ആദ്യം പൂട്ടിച്ചു, പിന്നെ അയഞ്ഞു; കറന്‍സി അവധി വ്യാപാരത്തില്‍ മലക്കം മറിഞ്ഞ് റിസര്‍വ് ബാങ്ക്

ആര്‍.ബി.ഐയുടെ തുടര്‍ച്ചയായ കൈകടത്തലുകള്‍ക്കെതിരെ നിക്ഷേപകരും ബ്രോക്കറേജുകളും

Update:2024-04-06 18:49 IST

റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ നിർദ്ദേശത്തിലെ വ്യക്തതക്കുറവ് മൂലം കറന്‍സി ഡെറിവേറ്റീവ്‌സ് വിഭാഗത്തിലെ ട്രേഡര്‍മാരെ സംബന്ധിച്ച് ആശയക്കുഴപ്പത്തിന്റെ ഒരാഴ്ചയായിരുന്നു കടന്നു പോയത്. വ്യക്തമായ നിര്‍ദേശം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാത്തതുമൂലം ഫോറെക്‌സ് ട്രേഡര്‍മാര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നത് നോക്കാം.

റിസര്‍വ് ബാങ്കിന്റെ നിർദ്ദേശം 

ജനുവരി അഞ്ചിനാണ് റിസര്‍വ് ബാങ്ക് കറന്‍സി ഡെറിവേറ്റീവ്‌സ് വിഭാഗത്തില്‍ പുതിയ നിർദ്ദേശങ്ങള്‍ കൊണ്ടുവന്നതായി സര്‍ക്കുലര്‍ ഇറക്കിയത്. കറന്‍സി ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളിലേര്‍പ്പെടുന്ന ചെറുകിട നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളും വിദേശനാണ്യ വിനിമയത്തെ കുറിച്ചുള്ള തെളിവ് നല്‍കണമെന്നായിരുന്നു സര്‍ക്കുലറില്‍ നിന്ന് ആദ്യം മനസിലാക്കിയത്. അതായത് കറന്‍സി വ്യതിയാനത്തിലൂടെയുണ്ടാകുന്ന നഷ്ടത്തെ ഹെഡ്ജ് ചെയ്യേണ്ട ആവശ്യമുള്ളവര്‍ക്ക് മാത്രം കറന്‍സി ഡെറിവേറ്റീവ് വിപണിയിൽ പങ്കെടുക്കാം. നിലവിലുണ്ടായിരുന്ന സമ്പ്രദായത്തില്‍ ഒരു വലിയ മാറ്റമാണ് ഇതുകൊണ്ടുവന്നത്. ഊഹക്കച്ചവടക്കാര്‍ക്ക് ഈ സെഗ്മെന്റില്‍ വ്യാപാരം നടത്താന്‍ അനുമതിയുണ്ടാകില്ല.

നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ചായിരുന്നു നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് എക്‌സ്‌ചേഞ്ചുകള്‍ ഇത് സംബന്ധിച്ച അറിയിപ്പ് ബ്രോക്കറേജുകള്‍ക്ക് നല്‍കി. തുടര്‍ന്ന് ബ്രോക്കറേജുകള്‍ ഫോറിന്‍ കറന്‍സി ഇടപാടുകളില്ലാത്ത, കറന്‍സി ഡെറിവേറ്റീവ്‌സില്‍ പോസിഷനെടുത്തിട്ടുള്ള ക്ലയന്റുകളോട് ഏപ്രില്‍ അഞ്ചിനു മുമ്പ് അത് വിളിക്കണമെന്ന്  കാണിച്ച് നോട്ടീസ് നല്‍കി. ഭാവിയില്‍ കറന്‍സി ഡെറിവേറ്റീവ്‌സില്‍ ട്രേഡ് ചെയ്യണമെന്നുണ്ടെങ്കില്‍ വിദേശനാണ്യ ഇടപാടുണ്ടെന്ന് സത്യവാങ് മൂലം നല്‍കണമെന്നും അറിയിച്ചു.

നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍

''സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചെറുകിട ട്രേഡര്‍മാരുടെ കറന്‍സി ഡെറിവേറ്റീവ്സ് വ്യാപാരത്തിന്റെ അന്ത്യ''മാണിതെന്നാണ്‌ ആര്‍.ബി.ഐയുടെ നടപടിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജുകളിലാന്നായ സീറോധയുടെ സ്ഥാപകനായ നിതിന്‍ കാമത്ത് ട്വിറ്ററില്‍ (X) കുറിച്ചത്.



കറന്‍സി ഡെറിവേറ്റീവ്‌സ് വിഭാഗത്തില്‍ ഊഹക്കച്ചവടക്കാരെ അനുവദിച്ചില്ലെങ്കില്‍ മാര്‍ക്കറ്റിന്റെ ആഴവും പരപ്പും അളക്കാനാകില്ലെന്നും പ്രൈസ് ഡിസ്‌കവറി മെക്കാനിസം ദുര്‍ബലമാകുമെന്നും മറ്റ് വിപണി നിരീക്ഷകരും ചൂണ്ടിക്കാട്ടി. പ്രതിദിനം അഞ്ച് ബില്യണ്‍ ഡോളറിന്റെ (40,000 കോടി രൂപ) വ്യാപാരമാണ് കറന്‍സി ഡെറിവേറ്റീവ്‌സില്‍ നടക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 70 ശതമാനവും നടത്തുന്നത് ഊഹക്കച്ചവടക്കാരാണ്.

പൊസിഷന്‍ വിൽക്കാൻ തിരക്ക്

ഫോറിന്‍ എക്‌സ്‌ചേഞ്ച് എക്‌സ്‌പോഷറില്ലാത്ത ഇടപാടുകാർ ഏപ്രില്‍ അഞ്ചിനു മുമ്പ് നിലവിലുള്ള പൊസിഷന്‍ വിൽക്കണമെന്ന് അറിയിച്ചതോടെ വിപണി തകിടം മറിഞ്ഞു. പൊസിഷനില്‍ നിന്ന് പുറത്തുകിടക്കാനായി കിട്ടി നിരക്കുകളില്‍ കോണ്‍ട്രാക്ട് വില്‍പ്പന നടത്തിയതോടെ ലക്ഷക്കണക്കിനു രൂപയുടെ സമ്പത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായി.

എന്നാല്‍ ഏപ്രില്‍ നാലിന് വൈകുന്നേരം റിസര്‍വ് ബാങ്ക് കറന്‍സി ഡെറിവേറ്റീവ് നിയന്ത്രണത്തിനുള്ള തീയതി മേയ് മൂന്നിലേക്ക് നീട്ടി. പക്ഷെ അപ്പോഴേയ്ക്കും നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചുകഴിഞ്ഞിരുന്നു. ഇതോടൊപ്പം ആര്‍.ബി.ഐ പുതിയ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തു. അതായത് ചെറകിട നിക്ഷേപകര്‍ കറന്‍സി ഡെറിവേറ്റീവ്‌സില്‍ പങ്കെടുക്കണമെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് എക്‌സ്‌പോഷര്‍ കാണിക്കേണ്ടെന്നും ആര്‍.ബി.ഐ ആവശ്യപ്പെടുന്നപക്ഷം എക്‌സ്‌പോഷറിനെ കുറിച്ച് തെളിവ് ഹാജരാക്കിയാല്‍ മതിയെന്നുമായിരുന്നു ആര്‍.ബി.ഐ വ്യക്തമാക്കിയത്.

ചെറുകിടക്കാര്‍ക്ക് പങ്കെടുക്കാമോ?

ആര്‍.ബി.ഐയുടെ നിര്‍ദേശമനുസരിച്ച് വിദേശ കറന്‍സി റിസ്‌ക് ഉള്ളവര്‍ മാത്രമേ കറന്‍സി ഡെറിവേറ്റീവ്‌സില്‍ പങ്കെടുക്കാവു. അല്ലെങ്കില്‍ വിദേശനാണ്യ വിനിമയ ലംഘന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കേസെടുത്ത് അന്വേഷിക്കുകയും കുറ്റം ചുമത്തുകയും ചെയ്തേക്കാം. എന്നാല്‍ ഇതുസംബന്ധിച്ച നിയമചട്ടക്കൂട് പഴയപടി നിലനിറുത്തുമന്നും ആര്‍.ബി.ഐയുടെ നയപരമായ സമീപനത്തില്‍ മാറ്റമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക വിദഗ്ധനും ക്യാപിറ്റല്‍ മൈന്‍ഡിന്റെ സ്ഥാപകനുമായ ദീപക് ഷേണായി ട്വിറ്ററില്‍ കുറിച്ചത്

'കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തില്‍ ചെറുകിട നിക്ഷേപകര്‍ ട്രേഡ് ചെയ്യുമ്പോള്‍ അവര്‍ അറിഞ്ഞിരിക്കണം അവരുടെ വിദേശ കറന്‍സി എക്‌സ്‌പോഷറിനെ കുറിച്ച് ഇ.ഡി തെളിവ് ചോദിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന്. ദൗര്‍ഭാഗ്യവശാല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ലംഘിംക്കപ്പെട്ടാല്‍ നമ്മെ ക്രിമിനലുകളാക്കി മാറ്റാവുന്ന നിരവധി നിയമങ്ങള്‍ ഇവിടുണ്ട്. നിലവിലുള്ള ഫെമ നിയമങ്ങള്‍ പരിഷ്‌കരിക്കുക മാത്രമാണ് ഇതിനൊരു പോംവഴി.

റിസര്‍വ് ബാങ്കും എക്‌സ്‌ചേഞ്ചുകളും തമ്മിൽ വ്യക്തമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാനും മികച്ച രീതിയില്‍ ഇത് കൈകാര്യം ചെയ്യാനുമാകുമായിരുന്നെന്നാണ് വിപണിയുമായി ബന്ധപ്പെട്ട മറ്റുള്ളവരും പറയുന്നത്.

ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേയ്ടിഎമ്മിന്റെ വലിയൊരു ഭാഗം ബിസിനസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരുമാസം പിന്നിടുമ്പോഴാണ് ആര്‍.ബി.ഐയുടെ അപ്രതീക്ഷിതമായ പുതിയ നീക്കം. ആര്‍.ബി.ഐ ഇടപെടല്‍ മൂലം പേയ്ടിഎമ്മിന്റെ ഓഹരികള്‍ 58 ശതമാനം വരെ ഇടിഞ്ഞിരുന്നു.

Tags:    

Similar News