ഓഹരി വിപണി കുതിച്ചുമുന്നേറിയപ്പോള്‍ എല്‍ ഐ സി ചെയ്തതു കണ്ടോ?

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ സ്വീകരിക്കുന്ന തന്ത്രമിതാണ്

Update:2021-11-01 16:41 IST

ഓഹരി വിപണി പുതിയ ഉയരങ്ങള്‍ തേടുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുമ്പോള്‍ നിക്ഷേപത്തില്‍ നിന്ന് ലാഭമെടുത്ത് പിന്‍മാറി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി). 2021 സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ലിസ്റ്റഡ് കമ്പനികളിലെ എല്‍ ഐ സിയുടെ നിക്ഷേപം കഴിഞ്ഞ 50 പാദങ്ങളിലേക്കും വെച്ച് ഏറ്റവും കുറവാണെന്ന് പ്രൈംഇന്‍ഫോബേസ് ഡോട്ട് കോമിലെ ഡാറ്റ വിശകലനം ചെയ്ത് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഹരി വിപണി കുതിച്ചുമുന്നേറിയപ്പോള്‍ ലാഭമെടുത്ത് മാറിയ എല്‍ ഐ സി പിന്നീട് പുതുതായി വിപണിയിലെത്തിയ ന്യൂ ജെന്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുമില്ലെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.

നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് മൊത്തം കമ്പനികളിലായി 3.69 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍ ഐ സിക്കുള്ളത്. 2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇത് 3.74 ശതമാനമായിരുന്നു. 2012 ജൂണില്‍ അവസാനിച്ച പാദത്തില്‍ എല്‍ ഐ സി ഇന്ത്യയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളിലെ അഞ്ച് ശതമാനത്തോളം ഓഹരികള്‍ കൈവശം വെച്ചിരുന്നു.

കമ്പനികളില്‍ ഒരു ശതമാനമോ അതിലേറെയോ ഓഹരി പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ നിയമപരമായി അക്കാര്യം വെളിപ്പെടുത്തേണ്ടതുള്ളൂ.

ലാഭമെടുത്ത് പിന്‍മാറുന്നതുകൊണ്ടാണ് എല്‍ ഐ സിയുടെ ലിസ്റ്റഡ് കമ്പനികളിലെ പങ്കാളിത്തം കുറയുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
എല്‍ ഐ സിയുടെ നിക്ഷേപ തന്ത്രം ഇതാണ്
ഇന്ത്യന്‍ ഓഹരി വിപണി താഴുമ്പോഴാണ് എല്‍ ഐ സി കൂടുതലായി ഓഹരികള്‍ വാങ്ങുന്നത്. വിപണി ഉയരാന്‍ തുടങ്ങുമ്പോള്‍ ലാഭമെടുത്ത് പിന്മാറാന്‍ തുടങ്ങും. ഓഹരി വിപണി കൂടുതല്‍ ഉയരങ്ങളിലെത്തുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധയാണ് എല്‍ ഐ സി പുലര്‍ത്തുകയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

മാത്രമല്ല തുടര്‍ച്ചയായി ഡിവിഡന്റ് നല്‍കുന്ന കമ്പനികളിലാണ് എല്‍ ഐ സി പൊതുവേ നിക്ഷേപിക്കുക. പൊതുവേ പുതുകമ്പനികളിലും നിക്ഷേപിക്കാറില്ല.

വെളിപ്പെടുത്തിയ രേഖകള്‍ പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ എല്‍ ഐ സിക്ക് 9.39 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരി നിക്ഷേപമാണുള്ളത്.


Tags:    

Similar News