ഒരു ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് പ്രമോട്ടര്‍മാര്‍, ഒപ്പം കൂടാന്‍ അദാനിയും, നിക്ഷേപകര്‍ ആശങ്കപ്പെടണോ?

250 ലധികം കമ്പനികളുടെ പ്രൊമോട്ടർമാർ 97,000 കോടി രൂപയുടെ ഓഹരികള്‍ ബൾക്ക്, ബ്ലോക്ക് ഡീലുകളിലൂടെ വിറ്റഴിച്ചു

Update:2024-08-22 18:46 IST
share market adani

Image Courtesy: Canva

  • whatsapp icon

വിപണികൾ റെക്കോഡ് ഉയരത്തിനടുത്ത് വ്യാപാരം നടത്തുമ്പോൾ, ഇന്ത്യൻ കമ്പനികളുടെ പ്രൊമോട്ടർമാരും അവരുടെ ഓഹരിയുടെ ഒരു ഭാഗം പണമാക്കുകയാണ്. വിപണിയുടെ ഈ മൂല്യനിർണ്ണയങ്ങൾ സുസ്ഥിരമാണോയെന്ന് പ്രൊമോട്ടർമാർ ആശങ്കപ്പെടുന്നതിന്റെ സൂചനകൂടിയായിരിക്കാമിത്. പ്രമോട്ടർ വിൽപ്പന 2024 ൽ ഒരു ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്.

250 ലധികം കമ്പനികളുടെ പ്രൊമോട്ടർമാർ 97,000 കോടി രൂപയുടെ ഓഹരികളാണ് ബൾക്ക്, ബ്ലോക്ക് ഡീലുകളിലൂടെ വിറ്റഴിച്ചിരിക്കുന്നത്. കൂടാതെ ലിസ്റ്റഡ് കമ്പനികളുടെ പ്രൊമോട്ടർമാർ ഓഫർ ഫോർ സെയിൽ (OFS) വഴി 7,300 കോടി രൂപയുടെ ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്.

പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നു

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോൺ പി.എൽ.സിയുടെ ഇൻഡസ് ടവേഴ്‌സിലെ 15,300 കോടി രൂപയുടെ ഓഹരി വിൽപ്പനയായിരുന്നു ഏറ്റവും വലിയ ഇടപാട്. ഹിന്ദുസ്ഥാൻ സിങ്കിലെ 3,100 കോടി രൂപയുടെ 1.51 ശതമാനം ഓഹരി വേദാന്ത ഒ.എഫ്.എസ് വഴി പൂർത്തിയാക്കിയത് ഈയടുത്താണ്.

ഇൻഡിഗോ പ്രൊമോട്ടർമാർ എയർലൈനിന്റെ 10,150 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ടാറ്റ സൺസ് 9,300 കോടി രൂപയുടെ ടി.സി.എസ് ഓഹരികളും വിറ്റു. ഇവയാണ് പ്രമോട്ടര്‍മാര്‍ വിറ്റഴിച്ച പ്രധാന ഇടപാടുകള്‍.

വിറ്റഴിക്കലിന് ഒരുങ്ങി അദാനി ഗ്രൂപ്പും

വിപണിയുടെ ബുള്ളിഷ് വികാരം മുതലെടുക്കാൻ ഗൗതം അദാനിയും ശ്രമിക്കുന്നതായി സി.എൻ.ബി.സി ആവാസ് റിപ്പോർട്ട് ചെയ്യുന്നു. അദാനി പവറിന്റെയും അംബുജ സിമന്റ്സിന്റെയും 5 ശതമാനം വീതം ഓഹരികൾ വിൽക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എത്ര ശതമാനം ഓഹരികളാണ് വില്‍ക്കുന്നത് എന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

അദാനി ഗ്രൂപ്പിന്റ കടത്തിന്റ തോത് ഹിൻഡൻബർഗ് റിപ്പോർട്ട് ആശങ്കാജനകമായി ഉയർത്തിക്കാട്ടിയതിന് ശേഷം കടം കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനി തുടർച്ചയായി സ്വീകരിച്ചുവരികയാണ്. കടം മുൻകൂറായി അടയ്ക്കുന്നത് മുതൽ പ്രൊമോട്ടർ പണം കടം വാങ്ങുന്നതിന് ഈടായി നൽകിയ ഓഹരികൾ കുറയ്ക്കുന്നത് വരെയുളള നടപടികളാണ് ഗ്രൂപ്പ് സ്വീകരിക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായാണ് പുതിയ നീക്കം.

ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുക, മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയ പല കാരണങ്ങളാലാണ് പ്രൊമോട്ടർമാരും സ്ഥാപകരും വിറ്റഴിക്കല്‍ നടത്തുന്നത്. നിക്ഷേപകർ, മ്യൂച്വൽ ഫണ്ടുകള്‍, റീട്ടെയിൽ പങ്കാളികൾ തുടങ്ങിയവയില്‍ നിന്ന് ഓഹരി വിപണിയിലേക്ക് ശക്തമായ ഒഴുക്കുണ്ടായത് വലിയ ഓഹരി വിൽപ്പനയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

വിപണിയില്‍ ബുള്ളിഷ് വികാരം 

ഉയർന്ന മൂല്യത്തിൽ വ്യാപാരം നടത്താനുളള ഒരു ബുള്ളിഷ് വികാരം ഇന്ത്യൻ ഓഹരി വിപണികളെ നയിക്കുന്നുണ്ട്. ബുൾ വിപണിയില്‍ മൂല്യനിർണ്ണയം പലപ്പോഴും ഉയർന്നുവരുന്നത് പതിവാണ്. വിപണി തിരുത്തലുകൾക്ക് വിധേയമാകുന്നതിനു മുമ്പ് പ്രമോട്ടർമാർ പരമാവധി നേട്ടങ്ങൾ സ്വന്തമാക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഓഹരികള്‍ വിൽക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

കമ്പനികളുടെ മൂല്യനിർണയവും ഭാവിയിലെ വളർച്ചാ സാധ്യതയും അനുസരിച്ചാണ് ഓഹരി വിപണിയുടെ വളര്‍ച്ച തീരുമാനിക്കുന്നത് എന്നതിനാൽ പ്രൊമോട്ടർമാര്‍ ഓഹരി വിറ്റഴിക്കുന്നത് വിപണിയുടെ ഉയർച്ചയുടെ അടയാളമായി കാണാനാകില്ലെന്നും വീക്ഷണങ്ങളുണ്ട്.

Tags:    

Similar News