കുത്തിനോവിച്ച് ഫിച്ച്; തകര്‍ന്നടിഞ്ഞ് ഓഹരി, നിക്ഷേപകര്‍ക്ക് നഷ്ടം ₹3.5 ലക്ഷം കോടി
നിഫ്റ്റി 19,550ന് താഴെ; 1.31% ഇടിഞ്ഞ് ബാങ്ക് നിഫ്റ്റി, എല്ലാ ഓഹരി വിഭാഗങ്ങളിലും കനത്ത വീഴ്ച
അമേരിക്കയെ ഞെട്ടിച്ച് റേറ്റിംഗ് കുത്തനെ വെട്ടിക്കുറച്ച ഫിച്ചിന്റെ നടപടി ആഗോള ഓഹരി വിപണികളെയാകെ ഇന്ന് നഷ്ടക്കളമാക്കി മാറ്റി. അപ്രതീക്ഷിതമായാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ സോവറീന്‍ റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് (Fitch Ratings) ട്രിപ്പിള്‍ എയില്‍ (AAA) നിന്ന് ഡബിള്‍ എ പ്ലസിലേക്ക് (AA+) വെട്ടിത്താഴ്ത്തിയത്.
ഇതോടെ, അമേരിക്കന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് വില കൂടുകയും ഓഹരി വിപണി തകരുകയുമായിരുന്നു. ഇന്ത്യന്‍ ഓഹരികളിലും വന്‍ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കി.
സെന്‍സെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍ വീഴ്ചയിലേക്ക് ഇന്ത്യന്‍ സൂചികകള്‍ തകര്‍ന്നടിഞ്ഞു. സെന്‍സെക്‌സ് ഒരുവേള ആയിരം പോയിന്റിനുമേല്‍ തകര്‍ന്ന് 65,431.68 വരെയെത്തി. പിന്നീട്, വ്യാപാരാന്ത്യം നഷ്ടം 676.53 പോയിന്റായി കുറച്ച് (1.02%) 65,782.78ലാണുള്ളത്.
നിഫ്റ്റി ഒരുവേള 19,423.55 വരെ കൂപ്പുകുത്തി. ഒടുവില്‍, 207 പോയിന്റിടിഞ്ഞ് (1.05%) 19,526.55ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റയടിക്ക് 3.5 ലക്ഷം കോടിയോളം രൂപ കൊഴിഞ്ഞു. 306.80 ലക്ഷം കോടി രൂപയായിരുന്ന മൂല്യം ഇന്നുള്ളത് 303.33 ലക്ഷം കോടി രൂപയില്‍.
സെന്‍സെക്‌സില്‍ ഇന്ന് 2,353 ഓഹരികള്‍ നഷ്ടത്തിലാണുള്ളത്. 1,240 ഓഹരികള്‍ നേട്ടം കുറിച്ചു. 139 ഓഹരികളുടെ വില മാറിയില്ല. 202 ഓഹരികള്‍ 52-ആഴ്ചയിലെ ഉയരത്തിലെത്തിയെങ്കിലും സെന്‍സെക്‌സിന്റെ തകര്‍ച്ചയ്ക്ക് തടയിടാന്‍ പ്രാപ്തമായില്ല.
32 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലാണുള്ളത്. 12 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും മൂന്നെണ്ണം ലോവര്‍ സര്‍ക്യൂട്ടിലുമായിരുന്നു.
തിരിച്ചടി നേരിട്ടവര്‍
എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. നിഫ്റ്റി മിഡ്ക്യാപ്പ് 1.33 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.58 ശതമാനവും ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 1.31 ശതമാനം ഇടിഞ്ഞ് 44,995.70ലെത്തി.
പി.എസ്.യു ബാങ്ക് സൂചിക 2.61 ശതമാനവും മെറ്റല്‍ 2.02 ശതമാനവും ഇടിഞ്ഞത് വന്‍ ക്ഷീണമായി. നിഫ്റ്റി ഓട്ടോ, ധനകാര്യ സേവനം, മീഡിയ, സ്വകാര്യബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ എന്‍.എച്ച്.പി.സി., പിരാമല്‍ എന്റര്‍പ്രൈസസ്, മാക്‌സ് ഫൈനാന്‍ഷ്യല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് 4-5.87 ശതമാനം നഷ്ടവുമായി ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത്.
ഡോളറിന്റെ മുന്നേറ്റം, ആഗോള സമ്പദ്‌മേഖല തളര്‍ച്ചയുടെ ട്രാക്കിലാണെന്ന് വ്യക്തമാക്കുന്ന ഫിച്ചിന്റെ നടപടി എന്നിവ ഡിമാന്‍ഡിനെ ബാധിച്ചേക്കുമെന്ന ഭീതിയാണ് മെറ്റല്‍ ഓഹരികളെ വലച്ചത്.
ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ്, എന്‍.ടി.പി.സി., ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും വലിയ വീഴ്ച നേരിട്ടവര്‍. ചെയര്‍മാനെതിരായ ഇ.ഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഹീറോ ഓഹരികളുടെ വീഴ്ച.
പിടിച്ചുനിന്നവര്‍
ഡോ.ഡിവീസ് ലാബ്‌സ്, നെസ്‌ലെ ഇന്ത്യ, എച്ച്.യു.എല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ സെന്‍സെക്‌സില്‍ ഇന്ന് വിറ്റൊഴിയല്‍ സമ്മര്‍ദ്ദത്തിലകപ്പെടാതെ പിടിച്ചുനിന്നു.
നിഫ്റ്റിയില്‍ 2.12 ശതമാനം നേട്ടത്തോടെ ബര്‍ജര്‍ പെയിന്റ്‌സ് മുന്നിലെത്തി. ലോറസ് ലാബ്‌സ്, ഡിവീസ് ലാബ്, മാരികോ, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ എന്നിവയാണ് ഏറ്റവുമധികം നേട്ടം കുറിച്ച മറ്റ് ഓഹരികള്‍.
സമ്മിശ്രമായി കേരള ഓഹരികള്‍
കേരള ഓഹരികള്‍ ഇന്ന് പൊതുവേ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഇന്നലത്തെ മുന്നേറ്റം ഇന്‍ഡിട്രേഡ് തുടര്‍ന്നു; 14.12 ശതമാനമാണ് നേട്ടം. ഈസ്റ്റേണ്‍ ട്രെഡ്‌സ് (8.25 ശതമാനം), മുത്തൂറ്റ് കാപ്പിറ്റല്‍ (7.37 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (5 ശതമാനം), കേരള ആയുര്‍വേദ (4.98 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
ജൂണ്‍പാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയതിനാല്‍ ആസ്പിന്‍വാള്‍ ഓഹരി 4.76 ശതമാനം താഴ്ന്നു. പ്രൈമ ആഗ്രോ 3.84 ശതമാനം, ഫാക്ട് 3.39 ശതമാനം, ധനലക്ഷ്മി ബാങ്ക് 3.01 ശതമാനം, സി.എസ്.ബി ബാങ്ക് 2.96 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു.
രൂപയ്ക്ക് വലിയ ക്ഷീണം
ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത് 82.58ല്‍. ഇന്നലെ മൂല്യം 82.25 ആയിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണ് ഇന്ന് നേരിട്ടത്. എണ്ണവിതരണ കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും ഓഹരി വിപണിയുടെ തളര്‍ച്ചയുമാണ് തിരിച്ചടിയായത്.