ചെറുകിട നിക്ഷേപകര്‍ക്ക് സെബിയുടെ 'മൂക്കുകയര്‍', പുതിയ നിയമങ്ങള്‍ എങ്ങനെ ബാധിക്കും?

നവംബര്‍ ഒന്നു മുതല്‍ ആറ് നിര്‍ദേശങ്ങള്‍ നടപ്പിലാകും

Update:2024-10-03 14:37 IST

രാജ്യത്ത് ചെറുകിട നിക്ഷേപകരുടെ കൈപൊള്ളിക്കുന്ന ഡെറിവേറ്റീവ് വിപണിക്ക് (ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്/F&O) നിയന്ത്രണ പൂട്ടിടാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. എഫ് ആന്‍ഡ് ഒ വ്യാപാരം നിയന്ത്രിക്കാനായി വിദഗ്ധസമിതി നല്‍കിയ ശിപാര്‍ശകളിലെ ആറണ്ണെം നവംബര്‍ 20 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. നിക്ഷേപകരെ സംരക്ഷിക്കുന്നതിനൊപ്പം വിപണി സ്ഥിരത ഉറപ്പു വരുത്താനും വേണ്ടിയാണ് നീക്കം.

എഫ് ആന്‍ഡ് ഒ ട്രേഡിംഗിലേക്ക് ക്രമാതീതമയി നിക്ഷേപകര്‍ എത്തുന്നതിലും വലിയ നഷ്ടം വരുത്തുന്നതിലും സെബി പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്.

വീക്ക്‌ലി എക്‌സ്പയറികളുടെ എണ്ണം കുറച്ചു

ഓരോ എക്‌സ്‌ചേഞ്ചിലും അഞ്ച് എക്‌സ്‌പെയറികള്‍ വരെ അനുവദിച്ചിരുന്നത് ഒന്നാക്കിയതാണ് ഇതില്‍ പ്രധാന മാറ്റം. നിലവില്‍ വിപണിയില്‍ ധാരാളം എക്‌സ്പയറികള്‍ വിപണിയില്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ബി.എസ്.ഇ എടുത്താല്‍ സെന്‍സെക്‌സും ബാങ്കെക്‌സുമെന്ന രണ്ട് കോണ്‍ട്രാക് എക്‌സ്പയറിയാണുള്ളത്. സെബിയുടെ പുതിയ നിയമമനുസരിച്ച് ഇനി ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമേ വീക്കിലി ഉണ്ടാകു. അതേപോലെ എന്‍.എസ്.ഇയില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങി പല ഇന്‍ഡെക്‌സുകളിലായി എല്ലാ ദിവസവും തന്നെ എക്‌സപയറി കോണ്‍ട്രാക്റ്റുണ്ട്. ഇതും ഇനി ഒന്നിലേക്ക് ചുരുക്കേണ്ടി വരും.
ബാക്കിയുള്ള ഇന്‍ഡെക്‌സുകളുടെ എക്‌സ്‌പെയറി എടുത്തു കളഞ്ഞതായി പറഞ്ഞിട്ടില്ല. അത് മാസത്തിലേക്കോ മറ്റോ മാറ്റിയേക്കും. അതുകൊണ്ട് നിക്ഷേപകരെ സംബന്ധിച്ച് പല എക്‌സ്പയറികള്‍ കിട്ടാനുള്ള സാധ്യത വീണ്ടുമുണ്ട്.

കോണ്‍ട്രാക്ട് സൈസ് കൂട്ടി

ഇടപാടുകളുടെ ലോട്ട് സൈസ് 10 ലക്ഷം രൂപ വരെയായിരുന്നത് 15 മുതല്‍ 20 ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം. ചെറുകിട നിക്ഷേപകര്‍ക്ക് ഇനി മുതല്‍ ഏഫ് ആന്‍ഡ് ഒ വിപണിയില്‍ പങ്കെടുക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരും. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയ്ക്കാനാണ് സെബി ഇതു വഴി ലക്ഷ്യമിടുന്നത്. പുതിയ നിയമമനുസരിച്ച് നിലവില്‍ നിക്ഷേപകര്‍ ട്രേഡ് ചെയ്യുന്ന മാര്‍ജിന്‍ മണിയുടെ മൂന്ന് മടങ്ങെങ്കിലും വേണ്ടി വരും. അതായത് 
നിലവിൽ നിഫ്റ്റിയിൽ 25 ലോട്ട് എടുക്കുന്നവർ 60-70 ലോട്ട് എടുക്കേണ്ടി വരും. 
ചെറിയ മൂലധനം ഉപയോഗിച്ച് ട്രേഡിംഗ് നടത്തുന്നവരെയാണ് ഈ നിയമം ബാധിക്കുക. 

അധിക ഇ.എല്‍.എം

മറ്റൊരു നിയമം എക്‌സ്പയറി ദിവസം ഓപ്ഷന്‍ വില്‍ക്കുകയാണെങ്കില്‍ എക്‌സ്ട്രീം ലോസ് മാര്‍ജിന്‍ (ഇ.എല്‍.എം) രണ്ട് ശതമാനം കൂടി അധികം നല്‍കേണ്ടി വരുമെന്നതാണ്. വലിയ വിപണി ചാഞ്ചാട്ടങ്ങളുണ്ടാകുന്ന സമയത്ത്, പ്രത്യേകിച്ചും ഉയര്‍ന്ന ട്രേഡിംഗ് വോളിയം നടക്കുന്ന സെഷനുകളിലും മറ്റും നിക്ഷേപകരെ സംരക്ഷിക്കാന്‍ വേണ്ടിയാണിത്.

കലണ്ടര്‍ സ്‌പ്രെഡ് ബെനഫിറ്റ് നീക്കി

കലണ്ടര്‍ സ്‌പ്രെഡ് ചെയ്യുന്നവര്‍ക്ക് ഇനി മാര്‍ജിന്‍ ബെനഫിറ്റ് കിട്ടില്ല എന്നതാണ് മറ്റൊരു നിയമം. ഈ ആഴ്ചയുള്ള ഒരു ഓപ്ഷന്‍സ് കോണ്‍ട്രാക്ട് എക്‌സ്പയറി ഹെഡ്ജ് ചെയ്യുന്നത് അടുത്ത ആഴ്ച  നടക്കുന്ന ഓപ്ഷന്‍ കോണ്‍ട്രാക്റ്റ് വച്ചായിരിക്കും. ഇതിനെയാണ് കലണ്ടര്‍ സപ്രെഡ് ബെനഫിറ്റെന്നു പറയുന്നത്. പക്ഷെ വളരെ കുറച്ച് നിക്ഷേപകര്‍ മാത്രമാണ് ഇത്തരം രീതികള്‍ പിന്തുടരുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

 ഉയര്‍ന്ന പ്രീമിയം മുന്‍കൂറായി നല്‍കണം
പുതിയ നിയമത്തിൽ കരാറിനുള്ള മിനിമം തുക ഉയര്‍ത്തി. കൂടാതെ  ഓപ്ഷന്‍ വാങ്ങുന്നവര്‍ ഉയര്‍ന്ന പ്രീമിയം മുന്‍കൂറായി തന്നെ നല്‍കേണ്ടിയും വരും. നേരത്തെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ഈടില്‍ ഇടപാടുകള്‍ അനുവദിച്ചിരുന്നു. കാലാവധി തീരുന്ന കരാറുകളില്‍ പ്രത്യേക നിരക്ക് അനുവദിച്ച് വലിയ പൊസിഷന്‍ എടുക്കാന്‍ ഇടപാടുകാരെ അനുവദിക്കുന്ന വ്യവസ്ഥകളും പിന്‍വലിച്ചു.
വീക്ക്‌ലി എക്‌സ്പയറികളുടെ എണ്ണം കുറയ്ക്കുകയും കലണ്ടര്‍ സ്‌പ്രെഡ് ബെനഫിറ്റ് ഇല്ലാതാകുകയും ചെയ്യുന്നത് റീറ്റെയില്‍ ഓപ്ഷന്‍ ട്രേഡിംഗില്‍ പങ്കാളിത്തം കുറയാന്‍ ഇടയാക്കും. വലിയ ഫ്രീക്വന്‍സി ട്രേഡിംഗും ഊഹചക്കവട രീതിയും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.


Tags:    

Similar News