സാഹ് പോളിമേഴ്‌സ് ഐപിഒ, അറിയേണ്ടതെല്ലാം

61-65 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്

Update: 2022-12-28 06:33 GMT

സാഹ് പോളിമേഴ്‌സിന്റെ (Sah Polymers Limited) പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഡിസംബര്‍ 30ന് ആരംഭിക്കും. 2023 ജനുവരി നാലുവരെയാണ് ഐപിഒ. രാജസ്ഥാനിലെ ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാഹ് പോളിമേഴ്‌സ്. 66.3 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 10.2 ദശലക്ഷം ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്.

61-65 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. 10 രൂപയാണ് ഓഹരികളുടെ മുഖവില. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 230 ഓഹരികള്‍ അടങ്ങിയ ലോട്ടുകള്‍ മുതല്‍ അപേക്ഷിക്കാം. 10 ശതമാനത്തിന് താഴെ ഓഹരികളാണ് റിട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ജനുവരി 12ന് ഓഹരികള്‍ വിപണികളില്‍ ലിസ്റ്റ് ചെയ്യും.

പോളിപ്രൊഫൈലിന്‍ (പിപി), ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍ (എച്ച്ഡിപിഇ), ഫ്ലെക്സിബിള്‍ ഇന്റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്നറുകള്‍ (എഫ്ഐബിസി) ബാഗുകള്‍, എച്ച്ഡിപിഇ/പിപി തുണിത്തരങ്ങള്‍, പോളിമര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് സാഹ് പോളിമേഴ്സ് പ്രവര്‍ത്തിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 80.51 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്. 4.37 കോടിയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷം 2022 ജൂണ്‍വരെയുള്ള കണക്കുകള്‍ പ്രകാരം 1.25 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുള്ളത്. 75.35 കോടിയുടേതാണ് ആകെ ആസ്തികള്‍.

Tags:    

Similar News