സെന്‍സെക്‌സ് 364 പോയ്ന്റ് താഴ്ന്നു, റിലയന്‍സിന് തിരിച്ചടി

ആറ് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-05-09 11:49 GMT

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. തുടക്കത്തില്‍ ചുവപ്പിലേക്ക് വീണ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് ഉച്ചയോടെ ആഘാതം കുറച്ചെങ്കിലും 364 പോയ്ന്റ് നഷ്ടത്തില്‍ 54,471 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 109 പോയ്ന്റ് താഴ്ന്ന് 16,302 ല്‍ എത്തി. സെന്‍സെക്സ് ഓഹരികളില്‍, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നാല് ശതമാനത്തോളം ഇടിഞ്ഞു. പ്രതീക്ഷിച്ച അറ്റാദായം കമ്പനിക്ക് നേടാനാകാത്തതാണ് റിലയന്‍സിന്റെ ഓഹരി ഇടിയാന്‍ കാരണം. കമ്പനി 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 16,203 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നെസ്ലെ ഇന്ത്യയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും മൂന്ന് ശതമാനം വീതം ഇടിഞ്ഞു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ മൂന്ന് ശതമാനം വീതം ഇടിഞ്ഞു. ഇന്‍ഫോസിസ് ഏകദേശം 2 ശതമാനം ഉയര്‍ന്നു. മാരുതി, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം വീതം ഇടിഞ്ഞു.

എല്‍ & ടിയുടെ ലയന പ്രഖ്യാപനത്തെ തുടര്‍ന്ന് എല്‍ടിഐ ഇന്‍ഫോടെക്കിന്റെയും മൈന്‍ഡ്ട്രീയുടെയും ഓഹരികള്‍ ഇടിഞ്ഞു. ലയന കരാര്‍ പ്രകാരം, മൈന്‍ഡ്ട്രീയുടെ ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്ക് പകരമായി എല്‍ടിഐയുടെ 73 ഓഹരികള്‍ ലഭിക്കും. എല്‍ടിഐ 3.4 ശതമാനം താഴ്ന്നപ്പോള്‍ മൈന്‍ഡ്ട്രീ 5.3 ശതമാനം ഇടിഞ്ഞു. മേഖലാതലത്തില്‍ ബിഎസ്ഇ എനര്‍ജി, പവര്‍ സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍ സൂചികകളാണ് നഷ്ടം നേരിട്ട മറ്റ് സൂചികകള്‍. ഐടി, ടെലികോം സൂചികകള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ചുവപ്പില്‍ മാത്രം നീങ്ങിയപ്പോള്‍ ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. നിറ്റ ജെലാറ്റിന്റെ ഓഹരി വില 18 ശതമാനം ഉയര്‍ന്നു. റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, സിഎസ്ബി ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട കേരള കമ്പനികള്‍.




 


Tags:    

Similar News