ഓഹരി വിറ്റഴിക്കല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ അടക്കം മൂന്ന് സ്ഥാപനങ്ങള്‍ക്കൂടി
2022-23 ബജറ്റില്‍ 65,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത
മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂടി 2022-23 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കും. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബിഇഎംഎല്‍, ബിപിസിഎല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രാരംഭ ഓഹരി വില്‍പ്പനയാണ് (ഐപിഒ) അടുത്ത സാമ്പത്തിക വര്‍ഷം നടക്കുക. നേരത്തെ ഇക്കാലയളവില്‍ എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അടക്കം മൂന്ന് സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
2022-23 ബജറ്റില്‍ 65,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 1.75 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു പദ്ധതി. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റില്‍ തുക 78,000 ആയി വെട്ടിക്കുറച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ ഓഹരി വില്‍പ്പന, ലിസ്റ്റിംഗ്, സ്ട്രാറ്റജിക് സെയില്‍ എന്നിവയിലൂടെയാണ് 65,000 കോടി കണ്ടെത്തുകയെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, പ്രോജക്ട് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്ന മറ്റ് സ്ഥാപനങ്ങള്‍. ഇസിജിസി, വാപ്‌കോസ്,നാഷണല്‍ സീഡ് കോര്‍പറേഷന്‍ എന്നിവയുടെ ന്യൂനപക്ഷ ഓഹരികകളുടെ വില്‍പ്പനയും 2022-23 കാലയളവില്‍ നടത്തും.