ഓഹരികളില്‍ നേട്ടം തുടരുന്നു; 17,900 കടന്ന് നിഫ്റ്റി

ഗോദ്‌റെജ് ഡീലില്‍ നേട്ടംകൊയ്ത് റെയ്മണ്ട്; സെന്‍സെക്‌സിന്റെ നിക്ഷേപകമൂല്യം 269 ലക്ഷം കോടിയായി, സമ്മിശ്രനേട്ടവുമായി കേരള കമ്പനികള്‍

Update:2023-04-27 17:42 IST

ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂല ഘടകങ്ങളുടെയും വന്‍കിട കമ്പനികളുടെ ഓഹരികളില്‍ ദൃശ്യമായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെയും കരുത്തില്‍ ഇന്നും മികച്ച നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 17,900 പോയിന്റും ഭേദിച്ചു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 


 348 പോയിന്റുയര്‍ന്ന് (0.58 ശതമാനം) സെന്‍സെക്‌സ് 60,649.38ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റിയുള്ളത് 101.45 പോയിന്റ് (0.57 ശതമാനം) മുന്നേറി 17,915.05ല്‍. 17,850 എന്ന 'വൈകാരിക' (സെന്റിമെന്റല്‍) പോയിന്റ് മറികടന്ന നിഫ്റ്റിക്ക് ഇനി 18,100-150 പോയിന്റുകളിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ സാദ്ധ്യമാകുമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്.

നേട്ടത്തിന് പിന്നില്‍
അമേരിക്കന്‍, ഏഷ്യന്‍ ഓഹരിവിപണികളിലുണ്ടായ നേട്ടം ഇന്ത്യന്‍ ഓഹരികളിലും ഇന്ന് പ്രതിഫലിച്ചു. അമേരിക്കയുടെ ജി.ഡി.പി വളര്‍ച്ചാനിരക്ക് ഇന്ന് വൈകി പുറത്തുവരും. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നിരാശപ്പെടുത്തില്ലെന്ന വിശ്വാസമാണ് നിക്ഷേപക ലോകത്തിനുള്ളത്. ഈ വിശ്വാസം അമേരിക്കയെ മികച്ച വരുമാനസ്രോതസ്സായി കാണുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും ഇന്ന് നേട്ടമായി.
നേട്ടം കൈവരിച്ചവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ മുന്‍നിര ഓഹരികളിലെ വാങ്ങല്‍ താത്പര്യവും ഓഹരി സൂചികളെ ഇന്ന് മുന്നോട്ട് നയിച്ചു. എഫ്.എം.സി.ജി ഒഴികെയുള്ള ഓഹരി വിഭാഗങ്ങള്‍ ഇന്ന് നേട്ടത്തിലാണുള്ളത്. നിഫ്റ്റി റിയാല്‍റ്റി 1.53 ശതമാനം ഉയര്‍ന്നു. 1.07 ശതമാനമാണ് നിഫ്റ്റി ഐ.ടിയുടെ നേട്ടം. ബാങ്ക്, ധനകാര്യം, വാഹനം, മീഡിയ, ലോഹം, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും ഇന്ന് മുന്നേറ്റപ്പാതയിലേറി.
ഇന്ന് കൂടുതൽ നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ 

 

ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് മുന്‍നിര ഓഹരികള്‍. ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍ എല്‍ ആന്‍ഡ് ടി., വൊഡാഫോണ്‍-ഐഡിയ, ടാറ്റാ എല്‍ക്‌സി, പൂനാവാലാ ഫിന്‍കോര്‍പ്പ്, ഐ.ആര്‍.എഫ്.സി എന്നിവയാണ്.
നഷ്ടത്തിലേക്ക് വീണവര്‍
വോള്‍ട്ടാസ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ല്യൂപിന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികളാണ്. പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., ടി.സി.എസ്., ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയും നഷ്ടം നുണഞ്ഞു.
ഇന്ന് കൂടുതൽ ഇടിവ് നേരിട്ട ഓഹരികൾ 

 

ബ്രാന്‍ഡഡ് ഫാഷന്‍ വസ്ത്ര റീട്ടെയിലര്‍മാരായ റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ വിഭാഗത്തെ 2,825 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള ധാരണയിലേക്ക് ഇന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ കെയര്‍ എത്തിയിരുന്നു. ഇത് ഗോദ്‌റെജിന്റെ ഓഹരിവിലയെ ഇന്ന് ബാധിച്ചെങ്കിലും റെയ്മണ്ട് ഓഹരികള്‍ എക്കാലത്തെയും ഉയരത്തിലെത്തി. വ്യാപാരത്തിനിടെ ഒരുവേള റെയ്മണ്ട് ഓഹരിവില 9 ശതമാനം ഉയര്‍ന്ന് 1,755 രൂപവരെയായി. വ്യാപാരാന്ത്യമുള്ളത് 1,717.35 രൂപയില്‍; നേട്ടം 6.55 ശതമാനം. ഗോദ്‌റെജ് 2.19 ശതമാനം ഇടിവ് നേരിട്ടു.
സെന്‍സെക്‌സിന്റെ മൂല്യം കുതിച്ചു
സെന്‍സെക്‌സിന്റെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 1.30 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 269.05 ലക്ഷം കോടി രൂപയായി. ഈമാസം ഇതുവരെ 9.46 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന മൂല്യത്തിലുണ്ടായിട്ടുണ്ട്.
രൂപയ്ക്ക് തളര്‍ച്ച; ക്രൂഡോയില്‍ വില മേലോട്ട്
ഓഹരികള്‍ മുന്നേറിയെങ്കിലും രൂപ ഇന്ന് നേരിട്ടത് നഷ്ടം. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ നടത്തിയ മുന്നേറ്റത്തില്‍ രൂപയും തളരുകയായിരുന്നു. വ്യാപാരാന്ത്യം 81.83ലാണ് രൂപയുള്ളത്. ഇന്നലെ മൂല്യം 81.76 ആയിരുന്നു.
ക്രൂഡോയില്‍ വില ഇന്ന് ഉയര്‍ന്നു. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 0.55 ശതമാനം വര്‍ദ്ധനയുമായി 74.71 ഡോളറിലെത്തി. 78.10 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വ്യാപാരം; വര്‍ദ്ധന 0.53 ശതമാനം.
നേട്ടത്തോടെ വണ്ടര്‍ല, ഈസ്‌റ്റേണ്‍
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം 

 

വണ്ടര്‍ല ഹോളിഡെയ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്, ഹാരിസണ്‍ മലയാളം, നീറ്റ ജെലാറ്റിന്‍ എന്നിവ ഇന്ന് നേട്ടം കൈവരിച്ച കേരള ഓഹരികളില്‍ പെടുന്നു. ആസ്റ്റര്‍, എ.വി.ടി., കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, ഫെഡറല്‍ ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ് എന്നിവ നഷ്ടം നേരിട്ടവയുടെ പട്ടികയിലാണുള്ളത്.
Tags:    

Similar News