ആര്‍.ബി.ഐ കണ്ണുരുട്ടുന്നു; ചര്‍ച്ചയായി സമീപകാല നടപടികള്‍
വീണ്ടും ഭ്രമം ക്രിപ്‌റ്റോ കറന്‍സികളിലേക്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)യുടെ സമീപകാല നടപടികള്‍ ധനകാര്യ മേഖലയില്‍ ചര്‍ച്ചാവിഷയമാണ്. ബാങ്കുകളും എന്‍.ബി.എഫ്.സികളും ഒക്കെ ഇപ്പോള്‍ തങ്ങള്‍ നിരീക്ഷണത്തിലാണെന്ന തോന്നലിലാണ്. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിലാണ് ഇതിന്റെ തുടക്കം. ഇടപാടുകാരെ അറിയുക (കെ.വൈ.സി) നിബന്ധനകള്‍ പാലിക്കാത്തതു മുതല്‍ വിദേശനാണ്യ ഇടപാടുകളിലെ ക്രമക്കേടുകള്‍ വരെ പല പ്രശ്‌നങ്ങള്‍ വന്നു. നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചപ്പോള്‍ ഇടപാടുകള്‍ വിലക്കുക എന്ന കടുത്ത നടപടിയിലേക്കു റിസര്‍വ് ബാങ്ക് നീങ്ങി. പേയ്‌മെന്റ്‌സ് ബാങ്കിന് നിക്ഷേപം സ്വീകരിക്കാനോ വായ്പ നല്‍കാനോ വോളറ്റ് ടോപ്അപ്പോ പറ്റില്ല.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സാണ് പിന്നീട് ആര്‍.ബി.ഐയുടെ നടപടി നേരിട്ടത്. അവരുടെ സ്വര്‍ണപ്പണയ വായ്പകളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടു. 18.9 ലക്ഷം വായ്പകള്‍ നല്‍കിയതില്‍ 82,000 എണ്ണം കിട്ടാക്കടമായി ലേലത്തിനു വെച്ചു. ആര്‍.ബി.ഐ ഓഡിറ്റ് നടത്തിയപ്പോള്‍ 55,000 വായ്പകളുടെ രേഖകളിലും ഈടുകളിലും പൊരുത്തക്കേട് കണ്ടു. സ്വര്‍ണത്തിന്റെ തൂക്കം, ശുദ്ധി, വില എന്നിവ നിര്‍ണയിക്കുന്നതില്‍ വലിയ പാകപ്പിഴകള്‍ ഉണ്ടായി. കമ്പനിയുടെ സ്വര്‍ണപ്പണയ വായ്പകള്‍ വിലക്കി. ഐ.ഐ.എഫ്.എല്ലിന്റെ സഹ വായ്പാ ദാതാക്കളായ ബാങ്കുകള്‍ക്കെതിരേ നടപടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉണ്ടാകില്ലെന്നു പറയാറായിട്ടില്ല.
ജെ.എം ഫിനാന്‍ഷ്യലിന്റെ താമസിയാതെ ഇടപാടുകളിലായി റിസര്‍വ് ബാങ്കിന്റെ നടപടി. ഐ.പി.ഒ നടക്കുമ്പോഴും ഡിബഞ്ചര്‍ ഇഷ്യു വരുമ്പോഴും അവര്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു വായ്പാ സൗകര്യം ക്രമീകരിച്ചിരുന്നു. അതിനായി വാങ്ങുന്ന മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) ദുരുപയോഗിക്കുന്നതടക്കം പല ക്രമക്കേടുകളും കണ്ടെത്തി. ഓഹരികളോ കടപ്പത്രങ്ങളോ ഈടായി സ്വീകരിച്ചു വായ്പ നല്‍കുന്നതില്‍ നിന്നു ജെ.എം ഫിനാന്‍ഷ്യലിനെ റിസര്‍വ് ബാങ്ക് വിലക്കി. ഓഹരി അലോട്ട് ചെയ്തു കിട്ടുമ്പോള്‍ ആദ്യദിനം തന്നെ മുഴുവനും വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സെബിയുടെയും ശ്രദ്ധയില്‍ പെട്ടു. ജെ.എം ഫിനാന്‍ഷ്യലിനെ മര്‍ച്ചന്റ് ബാങ്കിംഗില്‍ നിന്നു മാറ്റിനിര്‍ത്തുന്നതിലേക്കു സെബി എത്തി.
2018ല്‍ ഐ.എല്‍ ആന്‍ഡ് എഫ്.എസും ദിവാന്‍ ഹൗസിംഗും പൊളിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്ക് ഏറെ പഴി കേട്ടതാണ്. ആര്‍.ബി.ഐ എന്തു മേല്‍നോട്ടമാണു നടത്തുന്നതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. ഇപ്പോള്‍ ആര്‍.ബി.ഐ മേല്‍നോട്ടം വ്യാപിപ്പിക്കുന്നതോടൊപ്പം വിപരീത പ്രവണതകളെ മുളയിലേ നുള്ളാനും ശ്രമിക്കുകയാണ്. എന്‍.ബി.എഫ്.സികളുടെ മൂലധന പര്യാപ്തത ഉറപ്പാക്കാനും അവര്‍ നല്‍കുന്ന ഈടില്ലാത്ത വായ്പകളുടെ അനുപാതം പരിമിതപ്പെടുത്താനും മറ്റും കഴിഞ്ഞ വര്‍ഷം എടുത്ത നടപടികള്‍ ശ്രദ്ധേയമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടികള്‍. ആര്‍.ബി.ഐയുടെ ഈ പുതിയ മുഖം ധനകാര്യ മേഖലയില്‍ ശുദ്ധീകരണത്തിനു വഴി തെളിക്കുമെന്നു പ്രതീക്ഷിക്കാം.
വീണ്ടും ക്രിപ്റ്റോമാനിയ!
വീണ്ടും ഭ്രമം ക്രിപ്‌റ്റോ കറന്‍സികളിലേക്ക്. ജനുവരിയില്‍ ക്രിപ്‌റ്റോ ഇ.ടി.എഫുകള്‍ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) അനുവദിച്ചതിന്റെ തുടര്‍ച്ച. പ്രധാന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 69,210 ഡോളര്‍ എന്ന റെക്കോര്‍ഡും കുറിച്ചു. ഈഥര്‍, സൊലാനാ, കര്‍ഡാനോ തുടങ്ങിയ മറ്റു ക്രിപ്‌റ്റോ കറന്‍സികളും വലിയ കയറ്റത്തിലാണ്. വലിയ തോതില്‍ പണം ഇവയിലേക്ക് ഒഴുകുകയാണ്. മാര്‍ച്ച് ആറിന് 97,276 ഈഥര്‍ വാങ്ങാന്‍ പള്‍സ് എക്‌സ് എന്ന എക്‌സ്‌ചേഞ്ചിന്റെയും പള്‍സ് ചെയിന്‍ പ്രൊജക്റ്റിന്റെയും പ്രൊമോട്ടര്‍ റിച്ചാര്‍ഡ് ഹാര്‍ട്ട് 36.3 കോടി ഡോളര്‍ (3,010 കോടി രൂപ) ആണ് മുടക്കിയത്. ഒരുമാസം കൊണ്ടു മിക്ക ക്രിപ്‌റ്റോകളും 50 ശതമാനം ഉയര്‍ന്നു. ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണിമൂല്യം 2.7 ലക്ഷം കോടി ഡോളര്‍ കടന്നു. അതില്‍ പകുതി (1.32 ട്രില്യണ്‍ ഡോളര്‍) ബിറ്റ്കോയിനിന്റെ മൂല്യമാണ്.
ഇ.ടി.എഫ് അനുവദിച്ചതോടെ ക്രിപ്‌റ്റോകളിലെ നിക്ഷേപം നിയമസാധുത ഉള്ളതായി. അവയില്‍ പണമിറക്കാന്‍ ഭയം വേണ്ടെന്ന സാഹചര്യം വന്നു. ഒരു നിക്ഷേപ ആസ്തി എന്ന നിലയിലാണ് ഇപ്പോള്‍ ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോകളും കണക്കാക്കപ്പെടുന്നത്. 2021, 22 വര്‍ഷങ്ങളിലെ ക്രിപ്‌റ്റോ മാനിയയുടെ കാലത്ത് ഔദ്യോഗിക കറന്‍സികളെ അപ്രസക്തമാക്കാന്‍ വരുന്ന കറന്‍സി എന്നായിരുന്നു പ്രചരണം. അതു മാറി.
നിക്ഷേപം മാനിയയുടെ തലത്തിലേക്ക് ഉയരുമ്പോള്‍ പ്രലോഭനങ്ങള്‍ വര്‍ധിക്കും. പ്രവചനങ്ങള്‍ കൂടും. ഇപ്പോള്‍ 4,000 ഡോളറിനു താഴെ നില്‍ക്കുന്ന ഈഥര്‍ ഈവര്‍ഷം 10,000 കടക്കുമെന്ന് ബിറ്റ് വൈസ് എന്ന അസറ്റ് മാനേജ്‌മെന്റിലെ ക്രിപ്‌റ്റോ ഗവേഷകന്‍ യുവാന്‍ ലിയോണ്‍ മാര്‍ച്ച് ഏഴിനാണ് പറഞ്ഞത്. ജൂണില്‍ ബിറ്റ്കോയിന്‍ 2,07,000 ഡോളര്‍ കടക്കും എന്നാണ് ബിറ്റ്കോയിന്‍ ആര്‍ക്കൈവിലെ പേരു പറയാത്ത വിദഗ്ധന്‍ പറയുന്നത്. 2021ല്‍ ബിറ്റ്കോയിന്‍ 103 ദിവസം കൊണ്ടു മൂന്നു മടങ്ങ് വിലയില്‍ എത്തിയതു ചൂണ്ടിക്കാട്ടിയാണു പ്രവചനം. ടുലിപ് ചെടിയുടെ ഒരു വിത്തിന് ആംസ്റ്റര്‍ഡാമിലെ വലിയ ബംഗ്ലാവുകളേക്കാള്‍ വില വന്ന 17ാം നൂറ്റാണ്ടിലെ ഡച്ച് ടുലിപ് മാനിയയുടെ ചരിത്രം ഓര്‍മിക്കാന്‍ വീണ്ടും സമയമായി. 15 വര്‍ഷത്തിനിടയില്‍ നാലു തവണ 75 ശതമാനമോ അതില്‍ കൂടുതലോ വിലയിടിവ് ബിറ്റ്കോയിന് ഉണ്ടായി എന്ന സമീപകാല ചരിത്രവും ഓര്‍മിക്കാവുന്നതാണ്.
കുതിക്കുന്ന സ്വര്‍ണ വില
കാടത്തത്തിന്റെ ശേഷിപ്പ് എന്നാണ് ചിലര്‍ സ്വര്‍ണത്തെ വിശേഷിപ്പിക്കുന്നത്. എങ്കിലും ആയിരക്കണക്കിനു വര്‍ഷങ്ങളായി സ്വര്‍ണം സമ്പാദ്യം എന്ന നിലയിലും ആഭരണം എന്ന നിലയിലും മാനവരാശിയെ ആകര്‍ഷിച്ചു പോരുന്നു. ഇപ്പോള്‍ വീണ്ടും റെക്കോര്‍ഡ് ഉയരങ്ങളിലൂടെ സ്വര്‍ണം സഞ്ചരിക്കുമ്പോള്‍ പതിവു ചോദ്യങ്ങള്‍ സ്വാഭാവികം. ഈ പോക്ക് എവിടെ വരെ? ഈ വിലയിലെ നിക്ഷേപം ലാഭകരമാകുമോ? വില ഇനി കുറയുമോ?
സ്വര്‍ണം ഔണ്‍സിനു 2,100 ഡോളര്‍ കടക്കും എന്നു പറയാന്‍ ഒരുമാസം മുമ്പ് പോലും മിക്കവര്‍ക്കും മടിയായിരുന്നു. നിക്ഷേപ ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സ് ഫെബ്രുവരി 24നു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറയുന്നത്: 'കേന്ദ്ര ബാങ്കുകള്‍ വാങ്ങല്‍ കൂട്ടിയതും റീറ്റെയ്ല്‍ വാങ്ങലുകാര്‍ സജീവമായതും സ്വര്‍ണവിലയെ ഉയര്‍ത്തും. 12 മാസത്തിനകം വില ആറു ശതമാനം കയറി ഔണ്‍സിന് 2,175 ഡോളര്‍ ആകും.' മാര്‍ച്ച് ഏഴിനു യു.എസ് മാര്‍ക്കറ്റില്‍ സ്‌പോട്ട് വില 2,164 ഡോളറും ഏപ്രില്‍ അവധി വില 2,172 ഡോളറും. അതാണ് പ്രവചനങ്ങളുടെ ഗതി. 2029ല്‍ സ്വര്‍ണം ഔണ്‍സിന് 3,000 ഡോളര്‍ എത്താം എന്ന പ്രവചനത്തെയും അങ്ങനെ കണ്ടാല്‍ മതി.
മാര്‍ച്ച് ആരംഭത്തിലെ വിലക്കുതിപ്പിനു പല കാരണങ്ങള്‍ ഉണ്ട് :
- യു.എസിലും യൂറോപ്പിലും ഈ വര്‍ഷം രണ്ടാം പകുതിയില്‍ പലിശ നിരക്കു കുറയും. 22 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ നിന്നു പലിശ താഴുമ്പോള്‍ കടപ്പത്രങ്ങളില്‍ നിന്ന് പിന്മാറുന്ന നിക്ഷേപത്തില്‍ ഒരുഭാഗം സ്വര്‍ണത്തില്‍ എത്തും.
- പലിശ കുറയുന്നതു ഡോളര്‍ വില കുറയ്ക്കും. മാര്‍ച്ച് ആദ്യവാരം മാത്രം ഡോളര്‍ സൂചിക 1.5 ശതമാനം ഇടിഞ്ഞു. സ്വര്‍ണം 5.6 ശതമാനം കയറുകയും ചെയ്തു.
- കേന്ദ്ര ബാങ്കുകള്‍ (ചൈനയും ഇന്ത്യയും അടക്കം) കൂടുതല്‍ സ്വര്‍ണം വാങ്ങുന്നു.
- സാമ്പത്തിക വളര്‍ച്ച കൂടുന്നത് ആഭരണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
മാര്‍ച്ച് ആരംഭത്തിലെ വിലക്കയറ്റം ആദ്യത്തെ ആവേശം കഴിയുമ്പോള്‍ നിലയ്ക്കും. ചെറിയ താഴ്ചയും പ്രതീക്ഷിക്കാം. യൂറോപ്യന്‍ കേന്ദ്ര ബാങ്കും യു.എസ് ഫെഡും പലിശ കുറച്ചു തുടങ്ങുമ്പോള്‍ വീണ്ടും ഒരു കുതിപ്പ് പ്രതീക്ഷിക്കാം. അതു ജൂണിലും ജൂലൈയിലും ആകാനാണു സാധ്യത. വലിയ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ (യുദ്ധവും മറ്റും) ഉടലെടുത്താല്‍ അപ്രതീക്ഷിത കയറ്റം ഉണ്ടാകും. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാല ലക്ഷ്യം വെച്ചാകണം. അപ്പോള്‍ വില നോക്കേണ്ടതില്ല. ഹ്രസ്വ- മധ്യകാല ലക്ഷ്യങ്ങള്‍ ഉള്ളവര്‍ക്ക് സ്വര്‍ണ നിക്ഷേപം ചൂതാട്ടമാകും. മൊത്തം നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിനു ചെറിയ വിഹിതമേ ഉണ്ടാകാവൂ എന്ന സാമാന്യ തത്വം വിസ്മരിക്കാതിരിക്കുക.
സൂചികകളുടെ മുന്നേറ്റത്തിന് പിറകില്‍
ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 40,000 തൊടാന്‍ ഒരുങ്ങുന്നു. എസ് ആന്‍ഡ് പി 500 സര്‍വകാല റെക്കോര്‍ഡില്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 16,309 എന്ന റെക്കോര്‍ഡ് കുറിച്ചു. സ്റ്റോക്‌സ് യൂറോപ്പ് 600 റെക്കോര്‍ഡില്‍. ജപ്പാനില്‍ നിക്കൈ 225 ആദ്യമായി 40,000 കടന്നു. ഇന്ത്യയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആഴ്ചകളായി റെക്കോര്‍ഡ് തിരുത്തിയിരുന്നു.
സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉണ്ട്. എന്തു കൊണ്ട് ഈ കയറ്റം? ഇതു നിലനില്‍ക്കുമോ? ഈ വര്‍ഷവും വലിയ രാജ്യങ്ങള്‍ വളര്‍ച്ച മെച്ചപ്പെടുത്തുമെന്ന നിലയാണുള്ളത്. പലിശ താമസിയാതെ കുറഞ്ഞു തുടങ്ങും. അതു വ്യവസായങ്ങളെയും മൂലധന നിക്ഷേപത്തെയും സഹായിക്കും. നിര്‍മിതബുദ്ധി പോലുള്ള ആവിഷ്‌കാരങ്ങള്‍ വളര്‍ച്ചയ്ക്കു പുതിയ വഴികള്‍ തുറക്കുകയാണ്. സ്വാഭാവികമായും കമ്പനികള്‍ കൂടുതല്‍ വ്യാപാരം നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കും എന്ന വിശ്വാസം വന്നു. അതാണ് വിപണികളെ ഉയര്‍ത്തിയത്. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ അശുഭപ്രവചനങ്ങള്‍ തള്ളിക്കളയുകയാണു വിപണികള്‍. ആശങ്കകള്‍ പെരുപ്പിച്ചു കാണിച്ച് മാന്ദ്യഭീതി വളര്‍ത്തിയവര്‍ക്ക് തിരിച്ചടി.