തുടരുകയാണ്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള വ്യാജ നിക്ഷേപക കമ്പനികള്‍ വഴി വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് കോടികളുടെ രഹസ്യ നിക്ഷേപം നടത്തിയെന്നായിരുന്നു അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തക കൂട്ടായ്മയായ ഒ.സി.സി.ആര്‍.പിയുടെ കണ്ടെത്തല്‍.