കുതിപ്പ് തുടരുന്നു; നിഫ്റ്റി 20,000ലേക്ക്, നിരാശപ്പെടുത്തി ഐ.ടി ഓഹരികള്‍

സെന്‍സെക്‌സ് 474 പോയിന്റ് മുന്നേറി; സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.46% ഇടിഞ്ഞു, ബാങ്ക് നിഫ്റ്റി 46,180 ഭേദിച്ചു

Update:2023-07-20 17:18 IST

ബാങ്കിംഗ്, ഫാര്‍മ, എഫ്.എം.സി.ജി ഓഹരികളിലെ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ ബലത്തില്‍ തുടര്‍ച്ചയായ ആറാംനാളിലും പുത്തന്‍ റെക്കോഡെഴുതി സെന്‍സെക്‌സും നിഫ്റ്റിയും. മികച്ച ജൂണ്‍പാദ ഫല പ്രതീക്ഷകളാണ് ഈ ഓഹരികളെ മുന്നോട്ട് നയിക്കുന്നത്.

വിവിധ ഓഹരികളുടെ ഇന്നത്തെ പ്രകടനം 


 ഇന്നൊരുവേള സര്‍വകാല റെക്കോഡായ 67,619.17 വരെയെത്തി സെന്‍സെക്‌സ്; നിഫ്റ്റി 19,991.85 വരെയും. പിന്നീട് നേട്ടം നിജപ്പെടുത്തിയെങ്കിലും റെക്കോഡ് ക്ലോസിംഗ് പോയിന്റിലാണ് ഇരു സൂചികകളുമുള്ളത്. 474.46 പോയിന്റ് (0.71%) നേട്ടവുമായി 67,571.90ലാണ് വ്യാപാരാന്ത്യം സെന്‍സെക്‌സ്; നിഫ്റ്റി 146 പോയിന്റ് (0.74%) മുന്നേറി 19,979.15ലും.

വിദേശ ചലനങ്ങളും റിലയന്‍സ് വിഭജനവും
സമ്മിശ്ര പ്രകടനമാണ് വിദേശ ഓഹരി സൂചികകള്‍ നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര തലത്തില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഓഹരികളുടെ തേരോട്ടം. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ആവേശത്തോടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്.
ഇന്ന് രാവിലെ നടന്ന പ്രത്യേക വ്യാപാര സെഷനില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരികളെ വേര്‍തിരിച്ചു. ഇതുവഴി ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരി വില 261.85 രൂപയായി നിര്‍ണയിച്ചു.
റിലയന്‍സിന്റെ ഓഹരിവില ഇന്നലത്തെ 2,841.85 രൂപയില്‍ നിന്ന് വിഭജനശേഷം 2,580 രൂപയായി കുറഞ്ഞു. 9.21 ശതമാനമാണ് വില കുറഞ്ഞത്. എന്നാല്‍, ഇന്ന് പിന്നീട് വ്യാപാരത്തില്‍ വില 2,619 രൂപയില്‍ എത്തിയിട്ടുണ്ട്.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ ഐ.ടി.സി., കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നേട്ടത്തിന് നേതൃത്വം നല്‍കി. രണ്ട് ശതമാനത്തോളമാണ് ഇവ ഉയര്‍ന്നത്.
നിഫ്റ്റിയില്‍ പോളിക്യാബ്, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഗ്ലാന്‍ഡ് ഫാര്‍മ, പി.ബി. ഫിന്‍ടെക്, ഡെല്‍ഹിവെറി എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവർ 

 

ബാങ്ക് നിഫ്റ്റി 1.13 ശതമാനം ഉയര്‍ന്ന് 46,186.90ലെത്തി. 46,500ലേക്കാകും ബാങ്ക് നിഫ്റ്റിയുടെ അടുത്ത മുന്നേറ്റമെന്ന് കരുതപ്പെടുന്നു. നിഫ്റ്റി ധനകാര്യം 1.02 ശതമാനവും എഫ്.എം.സി.ജി 1.35 ശതമാനവും ഫാര്‍മ 1.46 ശതമാനവും സ്വകാര്യബാങ്ക് 1.15 ശതമാനവും നേട്ടമുണ്ടാക്കി. ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ 1.17 ശതമാനവും ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
ഐ.ടി ഓഹരികള്‍ ഇന്നും വില്‍പന സമ്മര്‍ദ്ദത്താല്‍ വലഞ്ഞു. നിഫ്റ്റി ഐ.ടി താഴ്ന്നത് 0.66 ശതമാനമാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളാണ് നഷ്ടം നേരിട്ട മറ്റൊരു വിഭാഗം; 0.18 ശതമാനമാണ് ഇടിവ്.
ജൂണ്‍പാദ ലാഭം 11 ശതമാനം ഉയര്‍ന്ന് 5,945 കോടി രൂപയായെങ്കിലും ഇന്‍ഫോസിസ് ഓഹരി ഇന്ന് 1.73 ശതമാനം താഴ്ന്നു. നിരീക്ഷകര്‍ 6,000 കോടി രൂപയ്ക്കുമേല്‍ ലാഭം പ്രതീക്ഷിച്ചിരുന്നു.
ഇന്ന് നിഫ്റ്റിയിൽ ഏറ്റവുമധികം നഷ്ടം കുറിച്ചവർ 

 

അള്‍ട്രാടെക് സിമന്റ്, എച്ച്.സി.എല്‍ ടെക്, ബജാജ് ഫിന്‍വെര്‍വ് എന്നിവയും ഇന്ന് നഷ്ടത്തിലാണ്. എ.ബി.ബി ഇന്ത്യ, ശ്രീസിമന്റ്, ഇന്‍ഫോസിസ്, ദേവയാന ഇന്റര്‍നാഷണല്‍, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത്.
കുതിപ്പും കിതപ്പും
സെന്‍സെക്‌സില്‍ ഇന്ന് 1,748 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,632 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 132 ഓഹരികളുടെ വില മാറിയില്ല. 230 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലായിരുന്നു; 34 ഓഹരികള്‍ താഴ്ചയിലും. 15 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 4 എണ്ണം ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടിഞ്ഞു; കിംഗ്‌സ് ഇന്‍ഫ്ര കുതിച്ചു
കേരള ഓഹരികളില്‍ ഇന്ന് ശ്രദ്ധേയ നേട്ടം കൈവരിച്ചത് കിംഗ്‌സ് ഇന്‍ഫ്രയാണ്. പുതിയ വിദേശ കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ 9 ശതമാനത്തിലധികം മുന്നേറിയ കിംഗ്‌സ് ഇന്‍ഫ്ര ഓഹരി ഇന്ന് 6.50 ശതമാനവും ഉയര്‍ന്ന് 122 രൂപയിലാണുള്ളത്.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം 

 

വാര്‍ഷികാടിസ്ഥാനത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭം ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍പാദത്തില്‍ 75.42 ശതമാനം വര്‍ദ്ധിച്ചെങ്കിലും പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിനെ അപേക്ഷിച്ച് 39.40 ശതമാനം കുറഞ്ഞു. ബാങ്കിന്റെ ഓഹരി വില ഇന്നുള്ളത് നിഫ്റ്റിയില്‍ 7.46 ശതമാനം താഴ്ന്ന് 21.1 രൂപയിലാണ്. പ്രവർത്തനഫലം പ്രഖ്യാപിച്ച ശേഷമാണ് ഓഹരിവില ഇടിഞ്ഞത്.
ഇന്ന് വ്യാപാരത്തിന്റെ അവസാന സെഷൻ നടക്കുമ്പോൾ പ്രവര്‍ത്തനഫലം പുറത്തുവിട്ട മറ്റൊരു കേരള ബാങ്കായ സി.എസ്.ബി ബാങ്കിന്റെ ഓഹരിയുള്ളത് 1.92 ശതമാനം താഴ്ന്ന് 283.75 രൂപയിലാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം 15.8 ശതമാനം ഉയര്‍ന്ന് 132 കോടി രൂപയായിട്ടുണ്ട്.
ആസ്പിന്‍വോള്‍ (2.22%), സെല്ല സ്‌പേസ് (4.96%), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1.81%), പാറ്റ്‌സ്പിന്‍ (7.86%), റബ്ഫില (3.10%), ഹാരിസണ്‍ മലയാളം (1.87%) എന്നിവയും ഇന്ന് മികച്ച പ്രകടനം നടത്തി.
അതേസമയം യൂണിറോയല്‍ (4.95%), നിറ്റ ജെലാറ്റിന്‍ (1.45%), പ്രൈമ അഗ്രോ (1.59%), കല്യാണ്‍ ജുവലേഴ്‌സ് (1.04%), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.41%) എന്നിവ നഷ്ടത്തിലാണുള്ളത്.
രൂപയ്ക്ക് കരകയറ്റം
കഴിഞ്ഞ ദിവസങ്ങളില്‍ നിരാശപ്പെടുത്തിയ രൂപ ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തി. ചൈനീസ് യുവാന്റെ മുന്നേറ്റമാണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ ഇന്നലെ 82.09ലായിരുന്ന രൂപയുടെ മൂല്യം ഇന്നുള്ളത് 81.98ലാണ്.
Tags:    

Similar News