ഈ രണ്ട് ടാറ്റ ഓഹരികളില്‍ നിന്ന് രാകേഷ് ജുന്‍ജുന്‍വാല ഒറ്റ ദിവസം നേടിയത് 1125 കോടി രൂപ
ടൈറ്റന്‍ കമ്പനി 965 കോടി രൂപയും ടാറ്റ മോട്ടോഴ്‌സ് 160 കോടി രൂപയും നേട്ടം നല്‍കി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്‌സും ടൈറ്റന്‍ കമ്പനിയും കഴിഞ്ഞ ദിവസം നടത്തിയ മിന്നും പ്രകടനത്തില്‍ പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നേടിയത് 1125 കോടി രൂപ. വ്യാഴ്യാഴ്ചത്തെ ട്രേഡിംഗ് സെഷനില്‍ ടാറ്റന്‍ കമ്പനിയുടെ ഓഹരി വില 10 ശതമാനം വര്‍ധിച്ച് 2384.25 രൂപയിലും ടാറ്റ മോട്ടോഴ്‌സിന്റേത് 52 ആഴ്ചയിലെ ഉയരമായ 383 രൂപയിലും എത്തിയിരുന്നു. ഏകദേശം 12 ശതമാനം നേട്ടമാണ് ഈ കമ്പനി നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ടൈറ്റന്‍ കമ്പനിയില്‍ വന്‍നിക്ഷേപം നടത്തിയിരുന്നു. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 3,30,10,395 ഓഹരികളും ഭാര്യയ്ക്ക് 96,40,575 ഓഹരികളുമാണ് ഇരുവര്‍ക്കുമുള്ളത്.
ടാറ്റ മോട്ടോഴ്‌സില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 3,77,50,000 ഓഹരികളാണുള്ളത്.
ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില ഇന്നലെ 226.35 രൂപ കൂടിയതോടെ
രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും കൂടി ടൈറ്റന്‍ കമ്പനിയിലുള്ള 4,26,50,970 ഓഹരികളുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് 965 കോടി രൂപ വര്‍ധിച്ചു.
അതേ പോലെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ ഇന്നലെ 42.45 രൂപ കൂടിയതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ 160 കോടി രൂപയുടെ വര്‍ധനയും ഉണ്ടായി. ഇതോടെ അദ്ദേഹം ഈ രണ്ട് ഓഹരികളില്‍ നിന്നു മാത്രം നേടിയ നേട്ടം 1125 കോടി രൂപയായി.