ബജറ്റിൻ്റെ ആവേശമടങ്ങി; റിസർവ് ബാങ്ക് നടപടിയിൽ ശ്രദ്ധ; ക്രൂഡ് വില 100 ഡോളർ കടക്കുമോ? വിദേശികൾ വിറ്റിട്ടും സൂചികകൾ ഇടിയാത്തതിനു പിന്നിൽ
ഈയാഴ്ച ഓഹരി വിപണിയെ ബാധിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ ഇവയാണ്; വിദേശ നിക്ഷേപകർ പിന്മാറിയാൽ വിപണിയിൽ എന്ത് സംഭവിക്കും? ക്രൂഡ് വില നൂറേ നൂറിൽ കുതിക്കുന്നു
ബജറ്റ് നൽകിയ ആവേശം അവസാനിച്ച ശേഷം ഇന്നു വിപണി വ്യാപാരത്തിനൊരുങ്ങുന്നത് ക്രൂഡ് വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തിലാണ്. ക്രൂഡ് വില 95 ഡാേളറിലേക്കു നീങ്ങുകയാണ്. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നു തുടങ്ങാനിരുന്ന യോഗം നാളേക്കു മാറ്റി. തീരുമാനം വ്യാഴാഴ്ചയേ പ്രഖ്യാപിക്കൂ. വെള്ളിയാഴ്ച വ്യവസായ ഉൽപാദന സൂചിക (ഐഐപി) പുറത്തുവിടും. ഈയാഴ്ച വിപണിഗതിയെ നിർണയിക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.
ഇന്ത്യൻ വിപണി ഇന്ന് ചെറിയ താഴ്ചയിലാകും വ്യാപാരം തുടങ്ങുക. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ന്നു. വെള്ളിയാഴ്ച നാസ്ഡാക് നല്ല നേട്ടം ഉണ്ടാക്കിയെങ്കിലും ഡൗ ജോൺസ് നേരിയ താഴ്ചയിലായിരുന്നു. ഇന്നു രാവിലെ ജാപ്പനീസ്, കൊറിയൻ, ഓസ്ടേലിയൻ സൂചികകളും ഗണ്യമായി താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,440 വരെ താണു. ഇന്നു രാവിലെ നേട്ടത്തോടെ 17,510-ൽ എത്തിയിട്ടു തിരിച്ച് 17,475ലെത്തി. ഇന്ത്യൻ വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 143.2 പോയിൻ്റ് (0.24%) താണ് 58,644.82ലും നിഫ്റ്റി 43.9 പോയിൻ്റ് (0.25%) താണ് 17,516.3ലും ക്ലോസ് ചെയ്തു. ആഴ്ച മൊത്തമെടുത്താൽ സെൻസെക്സ് 2.53 ശതമാനവും നിഫ്റ്റി 2.42 ശതമാനവും ഉയർന്നു.
വിപണി അനിശ്ചിത നിലയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റി 17,462-നു താഴോട്ടു നീങ്ങിയാൽ 17,245 വരെയുള്ള ഇടിവിനു തുടക്കമാകും. 17,605-നു മുകളിലേക്കു കയറാനായാൽ 18,300-നു മുകളിലേക്കുള്ള കുതിപ്പ് തുടരാനാകും.
നിഫ്റ്റിക്ക് 17,445 ലും 17,370- ലും താങ്ങ് ഉണ്ട്. ഉയരുമ്പോൾ 17,600-ഉം 17,685-ഉം തടസങ്ങളാണ്.
ക്രൂഡ് ഓയിൽ വില 94.5 ഡോളർ കടന്നു. വിപണിയിൽ ആശങ്ക വളർത്തുന്ന കാര്യമാണ് ക്രൂഡ് വിലക്കയറ്റം.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ചെമ്പ് ടണ്ണിനു 10,000 ഡോളറിലേക്കു വീണ്ടും കയറുമെന്നാണു സൂചന. അലൂമിനിയം 3074 ഡോളർ കടന്നു.
സ്വർണം വീണ്ടും ഉയരുകയാണ്. കഴിഞ്ഞയാഴ്ച 1808 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 1811-1812 ഡോളറിലേക്കു കയറി.
വിദേശികൾ പിന്മാറിയാൽ എന്ത്?
വിദേശ നിക്ഷേപകർ പിന്മാറുന്നതു തൽക്കാലം വിപണിയെ അലട്ടുന്നില്ല. റീട്ടെയിൽ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ആണു കുറേ ആഴ്ചകളായി വിപണിയെ മുന്നോട്ടു നയിക്കുന്നത്. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 2267.86 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച വിദേശികളുടെ വിൽപന 115.9 കോടി ഡോളറിൻ്റേതായിരുന്നു. ജനുവരിയിലെ റിക്കാർഡ് വിൽപനയായ 471 കോടി ഡോളറിൻ്റെ പിന്നാലെയാണിത്. ഈ പ്രവണത തുടരും എന്നാണു സൂചന.
തൽക്കാലം റീട്ടെയിൽ നിക്ഷേപകരും സ്വദേശി ഫണ്ടുകളും വിപണിയിൽ വേണ്ടത്ര നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ അത് എത്ര കാലം സൂചികകളെ താങ്ങി നിർത്തും എന്നു വ്യക്തമല്ല. ഇന്ത്യൻ വിപണിയിൽ 20.74 ശതമാനം (വിലയുടെ അടിസ്ഥാനത്തിൽ) ഓഹരികൾ വിദേശികളുടെ കൈയിലാണ്. നേരത്ത 23.5 ശതമാനം വരെ അവരുടെ പക്കൽ ഉണ്ടായിരുന്നു. അതേസമയം റീട്ടെയിൽ നിക്ഷേപകരുടെ പങ്ക് 9.58 ശതമാനത്തിലേക്കു കയറി. എൻഎസ്ഇയിലെ വ്യാപാരത്തിൽ ചില്ലറ നിക്ഷേപകരുടെ പങ്ക് 45 ശതമാനമായിട്ടുണ്ട്. ഇതാണു തൽക്കാലം വിദേശികളുടെ പിന്മാറ്റം സൂചികകളെ ബാധിക്കാത്തത് ഇതു കൊണ്ടാണ്. എങ്കിലും ഇതുപോലെ വരുന്ന ആഴ്ചകളിലും തുടരാം എന്ന് ഉറപ്പില്ല.
രൂപയ്ക്കും ഭീഷണി
വിദേശികളുടെ പിന്മാറ്റം രൂപയെയും ബാധിക്കും. കഴിഞ്ഞ ആഴ്ചകളിലെല്ലാം റിസർവ് ബാങ്കിൻ്റെ വിദേശനാണ്യശേഖരം കുറയുകയായിരുന്നു. വിദേശികൾ പണം പിൻവലിക്കുന്ന ഈ സമയത്തു വിദേശത്തെ പലിശ ഉയരുന്നതിനാൽ കമ്പനികൾ വിദേശനാണയ വായ്പകൾ എടുക്കുന്നുമില്ല. വിദേശ നാണയ വരവ് കുറഞ്ഞു. ജനുവരി 28-നവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം 453 കോടി ഡോളർ കുറഞ്ഞ് 62,976 കോടി ഡോളർ ആയി. സെപ്തംബറിൽ 64,245 കോടി ഡോളർ റിസർവ് ഉണ്ടായിരുന്നതാണ്. രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ ഇറക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച വിദേശത്തു ഡോളർ സൂചിക താഴ്‌ന്നു നിന്നത് രൂപയുടെ വിനിമയ നിരക്ക് ഉയർത്തി. ഡോളർ വിൽപന കുറഞ്ഞാൽ രൂപ വീണ്ടും താഴോട്ടു നീങ്ങും. ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നതും രൂപയ്ക്കു ക്ഷീണം ചെയ്യും.
റിവേഴ്സ് റീപോ കൂട്ടുന്നത് എന്തിന്?
റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റിയിൽ നിന്നു വരാവുന്ന പ്രധാന തീരുമാനം റിവേഴ്സ് റീപാേ സംബന്ധിച്ചതാണ്. അത് 3.35 ശതമാനത്തിൽ നിന്ന് 3.5 ശതമാനമാേ 3.75 ശതമാനമാേ ആയി വർധിപ്പിക്കും എന്നാണ് അഭ്യൂഹം. റീപോ നിരക്കും റിവേഴ്സ് റീപോ നിരക്കും തമ്മിൽ നേരത്തേ 50 ബേസിസ് പോയിൻ്റ് (അര ശതമാനം) അകലമാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് ഈ അകലം കൂട്ടിയത് ബാങ്ക് മേഖലയിലെ പണലഭ്യത കൂട്ടി നിർത്താനായിരുന്നു. ഇനി പണലഭ്യത കുറയ്ക്കാനുള്ള നടപടികളാണു റിസർവ് ബാങ്ക് എടുക്കുക. അതിൻ്റെ ഭാഗമാണ് റിവേഴ്സ് റീപാേ കൂട്ടൽ. ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ സൂക്ഷിക്കുമ്പോൾ നൽകുന്ന പലിശയാണു റിവേഴ്സ് റീപോ. ഇതു കുറച്ചു നിർത്തിയാൽ പണലഭ്യത വർധിക്കും. വിലക്കയറ്റം രൂക്ഷമാകുമ്പോൾ പണലഭ്യത കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് റിവേഴ്സ് റീപോ കൂട്ടൽ.
ക്രൂഡ് ഓയിൽ 100 ഡോളറിലേക്ക്?
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. വെള്ളിയാഴ്ച 95.6 ഡാേളർ വരെ ഉയർന്ന ബ്രെൻ്റ് ഇനം 93.27 ഡോളറിലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരം 94.35 ഡോളറിലാണു തുടങ്ങിയത്. വില വീണ്ടും ഉയരാനുള്ള പ്രവണതയാണു കാണിക്കുന്നത്. യുക്രെയ്ൻ, പശ്ചിമേഷ്യ സംഘർഷങ്ങളേക്കാൾ ഡിമാൻഡ് വർധനയാണു വിലയെ സ്വാധീനിക്കുന്നത്. വർധിച്ച ഡിമാൻഡിനനുസരിച്ച ഉൽപാദനം ഉണ്ടാകുന്നില്ല. സൗദി അറേബ്യ ഒഴികെയുള്ള ഒപെക് രാജ്യങ്ങൾക്ക് അവരുടെ ക്വോട്ട അനുസരിച്ചുള്ള ഉൽപാദനം നടക്കുന്നില്ല. 100 ഡോളറിലേക്കു ക്രൂഡ് എത്തുമെന്നാണു പ്രവചനം.
This section is powered by Muthoot Finance