റിസര്‍വ് ബാങ്കിന്റെ നടപടിക്കിടയിലും കുതിച്ചു കയറി ധനലക്ഷ്മി ബാങ്ക് ഓഹരി
കഴിഞ്ഞയാഴ്ചത്തെ അവസാന വ്യാപാരദിനത്തിലും മുന്നേറ്റത്തിലായിരുന്നു ഓഹരി
വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് 1.20 കോടി രൂപ പിഴ ചുമത്തിയ തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്ന് കുതിച്ചു കയറി. 17 ശതമാനത്തിലധം ഉയര്‍ന്ന ഓഹരി 42 രൂപയ്ക്കു മുകളിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞയാഴ്ചത്തെ അവസാന വ്യാപാര ദിനത്തിലും ഓഹരി ഉയര്‍ച്ചയിലായിരുന്നു. ഇന്ന് ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും പിന്നിട്ടു.
സ്വര്‍ണവായ്പകള്‍ നല്‍കുന്നതിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭ്യമാക്കുന്നതിലുമടക്കമുള്ള കാര്യങ്ങളില്‍ ധനലക്ഷ്മി ബാങ്ക് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് പിഴ ചുമത്തിയത്. 2022 മാര്‍ച്ച് വരെ പരിശോധന നടത്തിയ കണക്കുകളിലാണ് നിയമലംഘനം കണ്ടെത്തിയത്.
പ്രധാന വീഴ്ചകള്‍
കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുള്ള സ്വർണ വായ്പകളിൽ പണയം വെച്ച സ്വര്‍ണാഭരണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനത്തിലധികം തുക വായ്പ അനുവദിച്ചതടക്കം പല വീഴ്ചകളാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ചില സ്ഥിര നിക്ഷേപങ്ങള്‍ക്ക് അത് നല്‍കിയിട്ടില്ല. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും വീഴ്ചയുണ്ട്. പലതിലും പാന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ഫോം 60 പൂരിപ്പിക്കുകയോ ചെയ്തില്ല. ചില ഉപഭോക്താക്കള്‍ക്ക് ഒറ്റ കോഡ് നല്‍കുന്നതിന് പകരം ഒന്നിലധികം ഉപഭോക്തൃ തിരിച്ചറിയല്‍ കോഡുകള്‍ നല്‍കിയതായും കണ്ടെത്തി.
ഇത്തരം മാനദണ്ഡ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ധനലക്ഷ്മി ബാങ്കിന് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ കേട്ട ശേഷമായിരുന്നു വിധി പ്രഖ്യാപനം. ബാങ്കിംഗ് റഗുലേഷന്‍ നിയമ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഓഹരിയുടെ മുന്നേറ്റം
കഴിഞ്ഞ ഒരാഴ്ചയിക്കിടെ 38 ശതമാനത്തിലധികമാണ് ധനലക്ഷ്മി ഓഹരികളിലുണ്ടായ ഉയര്‍ച്ച. ഒരു വര്‍ഷക്കാലയളവില്‍ 113 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 194 ശതമാനവും നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. 2010ല്‍ 190 രൂപയ്ക്ക് മുകളിലെത്തിയ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കൂപ്പുകുത്തുകയായിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപയാണ് ധനലക്ഷ്മി ബാങ്കിന്റെ ലാഭം. ബാങ്കിന്റെ മൊത്ത വരുമാനം 327.43 കോടി രൂപയാണ്. മൊത്തം ബിസിനസ് 10.03 ശതമാനം വളര്‍ച്ചയോടെ 24,127 കോടി രൂപയുമായി.