ഓഹരി വിപണിയിൽ ഇന്ന് എന്തു സംഭവിക്കും?; ഫാക്ടറികളിൽ നിന്നു നല്ല സൂചനകൾ; കയറ്റുമതിയിൽ കിതപ്പ്; ജിഎസ്ടി നേട്ടം നിലനിൽക്കില്ല; കാരണം ഇതാണ്

ഇന്ന് ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ജി എസ് ടി വരുമാന വർധനവിന്റെ പിന്നാമ്പുറങ്ങൾ; വാഹന വിപണിയിൽ കാര്യങ്ങൾ മാറുന്നില്ല;

Update:2021-12-02 07:47 IST

ആശങ്കകൾ അകലുന്നില്ല. ഇന്നലെ മികച്ച തിരിച്ചു കയറ്റം കാഴ്ചവച്ച ഇന്ത്യൻ വിപണിക്ക് ഇന്ന് ആഗാേള സൂചനകൾ അത്ര നല്ലതല്ല. അമേരിക്കയിൽ കോവിഡ് വൈറസിൻ്റെ ഒമിക്രോൺ വകഭേദം എത്തി. ഇന്നലെ രണ്ടു ശതമാനത്തോളം ഉയർച്ചയിലായിരുന്ന യുഎസ് വിപണി സൂചികകൾ കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് 1.3 ശതമാനവും നാസ്ഡാക് 1.6 ശതമാനവും താഴ്ചയിലാണു ക്ലോസ് ചെയ്തത്. അടുത്ത വർഷം രണ്ടാം പകുതിയിലും വിലക്കയറ്റം മയപ്പെടില്ലെന്നു യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതും വിപണിക്കു പ്രതികൂലമായി. ഇന്നു രാവിലെ ഏഷ്യൻ ഓഹരി വിപണികളും താഴ്ചയിലാണ്. യുഎസ് ഫ്യൂച്ചേഴ്സ് ഉയരുന്നതാണ് ഏക ആശ്വാസഘടകം. സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് രാവിലെ താഴ്ചയിലാണ്.

ഇന്നലെ ഫാർമയും ഹെൽത്ത് കെയറും കൺസ്യൂമർ ഡ്യുറബിൾസും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടം കുറിച്ചു. സെൻസെക്സ് 619.92 പോയിൻ്റ് (1.09%) കയറി 57,684.79 ലും നിഫ്റ്റി 183.7 പോയിൻ്റ് (1.08%) കയറി 17,166.9 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.03 ശതമാനം കയറിയെങ്കിലും സ്മോൾ ക്യാപ് സൂചിക നാമമാത്ര ഉണർവേ കാണിച്ചുള്ളു.
സൂചികകൾ കയറ്റത്തിനുള്ള പ്രവണത കാണിക്കുമ്പോഴും നിഫ്റ്റി 17,220-17,300 മേഖലയിൽ വലിയ വിൽപന സമ്മർദം നേരിടുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവിടം കടക്കുന്നില്ലെങ്കിൽ വാങ്ങലിനു മുതിരേണ്ടെന്ന് ഉപദേശിക്കുന്നവരുമുണ്ട്. നിഫ്റ്റിക്ക് 17,085ലും 17,000ലുമാണു താങ്ങു കാണുന്നത്. 17‌,230-ലും 17,305 ലും ശക്തമായ തടസം കാണാം.
ഇന്നലെ വിദേശ നിക്ഷേപകർ 2765.84 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 3467.02 കോടിയുടെ വിൽപന നടത്തി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,209-ൽ ക്ലാേസ് ചെയ്തെങ്കിലും ഇന്നു രാവിലെ 17,125 ലേക്കു താണു. ഇന്ത്യൻ വിപണി നേരിയ താഴ്ചയാേടെ തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡ് വിപണി ചാഞ്ചാടുന്നു

ക്രൂഡ് ഓയിൽ വിപണി ചാഞ്ചാട്ടത്തിലാണ്. ബ്രെൻ്റ് ഇനം 68 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 65 ഡോളറിലേക്കും താഴ്ന്നിട്ട് അൽപം കയറി. ഇന്നലെ ആരംഭിച്ച ഒപെക് യോഗം എന്തു തീരുമാനമെടുക്കുമെന്നാണു വിപണി നോക്കുന്നത്. ആവശ്യം വർധിക്കുന്നില്ലെന്നതു ചൂണ്ടിക്കാട്ടി ഉൽപാദനം കുറയ്ക്കാൻ സൗദി അറേബ്യയും റഷ്യയും ആലോചിക്കുന്നുണ്ട്. അതു തീരുമാനമായാൽ വില കുതിച്ചു കയറും. വില 70 ഡോളറിനു മുകളിൽ നിർത്തണമെന്ന വാശിയാണു സൗദിക്കും റഷ്യക്കുമുള്ളത്. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 69.5 ഡോളറിലായി. പ്രകൃതിവാതക വില 4.3 ഡോളറിനു താഴെയാണ്.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങൾ നടത്തി.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. 1776-1793 ഡോളർ പരിധിയിലായിരുന്നു ഇന്നലെ വ്യാപാരം. ഇന്നു രാവിലെ 1781-17836 ഡാേളറിൽ വ്യാപാരം നടക്കുന്നു.

ഉത്സവസീസൺ ജിഎസ്ടി പിരിവ് ഉയർത്തി

ഉത്സവസീസൺ വിൽപനയെ സഹായിച്ചതിൻ്റെ ഫലമായി നവംബറിലെ ജിഎസ്ടി പിരിവ് കുതിച്ചു.1.31 ലക്ഷം കോടി രൂപ പിരിവ് ജിഎസ്ടി ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വരുമാനമാണ്. ഇക്കഴിഞ്ഞ ഏപ്രിലിലെ 1.4 ലക്ഷം കോടിയാണു റിക്കാർഡ്. ഒക്ടോബറിൽ 1.3 ലക്ഷം കോടി പിരിവുണ്ടായിരുന്നു.
തലേ മാസത്തെ ഇടപാടുകളുടെ തുകയാണ് ഓരോ മാസത്തെയും ജിഎസ്ടി പിരിവ്. ഒക്ടോബറിൽ 735 ലക്ഷം ഇ- വേ ബിൽ ഉണ്ടായിരുന്നു.അതു റിക്കാർഡായിരുന്നു. അതിൻ്റെ ഫലമാണ് നവംബറിലെ വലിയ പിരിവ്. എന്നാൽ നവംബറിൽ ഇ-വേ ബിൽ 557 ലക്ഷമായി കുറഞ്ഞു. ഡിസംബറിലെ ജിഎസ്ടി പിരിവ് കുറവാകുമെന്ന് ഇതു സൂചിപ്പിക്കുന്നു.

കയറ്റുമതിയിലെ കുതിപ്പിനു വിരാമം; വാണിജ്യ കമ്മി കുതിച്ചു

നവംബറിലെ കയറ്റുമതി വർധന 26.49 ശതമാനത്തിലേക്കു താഴ്ന്നപ്പോൾ വാണിജ്യ കമ്മി 2337 കോടി ഡോളർ എന്ന റിക്കാർഡിലേക്കു കയറി. തലേമാസം കയറ്റുമതി 43.05 ശതമാനം കൂടിയതാണ്. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റുമതി വളർച്ചയാണു നവംബറിലേത്.

എൻജിനിയറിംഗ് ഉൽപന്നങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വിലയേറിയ ഉൽപന്നങ്ങളുടെ കയറ്റുമതിയിലാണു കാര്യമായ ക്ഷീണമുണ്ടായത്. തലേ മാസം 51 ശതമാനം വളർന്ന എൻജിനിയറിംഗ് ഉൽപന്ന വിഭാഗം ഇത്തവണ 27 ശതമാനം മാത്രം ഉയർന്നു. പെട്രോളിയം ഉൽപന്ന കയറ്റുമതി വളർച്ച 240 ശതമാനത്തിൽ നിന്നു 12.79 ശതമാനമായി. രത്ന -ആഭരണമേഖല 44 ശതമാനത്തിൽ നിന്ന് എട്ടു ശതമാനം വളർച്ചയിലേക്കു ചുരുങ്ങി.

ഇറക്കുമതിയിലെ ചില വിഭാഗങ്ങളിലും നല്ല കുറവുണ്ട്. സ്വർണ ഇറക്കുമതി വർധന 104-ൽ നിന്ന് എട്ടു ശതമാനമായി. ക്രൂഡ് ഓയിൽ ഇറക്കുമതി വളർച്ച 140 ശതമാനത്തിൽ നിന്ന് 27.6 ശതമാനമായി താണു.
നവംബറിലെ കയറ്റുമതി 2990 കോടി ഡോളറും ഇറക്കുമതി 5315 കോടി ഡോളറുമാണ്. എട്ടു മാസത്തെ കയറ്റുമതി 50.7 ശതമാനം കൂടി 26,246 കോടി ഡോളറും ഇറക്കുമതി 75.39 ശതമാനം കയറി 38,444 കോടി ഡോളറുമായി. വാണിജ്യ കമ്മി 171 ശതമാനം ഉയർന്ന് 12,198 കോടി ഡോളറിലെത്തി.

ഫാക്ടറി ഉൽപാദനത്തിൽ വളർച്ച

ഐഎച്ച്എസ് മാർക്കിറ്റിൻ്റെ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) നവംബറിൽ പത്തു മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. 57.6 ആണു നവംബറിലെ പിഎംഐ. ഒക്ടോബറിൽ 55.9 ആയിരുന്നു.
ആഭ്യന്തര ഡിമാൻഡ് വർധിച്ചതാണു വളർച്ചയ്ക്കു പിന്നിൽ. തുടർച്ചയായ അഞ്ചാം മാസവും ഫാക്ടറികളിലെ ഓർഡർ നില ഉയർന്നു. വിലക്കയറ്റം ആശങ്ക വളർത്തുന്ന വിഷയമായി കമ്പനികൾ ചൂണ്ടിക്കാട്ടി.

വാഹനവിൽപന പിന്നിൽ തന്നെ

നവംബറിലെ വാഹന വിൽപന കുറവാകുമെന്നു നേരത്തേ വ്യക്തമായിരുന്നു. സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം തന്നെ കാരണം. ഉൽപാദനം കുറയ്ക്കേണ്ടി വന്നു. കമ്പനികളിൽ നിന്നു ഡീലർമാരുടെ പക്കലേക്കു വാഹനങ്ങൾ അയയ്ക്കുന്നതും കുറച്ചു.
മാരുതിയുടെ വിൽപന 1,09,726 ലേക്കു താണു. ഇതു കഴിഞ്ഞ നവംബറിൽ നിന്നു 19 ശതമാനവും 2009 നവംബറിൽ നിന്ന് 27.2 ശതമാനവും കുറവാണ്. ഹ്യുണ്ടായിയുടെ വിൽപന 37,001. 2020-ൽ നിന്ന് 24.2-ഉം 2009-ൽ നിന്ന് 38.9 - ഉം ശതമാനം കുറവ്. ടാറ്റാ മോട്ടാേഴ്സിന് കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനം അധികം യാത്രാ വാഹനങ്ങൾ (കാർ, എസ് യു വി) വിൽക്കാനായി. 28,027 എണ്ണം. എന്നാൽ 2019 -ൽ നിന്ന് 26.4 ശതമാനം കുറവാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും ടൊയോട്ടയ്ക്കും വിൽപന വർധിച്ചു. മഹീന്ദ്ര 19,458-ഉം ടൊയാേട്ട 13,003-ഉം യാത്രാ വാഹനങ്ങൾ വിറ്റു.
ടാറ്റാ മോട്ടോഴ്സിൻ്റെ വാണിജ്യ വാഹന വിൽപന 15 ശതമാനം കൂടി. അശോക് ലെയ്ലൻഡിൻ്റെ വിൽപന നാലു ശതമാനമേ വർധിച്ചുള്ളു.
ഗ്രാമീണ വരുമാനം കുറഞ്ഞത് വില കുറഞ്ഞ ടൂ വീലറുകളുടെ വിൽപന ഇടിച്ചു. ബജാജ് ഓട്ടോയുടെ വിൽപന 20 ശതമാനവും ടിവിഎസ് മാേട്ടാേറിൻ്റെ വിൽപന 29 ശതമാനവും കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂ വീലർ കമ്പനിയായ ഹീറോ മോട്ടോ കോർപിൻ്റെ വിൽപന 40.9 ശതമാനമാണ് ഇടിഞ്ഞത്.
ട്രാക്ടർ വിൽപന കുറവാണെന്ന് മഹീന്ദ്രയുടെയും എസ്കോർട്സിൻ്റെയും കണക്കുകൾ കാണിക്കുന്നു.

This section is powered by Muthoot Finance

Tags:    

Similar News