നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സെബി; ലക്ഷ്യം ചെലവ് ചുരുക്കല്‍
എംഐഐകള്‍ സ്വീകരിക്കുന്ന സംവിധാനം നിലവില്‍ വ്യത്യസ്തമായ പരാതി പരിഹാര രീതികള്‍ പിന്തുടരുന്ന മറ്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഇടനിലക്കാരിലേക്കും വ്യാപിപ്പിക്കണമെന്നും സെബി ശുപാര്‍ശ ചെയ്തിട്ടുണ്ട്
നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ഇതിന്റെ ഭാഗമായി സെബി ചില പരിഷ്‌ക്കരണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ (MII) നിയന്ത്രിക്കുന്ന അപ്പീല്‍ ആര്‍ബിട്രേഷന്‍ സംവിധാനം ഒഴിവാക്കുന്നതും ഇന്‍വെസ്റ്റര്‍ ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റിയെ (IGRC) മധ്യസ്ഥരുടെ ഒരു പാനലാക്കി പുനഃസംഘടിപ്പിക്കുന്നതും നിര്‍ദ്ദിഷ്ട മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
കക്ഷികള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനും, ഒരു പാനല്‍ രൂപീകരിക്കുന്നതിലെ ഏകോപന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും, വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ മധ്യസ്ഥരെ ഒഴിവാക്കി ക്ലെയിമിന്റെ അളവ് പരിഗണിക്കാതെ തന്നെ എല്ലാ കാര്യങ്ങളും ഒരൊറ്റ മധ്യസ്ഥന്‍ കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍, 25 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ക്കായി എംഐഐയുടെ നിയന്ത്രണത്തിലുള്ള ആര്‍ബിട്രേഷന്‍ മെക്കാനിസത്തിന് കീഴില്‍ ഏക മധ്യസ്ഥനെ നിയമിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഉയര്‍ന്ന ക്ലെയിമുകള്‍ക്കായി മൂന്ന് ആര്‍ബിട്രേറ്റര്‍മാരുടെ പാനലിനെയാണ് നിയമിക്കുന്നത്.
നിക്ഷേപകര്‍ക്കും ഇടനിലക്കാര്‍ക്കും എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ ഉപയോഗം പ്രാപ്തമാക്കുന്നതിന് നിലവിലുള്ള ഭാഗികമായ ഓണ്‍ലൈന്‍ മോഡ് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഡിസംബര്‍ 19 ന് പുറത്തിറക്കിയ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ സെബി നിര്‍ദ്ദേശിച്ചു. കക്ഷികള്‍ തമ്മിലുള്ള മള്‍ട്ടിമോഡല്‍ കമ്മ്യൂണിക്കേഷന്‍, ഓട്ടോമാറ്റിക് കേസ്-സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, ഷെഡ്യൂളിംഗ്, ആര്‍ബിട്രേറ്റര്‍മാരുടെ നിയമനം തുടങ്ങിയ ടൂളുകളുടെ ഉപയോഗം റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എംഐഐകള്‍ സ്വീകരിക്കുന്ന സംവിധാനം നിലവില്‍ വ്യത്യസ്തമായ പരാതി പരിഹാര രീതികള്‍ പിന്തുടരുന്ന മറ്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഇടനിലക്കാരിലേക്കും വ്യാപിപ്പിക്കണമെന്നും സെബി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു എംഐഐ അല്ലെങ്കില്‍ അതിന്റെ അനുബന്ധ സ്ഥാപനം തന്നെ ഒരു കക്ഷിയായി ഉള്‍പ്പെട്ടിരിക്കുന്ന തര്‍ക്കങ്ങള്‍ക്ക് മറ്റൊരു എംഐഐയുടെ തര്‍ക്ക പരിഹാര പ്രക്രിയയിലേക്ക് റഫര്‍ ചെയ്യേണ്ടിവരും. ഒരു ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സെബി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.