ഓഹരി വിപണിയിലെ 50 കമ്പനികളെ 'കാണ്മാനില്ല'

കമ്പനികളുടെ രജിസ്‌ട്രേഡ് വിലാസത്തില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അയച്ച കത്തുകള്‍ക്ക് മറുപടിയില്ല

Update:2021-06-07 12:12 IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 50 കമ്പനികളെ കാണ്മാനില്ല. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഈ കമ്പനികളുടെ രജിസ്‌ട്രേഡ് വിലാസത്തില്‍ അയച്ച കത്തുകള്‍ കമ്പനികള്‍ സ്വീകരിക്കുകയോ ഇ മെയ്ല്‍ സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കുകയോ ചെയ്യാത്തതിനാല്‍ ഈ കമ്പനികളെ നിര്‍ബന്ധിതമായി ഡി ലീസ്റ്റിംഗ് നടത്താനുള്ള നീക്കത്തിലാണ്.

കമ്പനികളില്‍ നിന്ന് യാതൊരു വിവരവുമില്ലാത്തതിനാല്‍ അവയെ ഡീലിസ്റ്റ് ചെയ്യുകയാണെന്നും കാരണം വല്ലതുമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ധരിപ്പിക്കണമെന്നും അറിയിച്ചുകൊണ്ട് മെയ് 26ന് ഈ കമ്പനികള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്.

1990കളില്‍ ഓഹരി വിപണിയില്‍ നിന്ന് പണം സമാഹരിച്ച കമ്പനികളില്‍ ചിലതിന്റെയാണ് ഇപ്പോള്‍ ഒരു വിവരവുമില്ലാത്തത്. ഇത്തരം കമ്പനികളെ 'അപ്രത്യക്ഷമായ കമ്പനി'കളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.

നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് അപ്രത്യക്ഷമാകുന്ന കമ്പനികളുടെ സാരഥികളെയും ബന്ധപ്പെട്ട പ്രൊഫഷണലുകളെയും കണ്ടെത്താന്‍ ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കുറ്റമറ്റ ഡാറ്റാ സംവിധാനമുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങളും കര്‍ശനമാണ്.

നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളെ നീക്കം ചെയ്ത് ലിസ്റ്റഡ് കമ്പനികളുടെ പട്ടിക കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാകാം ഇപ്പോള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തുന്ന ഇത്തരം ഡീ ലിസ്റ്റിംഗുകള്‍
കൂടുതല്‍ കമ്പനികള്‍ 'കാണാതായത്' മഹാരാഷ്ട്രയില്‍ നിന്ന്
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് യാതൊരു വിവരവുമില്ലാത്ത കമ്പനികള്‍ കൂടുതല്‍ മഹാരാഷ്ട്ര ആസ്ഥാനമായതാണ്. 14 എണ്ണം. ഗുജറാത്തിലെ ഏഴ് കമ്പനികളുടെ രജിസ്‌ട്രേഡ് വിലാസത്തിലേക്ക് കത്തുകള്‍ക്ക് അയച്ചിട്ട് ഇതുവരെ മറുപടിയില്ല. തമിഴ്‌നാട് (6), ഡെല്‍ഹി (5), പശ്ചിമബംഗാള്‍ (5), കര്‍ണാടക (3), ഹരിയാന, ആന്ധ്രപ്രദേശ്, തെലുങ്കാന ( രണ്ട് കമ്പനികള്‍ വീതം), മധ്യപ്രദേശിലെയും ഛത്തീസ് ഗ്ഢിലെയും ഓരോ കമ്പനികള്‍ വീതം എന്നിവയ്ക്കാണ് കത്തുകള്‍ അയച്ചിട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഇതുവരെ മറുപടി ലഭിക്കാത്തത്.
നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം
ഇപ്പോള്‍ മുന്‍പെന്നത്തേക്കാള്‍ ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ സജീവമായി നിക്ഷേപം നടത്തുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് പുതുതായി ഡിമാറ്റ് എക്കൗണ്ട് തുറന്നത് 1.42 കോടി നിക്ഷേപകരാണ്. തൊട്ടുമുന്‍വഷത്തെ അപേക്ഷിച്ച് മൂന്നുമടങ്ങിലേറെയാണിത്. തൊട്ടുമുന്‍സാമ്പത്തിക വര്‍ഷം പുതുതായി ഡിമാറ്റ് എക്കൗണ്ട് തുറന്നത് 49 ലക്ഷം പേരായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 19 ലക്ഷം പുതിയ ഡിമാറ്റ് എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചും കമ്പനി കാര്യമന്ത്രാലയവുമെല്ലാം തട്ടിപ്പ് കമ്പനികളെയും കടലാസ് കമ്പനികളെയും കണ്ടെത്താനും ഒഴിവാക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ നിക്ഷേപകരും കുഴിയില്‍ ചാടാതെ നോക്കണം.

അഞ്ചും പത്തും രൂപയ്ക്ക് ഓഹരി ലഭിക്കുമെന്ന് കണ്ട് മൂല്യമില്ലാത്ത കമ്പനികളില്‍ നിക്ഷേപിക്കരുത്. മാത്രമല്ല, ഏത് നിക്ഷേപം നടത്തുമ്പോഴും ആ കമ്പനിയെ കുറിച്ച് പറ്റുന്നത്ര പഠിക്കാന്‍ ശ്രമിക്കണം.


Tags:    

Similar News