പ്രതീക്ഷകൾ പാളി; കരടികൾ പിടിമുറുക്കുമോ? വിറ്റു മാറാൻ വിദേശികൾ; ക്രൂഡ് വില ഇടിഞ്ഞു

ഓഹരി വിപണി: സാങ്കേതിക വിശകലനം പറയുന്നതെന്ത്?; ക്രൂഡ് ഇടിഞ്ഞു, സ്വർണവും; യുഎസ് കുതിപ്പിനു പിന്നിൽ

Update:2022-04-20 07:55 IST

ആശ്വാസറാലി ഉണ്ടാകുമെന്നു രാവിലെ തോന്നിയെങ്കിലും ഇന്നലെ വിദേശനിക്ഷേപകരുടെ വിൽപന സമ്മർദം തകർച്ചയുടെ മറ്റൊരു ദിവസത്തിനു വഴിമാറി. തുടർച്ചയായ അഞ്ചു ദിവസത്തെ ഇടിവുകൾക്കു ശേഷം ഇന്നു വിപണി കരുതലോടെയുള്ള ചെറിയ പ്രത്യാശയിലാണ്.

ഒരു പുൾ ബായ്ക്ക് റാലിക്കു വേണ്ട ഘടകങ്ങൾ എല്ലാം ഒത്തുവന്നിട്ടുണ്ടെങ്കിലും വിദേശികൾ വിൽപന തുടരുന്ന പക്ഷം വീണ്ടും തകർച്ച നേരിടും.



ക്രൂഡ് ഓയിൽ വില ഇന്നലെ ആറു ശതമാനം ഇടിഞ്ഞതും ഇന്ത്യയുടെ ഈ വർഷത്തെ ജിഡിപി വളർച്ച തരക്കേടില്ലാത്ത നിലവാരത്തിൽ (8.2 ശതമാനം) ഉണ്ടാകുമെന്ന് ഐഎംഎഫ് വിലയിരുത്തിയതും അനുകൂല ഘടകങ്ങളാണ്. അതേ സമയം ആഗോള വളർച്ചയിൽ സാരമായ കുറവുണ്ടാകുമെന്ന ഐഎംഎഫ് പ്രവചനം ആശ്വാസകരമല്ല.

ചൊവ്വാഴ്ചത്തെ കുതിപ്പിനു ശേഷം ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഓസ്ട്രേലിയയിലും ജപ്പാനിലും വിപണികൾ നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്.

ആഗാേള വളർച്ച കുറയുമ്പോൾ കയറ്റുമതി കുറയുമെന്ന ആശങ്കയിൽ ദക്ഷിണ കൊറിയൻ വിപണി താഴ്ന്നാണു തുടങ്ങിയത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,051 വരെ ഉയർന്നു. ഇന്നു രാവിലെ വീണ്ടും കയറി 17,076ലെത്തി. പിന്നീടു താണ് 17,000-നു താഴെയായി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്നലെ യൂറോപ്യൻ ഓഹരികൾ താഴ്ചയിലായെങ്കിലും യുഎസ് വിപണി നല്ല കുതിപ്പ് നടത്തി. മികച്ച കമ്പനി റിസൽട്ടുകൾ മുഖ്യസൂചികകളെ ഒന്നര മുതൽ രണ്ടര വരെ ശതമാനം ഉയർത്തി. ക്രൂഡ് ഓയിൽ വില കുത്തനെ താണതാണു വിപണിയെ സഹായിച്ചത്.

ചൊവ്വാഴ്ച ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയോടെ നേട്ടത്തിൽ നിലയുറപ്പിച്ചതായി തോന്നിച്ചു. എന്നാൽ പിന്നീടു വിൽപനസമ്മർദത്തിൽ മുഖ്യസൂചികകൾ ഒന്നേകാൽ ശതമാനം ഇടിഞ്ഞു. ഇതോടെ അഞ്ചു ദിവസം കൊണ്ടു വിപണി അഞ്ചു ശതമാനം ഇടിഞ്ഞ നിലയിലായി.


സെൻസെക്സ് അഞ്ചു ദിവസം കൊണ്ട് 2984 പോയിൻ്റ് (5.02%) താഴ്ചയിലായി. നിഫ്റ്റി 50 സൂചിക 4.6 ശതമാനം ഇടിഞ്ഞു. ഏപ്രിൽ എട്ടിലെ 274.1 ലക്ഷം കോടി രൂപയിൽ നിന്നു വിപണിമൂല്യം 266 ലക്ഷം കോടി രൂപയായി താണു.


ഇന്നലെ സെൻസെക്സ് 703.59 പോയിൻ്റ് (1.23%) ഇടിഞ്ഞ് 56,463.15 ലും നിഫ്റ്റി 215 പോയിൻ്റ് (1.25%) ഇടിഞ്ഞ് 16,958.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.37 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.66 ശതമാനവും താഴ്ന്നു. ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ മേഖലാ സൂചികകളും ഇടിവിലായിരുന്നു.

ഐടി (2.98% താഴ്ച) യും എഫ്എംസിജിയും (2.82 ശതമാനം) ആണു തകർച്ചയ്ക്കു മുന്നിൽ നിന്നത്. എച്ച്ഡിഎഫ്സി ദ്വയങ്ങളും ഇൻഫിയും ഒക്കെ സൂചികകളെ വലിച്ചു താഴ്ത്തിയപ്പോൾ റിലയൻസ് ഓഹരി നാലു ശതമാനത്തോളം ഉയർന്നതാണു വലിയ തകർച്ച ഒഴിവാക്കിയത്.

നിഫ്റ്റി 16,800 നു താഴേക്കു പോയാൽ വലിയ തകർച്ചയാകും ഉണ്ടാവുക എന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. തിരിച്ചു കയറാനുള്ള ശ്രമം 17,100-ലെ തടസത്തെ മറികടന്നാലേ മുന്നേറ്റത്തിലേക്കു നയിക്കൂ. നിഫ്റ്റിയിൽ ഹ്രസ്വകാല മൂവിംഗ് ആവരേജ് ദീർഘകാല മൂവിംഗ് ആവരേജിനു താഴെയായി.

മരണ ക്രോസിംഗ് എന്നു വിശേഷിപ്പിക്കുന്ന ഈ സാഹചര്യം വിപണി വീണ്ടും താഴോട്ടു നീങ്ങാനുള്ള സാധ്യതയാണു കാണിക്കുന്നത്. നിഫ്റ്റിക്ക് 16,765ലും 16,570 ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഉയർച്ചയിൽ 17,215 ലും 17,470 ലുമാണു തടസങ്ങൾ.

ഇന്നലെ വിദേശികൾ 5871.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ വാങ്ങിയത് 3980.81 കോടിയുടെ ഓഹരികൾ മാത്രം.

ക്രൂഡ് ഇടിഞ്ഞു, സ്വർണവും

ഈ വർഷം ആഗാേള വളർച്ച 3.6 ശതമാനമായി കുറയുമെന്ന ഐഎംഎഫ് വിലയിരുത്തൽ ക്രൂഡ് ഓയിൽ വില ആറു ശതമാനം ഇടിയാൻ കാരണമായി.

ബ്രെൻ്റ് ഇനം 107.18 ഡോളർ വരെ താണു. റഷ്യയുടെ ക്രൂഡ് കയറ്റുമതി കഴിഞ്ഞയാഴ്ച 25 ശതമാനം ഇടിഞ്ഞത് ഉപരോധങ്ങളുടെ സമ്മർദത്തിലാണ്. ഇതും ക്രൂഡ് വില താഴാൻ സഹായിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം108.3 ഡോളറിലേക്കു കയറിയിട്ടു വീണ്ടും 107.2 ലേക്കു താണു.

വ്യാവസായിക ലോഹങ്ങൾ നേരിയ തോതിൽ താഴോട്ടു നീങ്ങി. ആഗോള വളർച്ചയുടെ ഗതിയാകും ഇവയുടെ വിലയെ നയിക്കുക. സ്റ്റീൽ, അലൂമിനിയം, ലെഡ് തുടങ്ങിയവ ഒന്നു മുതൽ രണ്ടു വരെ ശതമാനം താണു. എന്നാൽ ലഭ്യത തടസപ്പെടുമെന്ന വിലയിരുത്തൽ ചെമ്പുവില രണ്ടു ശതമാനം ഉയർത്തി.

ക്രൂഡ് വിലയിടിവ് വിലക്കയറ്റത്താേത് കുറയ്ക്കുമെന്ന നിഗമനത്തിൽ സ്വർണ ബുള്ളുകൾ നിലപാട് മാറ്റി. സ്വർണവില കുത്തനേ താണു.

തിങ്കളാഴ്ച ഔൺസിന് 1979 ഡോളറിൽ ക്ലോസ് ചെയ്ത വില ഇന്നലെ 1947.8 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1943-1945 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നു വില കുറയും.
ഡോളർ വീണ്ടും കയറി. ഇന്നലെ 22 പൈസ നേട്ടത്തിൽ 76.51 രൂപയിലെത്തി ഡോളർ. ഡോളർ സൂചിക 100.96 ലേക്കു കയറി.

വിറ്റുമാറാൻ തിരക്കുകൂട്ടി വിദേശികൾ

കഴിഞ്ഞ അഞ്ചു ദിവസം കൊണ്ടു 18,000-കോടിയിലേറെ രൂപ ഓഹരികളുടെ ക്യാഷ് വിപണിയിൽ നിന്നു വിദേശികൾ പിൻവലിച്ചു. പിൻവലിക്കൽ തുടരും എന്ന സൂചനയാണ് ഇതുവരെ ഉള്ളത്.

യുഎസ് പലിശ നിരക്ക് അടുത്ത മാസം കുതിച്ചു കയറും എന്ന പ്രതീക്ഷയിൽ അവിടെ കടപ്പത്ര വിലകൾ താഴുകയാണ്. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) 2.94 ശതമാനം വരെ ഉയർന്നിട്ടുണ്ട്. താമസിയാതെ അതു മൂന്നു ശതമാനത്തിലധികമാകും.
ജൂണോടെ യുഎസ് ഫെഡ് സംഭരിച്ചു വച്ചിരിക്കുന്ന കടപ്പത്രങ്ങൾ തിരികെ വിപണിയിലിറക്കാൻ തുടങ്ങും. അതാേടെ കടപ്പത്ര വിലകൾ വീണ്ടും താഴും. യാതൊരു നഷ്ടസാധ്യതയുമില്ലാത്തതാണു സർക്കാർ കടപ്പത്ര നിക്ഷേപം.

ഒരു ഭാഗം പെൻഷൻ ഫണ്ടുകളും വ്യക്തികളും അവയിലേക്കു നിക്ഷേപം മാറ്റാൻ താൽപര്യപ്പെടും. വിദേശികൾ വികസ്വര രാജ്യങ്ങളിൽ നിന്നു പണം പിൻവലിക്കുന്നതിനു പിന്നിലെ കാര്യം ഇതാണ്.

യുഎസ് കുതിപ്പിനു പിന്നിൽ

ഇന്നലെ യുഎസ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയത് പ്രമുഖ കമ്പനികൾ പ്രതീക്ഷയേക്കാൾ മികച്ച ഒന്നാം പാദ (ജനുവരി-മാർച്ച്) റിസൽട്ട് പുറത്തു വിട്ടതുകൊണ്ടാണ്. കമ്പനികളുടെ വരുമാനം പ്രതീക്ഷയേക്കാൾ മൂന്നും ലാഭം പ്രതീക്ഷയേക്കാൾ ആറും ശതമാനം കൂടുതലായി.

റിസൽട്ട് സീസൻ്റെ തുടക്കം മാത്രമാണിത്. പ്രമുഖ സൂചികകളിലെ 42 കമ്പനികളുടെ റിസൽട്ടേ വന്നിട്ടുള്ളു. ഇന്നലെ ഡൗ 1.45 - ഉം എസ് ആൻഡ് പി 1.61 ഉം നാസ്ഡാക് 2.15 ഉം ശതമാനം ഉയർന്നതിൽ അധികം പ്രതീക്ഷ വയ്ക്കേണ്ടതില്ല. പ്രതീക്ഷയേക്കാൾ മോശപ്പെട്ട റിസൽട്ടും വരാം.

ഐഎംഎഫിൻ്റെ വളർച്ചനിഗമനം

ഈ വർഷം ആഗോള ജിഡിപി വളർച്ച 3.6 ശതമാനമാകുമെന്നാണ് ഐഎംഎഫിൻ്റെ പുതിയ വിലയിരുത്തൽ. ജനുവരിയിൽ കണക്കാക്കിയത് 4.4 ശതമാനമായിരുന്നു.

യുക്രെയ്ൻ യുദ്ധമാണു പ്രതീക്ഷ താഴ്ത്താൻ കാരണം. യുദ്ധം ക്രൂഡ് ഓയിലും പ്രകൃതി വാതകവുമടക്കം ഊർജ മേഖലയിൽ വലിയ വിലക്കയറ്റത്തിനു കാരണമായി. ലോഹങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയും കടുത്ത വിലക്കയറ്റത്തിലായി.

ഇതു വികസ്വര രാജ്യങ്ങളിലെ ഇക്കൊല്ലത്തെ ശരാശരി വിലക്കയറ്റം 8.7 ശതമാനത്തിലേക്കു കയറ്റും. നേരത്തേ കണക്കാക്കിയത് 5.9 ശതമാനമായിരുന്നു.

വികസിത രാജ്യങ്ങളിലെ വിലക്കയറ്റം 3.9 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലെത്തും. 2021-ൽ 6.1 ശതമാനം വളർച്ച ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 3.6-ഉം അടുത്ത വർഷം 3.3 ഉം ശതമാനമാകും വളർച്ച.

ഐഎംഎഫ് ഇന്ത്യയുടെ 2022-23 ലെ വളർച്ചപ്രതീക്ഷ 8.2 ശതമാനമായാണു താഴ്ത്തിയത്. നേരത്തേ ഒൻപതു ശതമാനമായിരുന്നു പ്രതീക്ഷ. ഇതേ സമയം ചൈനീസ് വളർച്ച 4.4 ശതമാനമായിരിക്കും.

ഇന്ത്യയുടെ റിസർവ് ബാങ്ക് കണക്കാക്കിയ 7.2 ശതമാനത്തേേക്കാൾ ഉയർന്നതാണ് ഐഎംഎഫ് നിഗമനം.

This section is powered by Muthoot Finance



Tags:    

Similar News