സെന്‍സെക്‌സ് 80,000 കടന്നു, ഇപ്പോള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

ദീര്‍ഘകാല നിക്ഷേപകര്‍ വ്യക്തിഗത ഓഹരികളേക്കാള്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് പൊതു അഭിപ്രായം

Update:2024-07-07 09:30 IST

Image created with Meta AI

സെന്‍സെക്‌സ് അങ്ങനെ 80,000 പോയിന്റെന്ന നാഴിക്കല്ലും പിന്നിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ സെന്‍സെക്‌സ് ഇനിയും കുതിപ്പു തുടരാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഈ മാസം ഉണ്ടാകും. അതാണ് സമീപഭാവിയില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക. ആഗോള തലത്തിലും ആഭ്യന്തര തലത്തിലും വലിയ അസ്ഥരതകളുണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം തന്നെ സെന്‍സെക്‌സ് ഒരു ലക്ഷം പോയിന്റ് എന്ന മാന്ത്രിക സംഖ്യ കടക്കുമെന്ന നിരീക്ഷണങ്ങളുമുണ്ട്.

വിപണിയുടെ ഒരു പൊതു സ്വഭാവമെടുത്താല്‍ അപ്രതീക്ഷിത ഭൗമ-രാഷ്ട്രിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ വലിയ ഇടിവിലേക്ക് പോകുമെങ്കിലും പിന്നീട് അധികം വൈകാതെ തിരിച്ചു വരുന്നതായാണ് കാണുന്നതെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു. 1990ല്‍ സെന്‍സെക്‌സ് വെറും 1,000 പോയിന്റായിരുന്നു. 34 വര്‍ഷം കൊണ്ട് 80,000ത്തിലെത്തി. ഇതിനിടയില്‍ രാജ്യത്തും പുറത്തും യുദ്ധങ്ങളും മഹാമാരികളുമുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷെ അതൊക്കെ അതിജീവിച്ചാണ് വിപണിയുടെ മുന്നേറ്റം. ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഈ മുന്നേറ്റം ഇനിയും തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
ജാഗ്രത വേണം
പക്ഷെ വിപണിയുടെ ഈ വലിയ മുന്നേറ്റത്തില്‍ നിക്ഷേപകര്‍ കുറെക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യക്തിഗത ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ കരുതലുണ്ടാകണം. എട്ടോ പത്തോ മേഖലകള്‍ കണ്ടെത്തി മികച്ച ഓഹരികള്‍ ഉള്‍പ്പെടുത്തി ഒരു പോര്‍ട്ട്‌ഫോളിയോ ആയി നിക്ഷേപിക്കുന്നതാണ് ഇപ്പോള്‍ ഉചിതമെന്ന് പ്രിന്‍സ് ജോര്‍ജ് പറയുന്നു. നിക്ഷേപകരുടെ പ്രായം, വരുമാനം ഭാവി ആവശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ കണക്കിലെടുത്ത് എത്ര ശതമാനം ഓഹരികളില്‍ നിക്ഷേപിക്കാമെന്ന് നിശ്ചയിച്ച് ബാക്കി മറ്റ് മേഖലകളിലേക്ക് മാറ്റാം. വ്യക്തിഗത ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇ.ടിഎഫുകള്‍ പരിഗണിക്കുന്നതാണ് നല്ലത്. കുറഞ്ഞ ചെലവില്‍ നിക്ഷേപം നടത്താനാകും. മാത്രമല്ല, തിരഞ്ഞെടുക്കാന്‍ നിരവധി മിഡക്യാപ് ഇ.ടി.എഫുകള്‍ ലഭ്യവുമാണ്.
അസറ്റ് അലോക്കേഷന്‍
ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ് 11 ശതമാനത്തോളവും കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 22 ശതമാനത്തോളവും വളര്‍ച്ചയാണ് സെന്‍സെക്‌സ് നേടിയത്. ഈ സാഹചര്യത്തില്‍ പ്രധാനമായും ഉയരുന്ന ചോദ്യം കൂടുതല്‍ പണം നിക്ഷേപിക്കണോ അതോ വിറ്റ് പിന്‍മാറണോ എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഈ സമയത്ത് ചെയ്യേണ്ടത് അസറ്റ് അലോക്കേഷന്‍ അഥവാ ആസ്തി വൈവിദ്ധ്യവത്കരണമാണ്.
വളരെ സിംപിളായ കാര്യമാണിത്. അതായത് നിങ്ങളുടെ വരുമാനത്തിന്റെ എത്ര ശതമാനമാണ് നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എത്ര വരെ നിക്ഷേപിച്ചു എന്നതിനെ അടിസ്ഥാന പെടുത്തി തീരുമാനക്കാം. ഉദാഹരണത്തിന് നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി കണക്കിലെടുത്ത് 60 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കുകയാണെന്ന് കരുതുക. നിലവിലെ വിപണിയുടെ ഉയര്‍ച്ചയില്‍ അത് 65 ശതമാനത്തിലെത്തിയാല്‍ അധികം വന്ന അഞ്ച് ശതമാനം ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച് മറ്റേതെങ്കിലും നിക്ഷേപത്തിലേക്ക് മാറ്റാം. അസറ്റ് അലോക്കേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ആസ്തിയില്‍ മാത്രം നിക്ഷേപിക്കാതെ വിവിധ നിക്ഷേപമാര്‍ഗങ്ങളില്‍ പണം വിന്യസിക്കുന്നതാണ്. ഓഹരിയില്‍ മാത്രമാണ് ഇപ്പോള്‍ നിക്ഷേപമെങ്കില്‍ അത് ഡെറ്റ് മ്യൂച്വല്‍ഫണ്ടുകള്‍ പോലുള്ള സ്ഥിര വരുമാന മാര്‍ഗങ്ങളിലേക്കോ അല്ലെങ്കില്‍ സ്വര്‍ണം പോലുള്ള മറ്റ് മാര്‍ഗങ്ങളിലേക്കോ നിക്ഷേപിക്കുക. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് (എസ്.ഐ.പി) വഴിയുള്ള നിക്ഷേപം ഈ സമയത്തും തുടരുന്നത് നല്ലതാണ്.
സ്ഥിര വരുമാന മാര്‍ഗങ്ങളെ മറക്കരുത്
ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ ആകൃഷ്ടരായി ഡെറ്റ് ഇന്‍വെസ്റ്റ്‌മെന്റുകളെ കുറിച്ച് മറക്കരുത്. അടിസ്ഥാന പലിശ നിരക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞേക്കാം. നിലവില്‍ 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ നേട്ടം ഏഴ് ശതമാനത്തിനടുത്താണ്. 2023 ഒക്ടോബര്‍ 15നുണ്ടായിരുന്ന 7.3650 ശതമാനമെന്ന ഉയര്‍ന്ന നിലയില്‍ നിന്ന് ചെറുതായി കുറഞ്ഞിട്ടുണ്ട്. പലിശ നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ ഈ നേട്ടം വീണ്ടും കുറയാനും ഇടയുണ്ട്. എന്നാലും ഈ സമയത്ത് ഗവണ്‍മെന്റ് ബോണ്ട്, കോര്‍പ്പറേറ്റ് ബോണ്ട്, സര്‍ട്ടിഫിക്കറ്റ് ഡെപ്പോസിറ്റ് തുടങ്ങിയ ഫികസ്ഡ് സെക്യൂരിറ്റികളിലേക്കും നിക്ഷേപത്തിന്റെ ഒരു വിഹിതം മാറ്റാം.
സ്വര്‍ണം വേണം, പക്ഷെ
ഓഹരി വിപണി മാത്രമല്ല ഇപ്പോള്‍ സ്വര്‍ണ വിലയും കുതിച്ചുയരുകയാണ്. ലോകരാഷ്ട്രങ്ങള്‍ പലതും കരുതല്‍ ശേഖരം സ്വര്‍ണത്തിലേക്ക് നീക്കുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമെല്ലാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യതകളാണ് കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ 10-15 ശതമാനം സ്വര്‍ണത്തിലേക്ക് മാറ്റിവയ്ക്കാമെന്നാണ് വിദഗ്ധാഭിപ്രായം. പക്ഷെ ധനസമ്പാദനത്തിനുള്ള മാര്‍ഗമെന്നതിനേക്കാള്‍ നഷ്ടസാധ്യതകള്‍ക്കെതിരെയുള്ള ഹെഡ്ജായി സ്വര്‍ണത്തെ കാണാനാണ് ഉപദേശം. സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ഫണ്ട് എന്നിവ വഴി നിശ്ചത ഭാഗം നിക്ഷേപിക്കാം.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News