റിപ്പോ നിരക്ക് കൂട്ടാതെ റിസര്‍വ് ബാങ്ക്; അപ്രതീക്ഷിത നടപടിയിൽ വിപണി ഉയർന്നു

നിരക്കുകൾ മാറ്റാത്ത പണനയം ഓഹരി വിപണിയെ സന്താേഷിപ്പിച്ചു. വിപണി കുതിച്ചുയർന്നു. അതേസമയം രൂപ ദുർബലമായി

Update: 2023-04-06 05:20 GMT

Image : Canva 

റീപോ നിരക്ക് കാൽ ശതമാനം ഉയർത്തും എന്ന നിഗമനത്തിലായിരുന്നു വിപണി. അതു കണക്കാക്കി സൂചികകൾ രാവിലെ താഴ്ന്നു. എന്നാൽ പണനയ കമ്മിറ്റി നിരക്കു മാറ്റേണ്ടെന്ന് ഏകകണ്ഠമായി തീരുമാനിച്ചു എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞതോടെ വിപണി ഗതിതിരിച്ചു. മുഖ്യ സൂചികകളും ബാങ്ക് നിഫ്റ്റിയും ലാഭത്തിലേക്കു മാറി.

റീപോ നിരക്കിനൊപ്പം മറ്റു നിർണായക നിരക്കുകളും മാറ്റമില്ലാതെ തുടരുന്നു. ആവശ്യമായ സമയത്തു വേണ്ടി വന്നാൽ നിരക്ക് മാറ്റുമെന്ന് ഗവർണർ ദാസ് പറഞ്ഞു.

2023 - 24 ലെ വളർച്ച പ്രതീക്ഷ 6.5 ശതമാനമായി റിസർവ് ബാങ്ക് താഴ്ത്തി. ഏഴു ശതമാനമാണു ഗവണ്മെന്റ് പറഞ്ഞിരുന്നത്. വളർച്ച കുറയും എന്ന ലോക ബാങ്ക്, ഐഎംഎഫ് വിലയിരുത്തലിലേക്കു റിസർവ് ബാങ്കും മാറി.

മാന്ദ്യഭീതി ഇന്നലെയും ഇന്നും വിദേശ വിപണികളെ താഴ്ചയിലേക്കു നയിച്ചു. അവയുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണിയും രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങി. പണനയ പ്രഖ്യാപനം തുടങ്ങുമ്പോൾ നിഫ്റ്റി 40- ഉം സെൻസെക്സ് 120 -ഉം പോയിന്റ് താഴ്ചയിലായിരുന്നു. ബാങ്ക് നിഫ്റ്റി 120 പോയിന്റ് താണു നിന്നു. അവിടെ നിന്നാണു ലാഭത്തിലേക്കു മാറിയത്. പ്രഖ്യാപനം കഴിഞ്ഞപ്പോൾ നിഫ്റ്റി 65 - ഉം സെൻസെക്സ് 155 - ഉം പോയിന്റ് നേട്ടത്തിലായി. പിന്നീടു നേട്ടം കുറഞ്ഞു. ബാങ്ക് നിഫ്റ്റി 150 പോയിന്റ് കയറ്റത്തിലായി.

രൂപ മെച്ചപ്പെട്ടു 

രൂപ ഇന്നും തുടക്കത്തിൽ നില മെച്ചപ്പെടുത്തി. ഡോളർ എഴു പെെസ നഷ്ടത്തിൽ 81.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.87 രൂപയിലേക്കു താണു. എന്നാൽ നിരക്കു മാറ്റാത്ത പണനയം വന്നപ്പാേൾ ഡോളർ 82.03 രൂപ വരെ കയറി. പിന്നീട് 81.98 രൂപയിലേക്കു താണു. നിരക്ക് വർധിപ്പിക്കാത്തതു വിവേകപൂർവമാണോ എന്ന ചോദ്യം ഉയർത്തുന്നതാണു രൂപയുടെ പെട്ടെന്നുള്ള വീഴ്ച.

സ്വർണം ലോക വിപണിയിൽ 2010 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 44,720 രൂപ ആയി. 

Tags:    

Similar News