മൂന്ന് വര്‍ഷത്തിനിടെ 28 ശതമാനത്തിലധികം റിട്ടേണ്‍, ഉയര്‍ന്ന നേട്ടം സമ്മാനിച്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍

ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് 44.11 ശതമാനം റിട്ടേണാണ് മൂന്ന് വര്‍ഷം കൊണ്ട് നല്‍കിയത്

Update: 2022-07-30 06:29 GMT

വിപണി ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ (Smallcap Funds). കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28 ശതമാനത്തിലധികം നേട്ടമാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകളിലൂടെ നിക്ഷേപകര്‍ക്ക് ലഭിച്ചത്. ഈ ഫണ്ടുകളിലെ വരുമാനം ഇക്വിറ്റി വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്നതാണ്.

മ്യൂച്വല്‍ ഫണ്ട് (Mutual Fund) ട്രാക്കിംഗ് സ്ഥാപനമായ വാല്യു റിസര്‍ച്ച് പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ 28.59 ശതമാനം റിട്ടേണാണ് സമ്മാനിച്ചത്. ഈ വിഭാഗത്തിലെ പന്ത്രണ്ട് സ്‌കീമുകള്‍ 30 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. അതില്‍തന്നെ ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് 44.11 ശതമാനം ഉയര്‍ന്ന റിട്ടേണ്‍ സമ്മാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്, ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട് 38.90 ശതമാനവും കാനറ റോബെക്കോ സ്‌മോള്‍ ക്യാപ് ഫണ്ടും 38.61 ശതമാനവും റിട്ടേണാണ് നല്‍കിയത്. ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌മോള്‍ ക്യാപ് ഫണ്ട് 18.20 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്.
സെബിയുടെ (SEBI) ഉത്തരവനുസരിച്ച്, സ്‌മോള്‍ ക്യാപ് ഫണ്ടില്‍ 65 ശതമാനമെങ്കിലും സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികളും അതുമായി ബന്ധപ്പെട്ടുമാണ് നിക്ഷേപിക്കുക. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ 250ന് താഴെയാണ് റാങ്ക് ചെയ്തിരിക്കുന്ന കമ്പനികളാണ് സ്മാള്‍ ക്യാപ് കമ്പനികള്‍.
വളരെ ചെറിയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ റിസ്‌കാണ്. ലാര്‍ജ് ക്യാപ് (Largecap Funds) അല്ലെങ്കില്‍ മിഡ് ക്യാപ് (Midcap Funds) കമ്പനികളെ അപേക്ഷിച്ച് ഈ കമ്പനികള്‍ അസ്ഥിര സ്വഭാവമുള്ളവയാണ്.


Tags:    

Similar News