രുചി സോയ ഇന്‍ഡസ്ട്രീസിന്റെ എഫ്പിഒ ഇന്നുമുതല്‍, വിവരങ്ങളിതാ
615-650 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ്
രുചി സോയയുടെ 1,290 കോടി രൂപയുടെ എഫ്പിഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ്) ഇന്നുമുതല്‍ മാര്‍ച്ച് 28 വരെയായി നടക്കും. ഒരു ഓഹരിക്ക് 615-650 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് എഫ്പിഒ. ഇഷ്യൂ വില ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 897 രൂപയേക്കാള്‍ 27-32 ശതമാനം കുറവാണ്. 19.83 ദശലക്ഷം ഓഹരികളാണ് എഫ്പിഒയിലൂടെ കൈമാറാനൊരുങ്ങുന്നത്. ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ ലഭിക്കുന്ന വരുമാനം കമ്പനിയുടെ കടം വീട്ടാന്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രുചി സോയയിലെ 98.9 ശതമാനം ഓഹരികളും ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ കൈവശമാണ്. എഫ്പിഒയിലൂടെ പതഞ്ജലിയുടെ ഓഹരി പങ്കാളിത്തം 81 ശതമാനമായി കുറയുകയും പൊതു ഓഹരി പങ്കാളിത്തം 19 ശതമാനമാവുകയും ചെയ്യും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 ശതമാനത്തിന്റെ നേട്ടമാണ് രുചി സോയ ഇന്‍ഡസ്ട്രീസ് വിപണിയില്‍ നേടിയത്. എന്നിരുന്നാലും സ്റ്റോക്ക് തിങ്കളാഴ്ച 10 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാള്‍ 35 ശതമാനം കുറവില്‍ എഫ്പിഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചതാണ് ഓഹരി വില ഇടിയാന്‍ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ നിര്‍മ്മാതാവാണ് രുചി സോയ. 2019 ലാണ് ഈ കമ്പനിയെ പതഞ്ജലി ആയുര്‍വേദ ഏറ്റെടുത്തത്.