സ്‌മോള്‍-ക്യാപ്പല്ല, നിക്ഷേപകര്‍ക്ക് ഇപ്പോള്‍ 'ആവേശം' ലാര്‍ജ്-ക്യാപ്പ് സ്‌കീമുകള്‍
സെബി മേധാവിയുടെ അഭിപ്രായ പ്രകടനവും സമ്മര്‍ദ്ദ പരിശോധനകളും സ്‌മോള്‍-ക്യാപ്പുകള്‍ക്ക് തിരിച്ചടി
രാജ്യത്ത് സ്‌മോള്‍-ക്യാപ്പ് നിക്ഷേപ സ്‌കീമുകളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ കൊഴിയുന്നു. 2021 ഓഗസ്റ്റിന് ശേഷം ആദ്യമായി സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ നിക്ഷേപ നഷ്ടവും കഴിഞ്ഞമാസം രേഖപ്പെടുത്തി.
സ്‌മോള്‍-ക്യാപ്പ് ഓഹരികള്‍ ഊതിവീര്‍പ്പിച്ച കുമിളകളാണെന്നും എസ്.എം.ഇ ശ്രേണിയില്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്നുമുള്ള സെബി മേധാവി മാധബി പുരി ബുച്ചിന്റെ അഭിപ്രായപ്രകടനവും തുടര്‍ന്ന് സെബിയുടെ നിര്‍ദേശപ്രകാരം സ്‌മോള്‍-ക്യാപ്പ് ഫണ്ടുകളില്‍ മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ നടത്തിയ സമ്മര്‍ദ്ദ പരീക്ഷകളുമാണ് നിക്ഷേപകരെ നിരാശരാക്കിയതെന്ന് കരുതുന്നു.
കഴിഞ്ഞമാസം 94 കോടി രൂപയുടെ നിക്ഷേപ നഷ്ടമാണ് സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ നേരിട്ടത്. ഫെബ്രുവരി വരെയുള്ള 15 മാസക്കാലയളവില്‍ പ്രതിമാസം 3,300 കോടി രൂപയുടെ നിക്ഷേപം നേടിയശേഷമായിരുന്നു മാര്‍ച്ചിലെ മലക്കംമറിച്ചില്‍. 2023ല്‍ മിഡ്, സ്‌മോള്‍-ക്യാപ്പ് സ്‌കീമുകള്‍ ആകെ 63,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചിരുന്നു.
നിക്ഷേപം ലാര്‍ജ്-ക്യാപ്പിലേക്ക്
ഫെബ്രുവരി വരെയുള്ള കണക്കെടുത്താല്‍ ലാര്‍ജ്-ക്യാപ്പ് സ്‌കീമുകളിലേക്കുള്ള ശരാശരി പ്രതിമാസ നിക്ഷേപം 115 കോടി രൂപയായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം എത്തിയത് 2,130 കോടി രൂപയാണ്.
♦ ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
അതായത്, സ്‌മോള്‍-ക്യാപ്പുകളെ കൈവിട്ട നിക്ഷേപകര്‍ വന്‍തോതില്‍ ലാര്‍ജ്-ക്യാപ്പിലേക്ക് കൂടുമാറിയെന്ന് വ്യക്തം. ഏതാണ്ട് 70 ശതമാനം നിക്ഷേപമാണ് ഇത്തരത്തില്‍ സ്‌മോള്‍-ക്യാപ്പുകളില്‍ നിന്ന് മാര്‍ച്ചില്‍ ലാര്‍ജ്-ക്യാപ്പിലേക്ക് എത്തിയതെന്ന് അനുമാനിക്കുന്നു.
ഇ.ടി.എഫുകള്‍ക്കും (Exchange traded funds/ETFs) മാര്‍ച്ചില്‍ സ്വീകാര്യത കൂടി. ശരാശരി നിക്ഷേപം മാര്‍ച്ചിന് മുമ്പ് പ്രതിമാസം 2,500 കോടി രൂപയായിരുന്നെങ്കില്‍ മാര്‍ച്ചിലെത്തിയ നിക്ഷേപം 10,500 കോടി രൂപയാണ്.