ശമ്പളപരിഷ്‌കരണത്തില്‍ തട്ടി എസ്.ബി.ഐയുടെ ലാഭം ഇടിഞ്ഞു; പലിശ വരുമാനം ₹1.05 ലക്ഷം കോടി
കിട്ടാക്കടം താഴേക്ക്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്.ബി.ഐ നടപ്പുവര്‍ഷം (2023-24) ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത് 35 ശതമാനം നഷ്ടത്തോടെ 9,164 കോടി രൂപയുടെ ലാഭം. 12,900 കോടി രൂപയെങ്കിലും ലാഭം ബാങ്ക് നേടുമെന്നായിരുന്നു നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തെ തുടര്‍ന്ന് 7,100 കോടി രൂപയുടെ അധികബാധ്യത വന്നത് ബാങ്കിന്റെ ലാഭത്തെ കഴിഞ്ഞപാദത്തില്‍ ബാധിച്ചു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 14,205.34 കോടി രൂപയായിരുന്നു.
കഴിഞ്ഞപാദത്തില്‍ മൊത്തം 1.05 ലക്ഷം കോടി രൂപയാണ് ബാങ്ക് പലിശയിനത്തില്‍ നേടിയത്. എന്നാല്‍, ഇതിലെ 66,918 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി (നിക്ഷേപപ്പലിശ). അതായത്, വായ്പാപ്പലിശ ഇനത്തില്‍ ബാങ്ക് നേടിയ വരുമാനം 38,816 കോടി രൂപയാണ് (NII). അറ്റ പലിശ വരുമാനത്തില്‍ (NII/net interest income) 4.59 ശതമാനം വളര്‍ച്ചയുണ്ട്.
9 മാസത്തെ ലാഭം 40,378 കോടി
നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 20.40 ശതമാനം വര്‍ധനയോടെ 40,378 കോടി രൂപയുടെ ലാഭമാണ് എസ്.ബി.ഐ നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 33,538 കോടി രൂപയില്‍ നിന്നാണ് കുതിപ്പ്. അറ്റ പലിശ മാര്‍ജിന്‍ (NIM) ഇക്കാലയളവില്‍ നേരിയതോതില്‍ താഴ്ന്ന് 3.28 ശതമാനമായി.
ബാങ്കിന്റെ മൊത്തം വായ്പകള്‍ 14.38 ശതമാനവും നിക്ഷേപങ്ങള്‍ 13.02 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 41.18 ശതമാനമാണ് കാസ റേഷ്യോ (CASA Ratio).
കിട്ടാക്കടം കുറയുന്നു
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 0.72 ശതമാനം താഴ്ന്ന് 2.42 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.13 ശതമാനം കുറഞ്ഞ് 0.64 ശതമാനവുമായി. 13.05 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (CAR). ഇന്നലെ 0.31 ശതമാനം നേട്ടവുമായി 649.65 രൂപയിലാണ് എസ്.ബി.ഐ ഓഹരിയുള്ളത്. 5.79 ലക്ഷം കോടി രൂപയാണ് എസ്.ബി.ഐയുടെ വിപണിമൂല്യം.