ലാഭമെടുത്ത് കലമുടച്ചു! സെന്‍സെക്‌സ് 76,000 തൊട്ടിറങ്ങി, കുതിച്ച് അശോക് ലെയ്‌ലാന്‍ഡ്, കിതച്ച് സണ്‍ ടിവി

കൊച്ചിന്‍ ഷിപ്പ്‌യാഡും ഡിവീസ് ലാബും തിളങ്ങി, പേയ്ടിഎമ്മിനും നേട്ടം, ഓറോബിന്ദോയ്ക്ക് ക്ഷീണം, ആസ്റ്ററും മുന്നോട്ട്

Update:2024-05-27 18:20 IST
എക്കാലത്തെയും മികച്ച ഉയരംതൊട്ടിട്ടും വ്യാപാരാന്ത്യത്തില്‍ 'കലമുടച്ച്' ഇന്ത്യന്‍ ഓഹരി സൂചികകള്‍. 75,655ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഇന്നൊരുവേള ചരിത്രത്തില്‍ ആദ്യമായി 76,000 ഭേദിച്ച് 76,009 എന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു.
പിന്നീട് വിപണി മലക്കംമറിഞ്ഞു. നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ സൂചിക നഷ്ടത്തിന്റെ വണ്ടി പിടിക്കുകയായിരുന്നു. ഒരുവേള 75,175 വരെ താഴ്ന്ന സെന്‍സെക്‌സ് വ്യാപാരാന്ത്യത്തിലുള്ളത് 19.89 പോയിന്റ് (-0.03%) താഴ്ന്ന് 75,390.50ലാണ്.
നിഫ്റ്റിയും ഇന്ന് 23,110 എന്ന റെക്കോഡിലെത്തിയെങ്കിലും പിന്നീട് 22,871 വരെ താഴ്ന്നു. 24.65 പോയിന്റ് (-0.11%) നഷ്ടവുമായി 22,932.45ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയുടെ ട്രെന്‍ഡ്
നിക്ഷേപകര്‍ സൃഷ്ടിച്ച ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിന് പുറമേ ക്രൂഡോയില്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് നേരിട്ട വിറ്റൊഴിയല്‍ സമ്മര്‍ദ്ദവും ഇന്ന് വിപണിക്ക് വിനയായി. ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 78 ഡോളറിനും ബ്രെന്റ് ക്രൂഡ് 82 ഡോളറിനും മുകളിലേക്ക് കയറിയിട്ടുണ്ട്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക ഇന്ന് 0.55 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റല്‍ 0.62 ശതമാനവും മീഡിയ 0.97 ശതമാനവും എഫ്.എം.സി.ജി 0.34 ശതമാനവും താഴ്ന്നു. സണ്‍ ടിവി ഓഹരികളുടെ വീഴ്ചയാണ് മീഡിയ സൂചികയെ വലച്ചത്.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 1.34 ശതമാനം ഉയര്‍ന്ന് തിളങ്ങി. ഐ.ടിയും 0.51 ശതമാനം നേട്ടവുമായി കരുത്തേകി. നിഫ്റ്റി ധനകാര്യ സേവനം 0.52 ശതമാനവും ബാങ്ക് നിഫ്റ്റി 0.63 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.64 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.81 ശതമാനവും നേട്ടത്തിലേറി.
അമേരിക്കയുടെ പണപ്പെരുപ്പക്കണക്കിന് പുറമേ ഇന്ത്യയുടെ കഴിഞ്ഞപാദത്തെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും ജി.ഡി.പി വളര്‍ച്ചാക്കണക്കുകള്‍ ഈയാഴ്ച അറിയാമെന്നതും വിപണിയില്‍ ആശങ്ക വിതയ്ക്കുന്നുണ്ട്.
കരടികളുടെ അപ്രമാദിത്തം
വിപണിയുടെ തുടക്കത്തില്‍ കളംനിറഞ്ഞെങ്കിലും വൈകിട്ടോടെ 'കാളകള്‍' നിറംമങ്ങുന്ന കാഴ്ചയായിരുന്നു ഇന്ന് വിപണിയില്‍. ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിനിടെ കരടിക്കൂട്ടം കളംവാഴുകയും ചെയ്തു.
നിഫ്റ്റി50ല്‍ 29 ഓഹരികള്‍ നഷ്ടത്തിലും 21 എണ്ണം നേട്ടത്തിലുമായിരുന്നു. ഡിവീസ് ലാബ് 2.99 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. മാര്‍ച്ചുപാദ ലാഭം 67 ശതമാനം വര്‍ധിച്ചതും ബ്രോക്കറേജുകള്‍ ലക്ഷ്യവില (Target Price) കൂട്ടിയതും ഡിവീസ് ലാബിന്റെ ഓഹരികള്‍ ആഘോഷമാക്കി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ എന്നിവയാണ് 1-1.4 ശതമാനം ഉയര്‍ന്ന് ഡിവീസ് ലാബിന് തൊട്ടുപിന്നാലെയുള്ളത്.
വിപ്രോയെ പുറത്താക്കി സെന്‍സെക്‌സില്‍ കയറിക്കൂടിയതാണ് അദാനി പോര്‍ട്‌സ് ഓഹരികളെ ഇന്ന് ഉയര്‍ത്തിയത്. ഓഹരി ഒരുവേള മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് 52-ആഴ്ചയിലെ ഉയരത്തിലെത്തി.
നേട്ടം കൈവിട്ട് ബി.എസ്.ഇ കമ്പനികളും
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ കാണിച്ച ആവേശം കൈവിട്ടുകളയുകയായിരുന്നു ഇന്ന് ഓഹരികള്‍. ബി.എസ്.ഇയില്‍ 4,105 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,323 എണ്ണവും ഇന്ന് ചുവന്നു.
1,650 ഓഹരികള്‍ നേട്ടം കുറിച്ചു. 132 ഓഹരികളുടെ വില മാറിയില്ല. 237 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 42 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് നേരിയ ഇടിവുമായി 419.95 ലക്ഷം കോടി രൂപയിലെത്തി.
നഷ്ടത്തിലേക്ക് വീണവര്‍
അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്നും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് താമസംവിനാ കുറച്ചേക്കുമെന്നുമുള്ള വിലയിരുത്തലുകള്‍ ഇന്ന് വിപണിക്കും പ്രത്യേകിച്ച് ഐ.ടി ഓഹരികള്‍ക്കും ഊര്‍ജം പകര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് ലാഭമെടുപ്പ് സമ്മര്‍ദ്ദത്തില്‍ നേട്ടം മുങ്ങിപ്പോയി.
വിപ്രോ, എന്‍.ടി.പി.സി., സണ്‍ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി., റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ വമ്പമാര്‍ നേരിട്ട വില്‍പനസമ്മര്‍ദ്ദമാണ് സെന്‍സെക്‌സിനെ ഇന്ന് നഷ്ടത്തിലേക്ക് തള്ളിയത്.
നിഫ്റ്റി200ല്‍ സണ്‍ ടിവി 4.25 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ ഒന്നാമതെത്തി. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മാര്‍ച്ചുപാദ ഫലമാണ് കമ്പനിയെ തളര്‍ത്തിയത്. സംയോജിത വരുമാനം 14 ശതമാനം, പ്രവര്‍ത്തന വരുമാനം 4 ശതമാനം, ലാഭം 9 ശതമാനം എന്നിങ്ങനെ കൂടിയെങ്കിലും നിരീക്ഷകര്‍ പ്രതീക്ഷിച്ചത് ഇതിലും മികച്ച പ്രകടനമായിരുന്നു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (Dmart), ഓറോബിന്ദോ ഫാര്‍മ, അദാനി എന്റര്‍പ്രൈസസ്, ആല്‍കെം ലാബ് എന്നിവ രണ്ടര മുതല്‍ മൂന്ന് ശതമാനം വരെ താഴ്ന്ന് നിഫ്റ്റി200ലെ നഷ്ടത്തില്‍ സണ്‍ ടിവിക്ക് തൊട്ടുപിന്നാലെയുണ്ട്.
ഓറോബിന്ദോ ഫാര്‍മ അടുത്തിടെ അമേരിക്കന്‍ വിപണിയില്‍ നിന്ന് 13,000ഓളം മരുന്ന് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചിരുന്നു. ഇതിനിടെ, അമേരിക്കന്‍ മരുന്നുവിപണി നിരീക്ഷകരായ യു.എസ്.എഫ്.ഡി.എ ഓറോബിന്ദോയുടെ ടെലങ്കാനയിലെ ഫാക്ടറിക്കെതിരെ നിരീക്ഷണ നടപടിയും ആരംഭിച്ചു. ഇത് ഇന്ന് ഓഹരികളെ തളര്‍ത്തി.
അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ 400 കോടി ഡോളര്‍ (ഏകദേശം 33,400 കോടി രൂപ) സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഹരിയുടെ വീഴ്ച.
നേട്ടത്തിന്റെ പാതയില്‍ അശോക് ലെയ്‌ലാന്‍ഡ്
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തില്‍ പിടിച്ചുനിന്ന പ്രമുഖര്‍.
നിഫ്റ്റി200ല്‍ അശോക് ലെയ്‌ലാന്‍ഡ് 7.78 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. ലാഭം 20 ശതമാനം കുതിച്ചതുള്‍പ്പെടെയുള്ള മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലവും വാണിജ്യ വാഹനങ്ങള്‍ തളര്‍ച്ചയുടെ ട്രാക്കിലല്ലെന്ന കമ്പനിയുടെ അഭിപ്രായവും ഓഹരികള്‍ക്ക് ഇന്ന് ഊര്‍ജം പകര്‍ന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഐ.ടി ഓഹരികളുടെ പൊതുവേയുള്ള ഉണര്‍വും ബ്രേക്കറേജുകളില്‍ നിന്നുള്ള മികച്ച റേറ്റിംഗും പെഴ്‌സിസ്റ്റന്റ് ഓഹരികളെ ഇന്ന് 5.42 ശതമാനം ഉയര്‍ത്തി. ജുബിലന്റ് ഫുഡ്‌വര്‍ക്‌സ്, പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (PFC) എന്നിവയാണ് 4.65 മുതല്‍ 5.25 ശതമാനം വരെ നേട്ടവുമായി നിഫ്റ്റി200ലെ മികച്ച പ്രകടനത്തില്‍ ടോപ്5ലുള്ള മറ്റ് ഓഹരികള്‍.
ലാഭം 7 മടങ്ങ് ഉയര്‍ന്നതുള്‍പ്പെടെയുള്ള മികച്ച മാര്‍ച്ചുപാദ ഫലമാണ് ജൂബിലന്റിന് നേട്ടമായത്. ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധിത്തുമെന്ന് പേയ്ടിഎം വ്യക്തമാക്കിയത് ഓഹരികള്‍ നേട്ടമാക്കി. മാത്രമല്ല, കമ്പനിയുടെ ദുരിതകാലത്തിന് ഏറെ വൈകാതെ അറുതിയാകുമെന്ന ബ്രോക്കറേജുകളുടെ അഭിപ്രായങ്ങളും ഗുണം ചെയ്തു.
ലാഭം 20 ശതമാനവും എബിറ്റ്ഡ 21 ശതമാനവും ഉയര്‍ന്നത് ഉള്‍പ്പെടെയുള്ള മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലത്തിന്റെ കരുത്തിലാണ് പി.എഫ്.സി ഓഹരി തുടര്‍ച്ചയായി ഉയരുന്നത്.
റെക്കോഡ് തൊട്ടിറങ്ങിയ കപ്പല്‍ശാല
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ജി.ടി.എന്‍ 9.67 ശതമാനം, റബ്ഫില 6.34 ശതമാനം, ഈസ്റ്റേണ്‍ 5.24 ശതമാനം, കൊച്ചിന്‍ ഷിപ്പ്‌യാഡ് 3.12 ശതമാനം, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2.6 ശതമാനം എന്നിങ്ങനെ മുന്നേറി തിളങ്ങി.
മികച്ച മാര്‍ച്ചുപാദ ഫലം, യൂറോപ്പില്‍ നിന്നുള്ള 60 മില്യണ്‍ യൂറോയുടെ പുതിയ ഓര്‍ഡര്‍ (Click here) തുടങ്ങിയ അനുകൂല ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഹരി ഇന്നൊരുവേള 10 ശതമാനം വരെ ഉയര്‍ന്ന് 2,100 രൂപയെന്ന റെക്കോഡ് തൊട്ടിരുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ബംഗളൂരുവിലെ ഉപസ്ഥാപനമായ ആസ്റ്റര്‍ സി.എം.ഐ ആശുപത്രി 250 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ഇന്ന് അറിയിച്ചിരുന്നു. പാദാടിസ്ഥാനത്തില്‍ വരുമാനവും ലാഭവും മെച്ചപ്പെട്ടത് റബ്ഫില ഓഹരിക്കും ഇന്ന് കരുത്തായി.
ടി.സി.എം., പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ്, കെ.എസ്.ഇ., ഹാരിസണ്‍സ് മലയാളം, ജിയോജിത്, ബി.പി.എല്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍.
Tags:    

Similar News