ആ 'പുള്ളിക്കാരന്‍' ബിറ്റ്‌കോയിന്റെ പിതാവല്ല!
സതോഷി നാകാമോട്ടോ ചമഞ്ഞയാള്‍ക്ക് കോടതിയില്‍ തിരിച്ചടി
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ (Bitcoin) പിതാവ് എന്നവകാശപ്പെട്ട് രംഗത്തെത്തിയ ഓസ്‌ട്രേലിയക്കാരന് കോടതിയില്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കാരനായ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ക്രെയ്ഗ് റൈറ്റാണ് (Craig Wright) ലണ്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ക്രെയ്ഗിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ജഡ്ജ് ജെയിംസ് മെലര്‍ വിധി പ്രസ്താവിക്കുകയായിരുന്നു.
ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് സതോഷി നാകാമോട്ടോ ആണെന്നാണ് കരുതപ്പെടുന്നതെങ്കിലും ആരും ഇതുവരെ സതോഷിയെ കണ്ടിട്ടില്ല; അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതവുമാണ്. എന്നാല്‍, അജ്ഞാതനായ ആ സതോഷി നാകാമോട്ടോ താനാണെന്ന വാദവുമായാണ് ക്രെയ്ഗ് റൈറ്റ് രംഗത്തെത്തിയത്.
നിലവില്‍ ബിറ്റ്‌കോയിന്‍ വികസിപ്പിക്കുന്നവരില്‍ നിന്ന് പണംതട്ടാനുള്ള തന്ത്രമാണ് ക്രെയ്ഗ് പയറ്റുന്നതെന്നും അദ്ദേഹം ഹാജരാക്കിയതെല്ലാം ചാറ്റ്ജിപിറ്റി വഴി തയ്യാറാക്കിയ വ്യാജത്തെളിവുകളാണെന്നും ക്രിപ്‌റ്റോ ഓപ്പണ്‍ പേറ്റന്റ് അലയന്‍സ് (COPA) എന്ന സംഘടന കോടതിയില്‍ വാദിച്ചു.
2008ല്‍ ബിറ്റ്‌കോയിന്‍ സംബന്ധിച്ച് പുറത്തുവന്ന ധവളപത്രം അപരനാമത്തില്‍ പ്രസിദ്ധീകരിച്ചതും താനാണെന്ന് ക്രെയ്ഗ് വാദിച്ചിരുന്നു. ഇതിനെയും കോപ്പ എതിര്‍ത്തു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോഴ്‌സി അംഗമായ സംഘടനയാണ് കോപ്പ.
ബിറ്റ്‌കോയിനും ക്രിപ്‌റ്റോകറന്‍സിയും
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല. അതിനാല്‍, ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതും മറ്റും സുരക്ഷിതമല്ലെന്ന് വാദിക്കുന്നവരുണ്ട്.
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ ക്രിപ്‌റ്റോകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല.
വിലയില്‍ കുതിപ്പ്
ഒന്നിന് 70,000 ഡോളറിലേക്ക് കഴിഞ്ഞദിവസം ബിറ്റ്‌കോയിന്‍ വില ഉയര്‍ന്നിരുന്നു. അതായത്, ഒരു ബിറ്റ്‌കോയിന്റെ വില ഏകദേശം 58 ലക്ഷം രൂപ. നിലവില്‍ വില 68,000 ഡോളറിനടുത്താണ് (56.65 ലക്ഷം രൂപ). പക്ഷേ, ഘടകങ്ങളായി (Fractions) ബിറ്റ്‌കോയിന്‍ വാങ്ങാം.