ഓഹരിവിപണി വീണ്ടും നഷ്ടത്തില്‍; അദാനി ഓഹരികളില്‍ കനത്ത ലാഭമെടുപ്പ്
അദാനി ഗ്രൂപ്പിലെ എല്‍.ഐ.സി നിക്ഷേപം വീണ്ടും 45,000 കോടി കടന്നു
അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചര്‍ച്ചകളില്‍ സമവായമില്ലത്തതിനെ തുടര്‍ന്ന് ആഗോള ഓഹരിവിപണികള്‍ നേരിട്ട തളര്‍ച്ച ഇന്ന് ഇന്ത്യന്‍ ഓഹരിവിപണികളിലും ആഞ്ഞടിച്ചു. സെന്‍സെക്‌സ് 208.01 പോയിന്റ് (0.34 ശതമാനം) താഴ്ന്ന് 61,773.78ലും നിഫ്റ്റി 62.60 പോയിന്റ് കുറഞ്ഞ് (0.34 ശതമാനം) 18,285.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യയിലെ മുന്‍നിര ഓഹരി വിപണികളായ ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്‌സ്, ഹോങ്കോംഗിലെ ഹാങ്‌സെങ് ഇന്‍ഡക്‌സ്, ജപ്പാന്റെ നിക്കേയ് എന്നിവ നേരിട്ട 0.89 - 1.62 ശതമാനം വരെ നഷ്ടമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടത്തിന് വഴിയൊരുക്കിയത്.
നഷ്ടത്തിലേക്ക് വീണവര്‍
അദാനി ഓഹരികള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ കാഴ്ചവച്ച മുന്നേറ്റം ഇന്ന് ആവര്‍ത്തിക്കാനായില്ല. ആദാനി ട്രാന്‍സ്മിഷന്‍, ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി എന്നിവയൊഴികെയുള്ളവ നഷ്ടത്തിലേക്ക് വീണു. ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ കനത്ത ലാഭമെടുപ്പ് ഉണ്ടായതിനെ തുടര്‍ന്ന് ഓഹരികള്‍ ഇന്ന് 6.03 ശതമാനം ഇടിഞ്ഞു. 4.99 ശതമാനമാണ് അദാനി വില്‍മാറിന്റെ നഷ്ടം.
എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, ശ്രീ സിമന്റ്, കമിന്‍സ് ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. അതേസമയം ബാങ്കിംഗ്, ധനകാര്യ ഓഹരികളിലുണ്ടായ വില്‍പനസമ്മര്‍ദ്ദമാണ് ഇന്ന് ഓഹരിസൂചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്. നിഫ്റ്റി ബാങ്ക് 0.60 ശതമാനം, ധനകാര്യം 0.80 ശതമാനം, ലോഹം 1.51 ശതമാനം, പി.എസ്.യു ബാങ്ക് 0.51 ശതമാനം, സ്വകാര്യ ബാങ്ക് 0.61 ശതമാനം, റിയാല്‍റ്റി 0.01 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. ഇന്‍ഫോസിസ്, നെസ്‌ലെ, കോട്ടക് ബാങ്ക്, എച്ച്.യു.എല്‍., ടാറ്റാ സ്റ്റീല്‍ എന്നിവയും നഷ്ടത്തിലാണ്.
നേട്ടത്തിലേറിയവര്‍
അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, ലോറസ് ലാബ്‌സ്, ഡിക്‌സോണ്‍ ടെക്‌നോളജീസ്, ദീപക് നൈട്രൈറ്റ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവ. അദാനി ഗ്രൂപ്പിലെ എല്‍.ഐ.സിയുടെ നിക്ഷേപം രണ്ടുമാസത്തിനിടെ 45,500 കോടി രൂപയിലേക്ക് തിരിച്ചെത്തി. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ സമയത്ത് ഗ്രൂപ്പിലെ എല്‍.ഐ.സിയുടെ നിക്ഷേപമൂല്യം കുത്തനെ കുറഞ്ഞിരുന്നു. സണ്‍ഫാര്‍മ, ടൈറ്റന്‍, ഐ.ടി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് എന്നിവയും ഇന്ന് മികച്ച നേട്ടം കുറിച്ചു.
സമ്മിശ്രം കേരള കമ്പനികള്‍
കേരളം ആസ്ഥാനമായുള്ള കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ഈസ്റ്റേണ്‍, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ എന്നിവ മൂന്ന് ശതമാനത്തിനുമേല്‍ നഷ്ടം നേരിട്ടു. നിറ്റ ജെലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ്, ഫെഡറല്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്നിവയും നഷ്ടത്തിലാണുള്ളത്.