പെട്രോള്‍ വില ഉയരുന്നു, ഓഹരി വിപണി നഷ്ടത്തില്‍

Update: 2018-09-17 12:19 GMT

രാജ്യത്തെ പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുകയാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.44 രൂപയായി ഉയര്‍ന്നു. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് പെട്രോള്‍ വില 85.24 രൂപയായും ഡീസല്‍ വില 78.98 രൂപയായും ഉയര്‍ന്നു.

ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവ കാരണം ആഴ്ചയിലെ ആദ്യദിനമായ ഇന്ന് ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 505.13 പോയിന്റും നിഫ്റ്റി 137.45 പോയിന്റും ഇടിവാണ് രേഖപ്പെടുത്തിയത്.

വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വാങ്ങുന്നതും വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഉണ്ടാകാനിടയുള്ള കുറവ്, അമേരിക്ക-ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് സൃഷ്ടിക്കുന്ന അനിശ്ഛിതാവസ്ഥ തുടങ്ങിയ ഘടകങ്ങളെല്ലാം വിപണിയെ പിടിച്ചുലക്കുകയാണ്.

രൂപയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിപണിക്ക് തുണയായില്ല. കറന്റ് എക്കൗണ്ട് കമ്മിയിലെ വര്‍ദ്ധനവാണ് മറ്റൊരു പ്രശ്‌നം. ഇതിലേക്കായി അനാവശ്യ ഇറക്കുമതികള്‍ കുറക്കാനും പകരം കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞയാഴ്ച കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ വില്‍പന സമ്മര്‍ദ്ദം ഏറിയതോടെ ഇന്ന്് വിപണി കൂപ്പുകുത്തുകയുണ്ടായി.

Similar News