കുതിപ്പ് തുടര്‍ന്ന് ഓഹരി സൂചികകള്‍; അദാനി ട്രാന്‍സ്മിഷന്‍ ഇടിഞ്ഞു
പ്രൊമോട്ടര്‍മാര്‍ ഓഹരി വിറ്റഴിച്ചത് അദാനി ട്രാന്‍സ്മിഷന് തിരിച്ചടി; അവകാശ ഓഹരി വില്‍പനയുമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍
കഴിഞ്ഞദിവസം സര്‍വകാല റെക്കോഡിലെത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും മുന്നേറ്റം തുടരുന്നു. 400ലധികം പോയിന്റ് കുതിപ്പുമായി സെന്‍സെക്‌സ് 64,414.85 വരെയും നിഫ്റ്റി 19,000ന് മുകളില്‍ ഓപ്പണ്‍ ചെയ്ത ശേഷം 19,108.2 വരെയും എത്തി. പിന്നീട് സൂചികകള്‍ അല്‍പം താഴ്ന്നു.
അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ (AMC) ബുദ്ധിമുട്ടിക്കുന്ന ഒരു നിര്‍ദേശം പിന്‍വലിക്കാന്‍ സെബി തയാറായത് എ.എം.സികളുടെ ഓഹരിവില ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി എ.എം.സി 12 ശതമാനം ഉയര്‍ന്നു. ആദിത്യ ബിര്‍ല എട്ട് ശതമാനവും യു.ടി.ഐ ഏഴ് ശതമാനവും ഉയര്‍ന്നു.
അദാനി ട്രാന്‍സ്മിഷന് വീഴ്ച
അദാനി ട്രാന്‍സ്മിഷന്റെ 3.45 ശതമാനം ഓഹരി പ്രൊമോട്ടര്‍മാര്‍ വിറ്റു. 3,103 കോടി രൂപയുടേതാണ് ഇടപാട്. കഴിഞ്ഞ ദിവസം മറ്റു രണ്ടു കമ്പനികളിലെ 8,500 കോടി രൂപയുടെ ഓഹരികളും അദാനി ഗ്രൂപ്പ് വിറ്റിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം 30,000 കോടി രൂപയുടെ ഓഹരി പ്രൊമോട്ടര്‍മാര്‍ വിറ്റിട്ടുണ്ട്. ട്രാന്‍സ്മിഷന്റെ ഓഹരി മൂന്നു ശതമാനം വരെ താഴ്ന്നു. ഗ്രൂപ്പിലെ മറ്റ് കമ്പനികള്‍ ഇന്ന് പൊതുവേ നേട്ടത്തിലാണ്. അദാനി പോര്‍ട്ട്‌സ് രണ്ട് ശതമാനം താഴ്ചയിലാണ്.
ഈസി ട്രിപ് പ്ലാനേഴ്‌സ് ലിമിറ്റഡിന്റെ 18.7 ശതമാനം ഓഹരി 164 കോടി രൂപയ്ക്ക് കൈമാറി. കമ്പനിയുടെ ഓഹരിവില അഞ്ച് ശതമാനം വരെ താഴ്ന്നു. ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ഇന്ത്യയുടെ 6.5 ശതമാനം ഓഹരി 1,277 കോടി രൂപയ്ക്ക് പ്രൊമോട്ടര്‍ ഗ്രൂപ്പായ ഡച്ച് കമ്പനി ക്രെഡിറ്റ് ആക്‌സസ് ഇന്ത്യ വിറ്റഴിച്ചു. ഓഹരി വില 7 ശതമാനം വരെ ഇടിഞ്ഞു.
എണ്ണക്കമ്പനികളുടെ അവകാശ ഇഷ്യൂ
അവകാശ ഇഷ്യൂ വഴി 18,000 കോടി രൂപ സമാഹരിക്കാന്‍ ബി.പി.സി.എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. അനുപാതവും വിലയും പിന്നീടു തീരുമാനിക്കും. ഐ.ഒ.സിയും എച്ച്.പി.സി.എലും ഇക്കൊല്ലം അവകാശ ഇഷ്യൂ നടത്തും. നെറ്റ് കാര്‍ബണ്‍ സീറോ ആക്കുന്നതടക്കമുള്ള വികസന പദ്ധതികള്‍ക്കാണ് മൂന്ന് എണ്ണ കമ്പനികളും ധനസമാഹരണം നടത്തുന്നത്.
രൂപ ഇന്നു തുടക്കത്തില്‍ ഡോളറിനെതിരെ 82.01വരെ എത്തി നേട്ടത്തിലായിരുന്നു. സ്വര്‍ണം ലോകവിപണിയില്‍ 1,908 ഡോളറിലാണ്. കേരളത്തില്‍ പവന് 80 രൂപ വര്‍ധിച്ച് 43,160 രൂപയായി.