റിസർവ് ബാങ്കിൽ കണ്ണുനട്ട് വിപണി; നഷ്ടത്തുടക്കം മാറ്റാൻ നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; വിദേശികൾ കൂടുതൽ വിൽപനയ്ക്കോ?
ശക്തികാന്ത ദാസ് ഇന്ന് എന്ത് പറയും? ഇന്ത്യ നിലപാട് മാറ്റുമോ? അസംഘടിത മേഖലയിൽ പ്രശ്നങ്ങൾ തീരുന്നില്ല;
റിസർവ് ബാങ്ക് പലിശനിരക്കു വർധിപ്പിക്കുകയില്ലെന്ന പ്രതീക്ഷയോടെയാണ് വിപണി ഇന്നു വ്യാപാരം തുടങ്ങുക. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തുsക്കങ്ങൾ മാറ്റി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് നിക്ഷേപകർ ആഗ്രഹിക്കുന്നത്. വിദേശ വിപണികൾ നൽകുന്ന സൂചനയും പോസിറ്റീവാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു താഴ്ന്നതും വിപണിയെ സന്തോഷിപ്പിക്കുന്നു.
ഇന്നലെ വിദേശികളുടെ വലിയ വിൽപന സമ്മർദത്തിൽ വിപണി കുത്തനേ താഴോട്ടു പോയി. നികുതി ലാഭിക്കാനായി മൗറീഷ്യസിൽ ആസ്ഥാനം എന്നു രേഖ നൽകിയിട്ട് മറ്റു രാജ്യങ്ങളിൽ നിന്ന് നിക്ഷേപം നിയന്ത്രിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചർ കാപ്പിറ്റൽ ഫണ്ടുകൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടയിൽ ആശങ്ക പരത്തി. ഇത് അവരുടെ വിൽപന വർധിക്കാൻ കാരണമായി.
യൂറോപ്യൻ വിപണി തുടക്കത്തിൽ വലിയ താഴ്ചയിലായിരുന്നെങ്കിലും ക്ലോസിംഗ് ചെറിയ നഷ്ടത്തിൽ മാത്രമായിരുന്നു. അമേരിക്കൻ വിപണി ചെറിയ നഷ്ടത്തിൽ തുടങ്ങി വലിയ നഷ്ടത്തിലേക്കു കൂപ്പുകുത്തി. എങ്കിലും അവസാന മണിക്കൂറുകളിൽ നല്ല തിരിച്ചു കയറ്റം കാഴ്ചവച്ചു. കാൽ ശതമാനം ഉയർച്ചയോടെ മുഖ്യസൂചികകൾ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,740 ൽ എത്തി. ഇന്നു രാവിലെ 17,757 വരെ കയറിയിട്ട് 17,720 ലേക്കു താണു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ സെൻസെക്സ് 575.46 പോയിൻ്റ് (0.97%) നഷ്ടത്തിൽ 59,034.95ലും നിഫ്റ്റി 168.1 പോയിൻ്റ് (0.94%) നഷ്ടത്തിൽ 17,639.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.02 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.31 ശതമാനവും താഴ്ന്നു. ഓയിൽ - ഗ്യാസ്, മെറ്റൽ, ഐടി, ഓട്ടോ തുടങ്ങിയ മേഖലകളിൽ വലിയ നഷ്ടമുണ്ടായി. ബാങ്ക് ഓഹരികൾ ആദ്യം താണിട്ടു വലിയ നേട്ടത്തിലേക്കു തിരിച്ചു കയറിയെങ്കിലും ഒടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്ന് 5009.62 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സമീപകാലത്തൊന്നും ഇത്ര വലിയ ഏകദിന വിൽപന അവരിൽ നിന്ന് ഉണ്ടായിട്ടില്ല. മൗറീഷ്യസ് ആസ്ഥാനമായുള്ള ചില വിദേശ ഫണ്ടുകളുടെ നികുതി ഒഴിവാക്കൽ തന്ത്രം തടയാൻ ആദായ നികുതി വകുപ്പ് നടപടി എടുക്കുന്നതു വിദേശികളുടെ വിൽപനയ്ക്കു പിന്നിൽ ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലെ ഇനത്തിൽ 500 കോടിയിൽപരം രൂപയുടെ നികുതിക്കാണു വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. പി ഇ, വി സി ഫണ്ടുകൾക്കാണ് ഇപ്പോൾ നോട്ടീസ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഇന്നലെ 1774.7 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് മനോഭാവത്തോടെയാണു ക്ലോസ് ചെയ്തത്. നിഫ്റ്റിക്ക് 17,580 ലും 17,520 ലും സപ്പോർട്ട് ഉണ്ട്. 17,745- ഉം 17,850-ഉം തടസ മേഖലകളാണ്.
ക്രൂഡ് ഓയിൽ വില ഇന്നലെ താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 100.6 ഡോളർ വരെ താണു. ഇന്നു രാവിലെ 101 ഡോളറിലേക്കു കയറി. അമേരിക്കയും സഖ്യ രാജ്യങ്ങളും കൂടുതൽ ക്രൂഡ് വിപണിയിലിറക്കുന്നതും റഷ്യയുടെ വിൽപന തുടരുന്നതും വിപണിയിൽ ലഭ്യത വർധിപ്പിച്ചു.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴോട്ടു നീങ്ങി. ചൈനയിലെ വ്യവസായ നഗരങ്ങൾ പലതും ലോക്ക് ഡൗണിലായതോടെ ഡിമാൻഡ് കുറഞ്ഞതാണു കാരണം. ഇരുമ്പയിരിനും ലോഹങ്ങൾക്കും രണ്ടര ശതമാനം വരെ വില കുറഞ്ഞു.
സ്വർണം അൽപം ഉയർന്നു. ഇന്നലെ 1920-1938 ഡോളർ മേഖലയിൽ കയറിയിറങ്ങിയിട്ട് ഇന്നു രാവിലെ 1935-1936- ലേക്ക് ഉയർന്നു. കേരളത്തിൽ ഇന്നലെ പവനു 160 രൂപ ഉയർന്നതാണ്. ഇന്നും വില കൂടാം..
ഡോളർ ഇന്നലെ 21 പൈസ നേട്ടത്തിൽ 75.96 രൂപയിലെത്തി. ഡോളർ സൂചിക ഇന്നലെ വീണ്ടും ഉയർന്നു. ഡോളർ വീണ്ടും 76 രൂപയ്ക്കു മുകളിൽ കയറാം.
എല്ലാ കണ്ണുകളും ദാസിലേക്ക്
ഇന്നു രാവിലെ എല്ലാവരുടെയും ശ്രദ്ധ ശക്തികാന്ത ദാസിലായിരിക്കും. മൂന്നു ദിവസത്തെ പണനയ കമ്മിറ്റിക്കു ശേഷം എടുത്ത തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ ദാസ് രാവിലെ പത്തിന് അറിയിക്കും. നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാത്ത ഒരു തീരുമാനമാണ് വിപണി ആഗ്രഹിക്കുന്നത്. ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നതും അതാണ്.
നിരക്ക് ഉയർത്തേണ്ടതും സമീപനം മാറ്റേണ്ടതും ആണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും മാറുകയില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രതീക്ഷയ്ക്കു വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ വിപണി വല്ലാതെ പ്രതികരിക്കും.
ഇന്ത്യ നിലപാട് മാറ്റുമോ?
അമേരിക്കയിലടക്കം കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചു തുടങ്ങി. എല്ലായിടത്തും വളർച്ചയ്ക്കു വേണ്ടി ഉദാരമായ പണലഭ്യത ഉറപ്പു വരുത്തുന്ന സമീപനം മാറ്റി. പകരം വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും കുറയ്ക്കാനുമുള്ള സമീപനമായി.
ചില്ലറ വിലക്കയറ്റം 6.07 ശതമാനത്തിലെത്തിയ ഇന്ത്യയും ആ സമീപനത്തിലേക്കു മാറേണ്ട സമയം കഴിഞ്ഞെന്നു പലരും അഭിപ്രായപ്പെടുന്നു. ബാങ്ക് വായ്പകൾ ഇനിയും വേണ്ട തോതിൽ വർധിക്കുന്നില്ല. കമ്പനികൾ വ്യവസായ വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുന്നില്ല. ബിസിനസ് യഥാർഥത്തിൽ വർധിക്കാത്തതിനാൽ പുതിയ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നില്ല എന്നതാണു സത്യം. ഈ സാഹചര്യത്തിൽ ഉദാരമായ നയം അപ്രസക്തമാണെന്ന് പലരും പറയുന്നു.
റിസർവ് ബാങ്ക് വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ ലേലവും ഡോളർ സ്വാപ്പും മറ്റും വഴി വിപണിയിലെ പണലഭ്യത കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് അത്ര വിജയം കണ്ടിട്ടില്ല. 3.35 ശതമാനത്തിൽ നിൽക്കുന്ന റിവേഴ്സ് റീപോ നിരക്ക് 3.5 ശതമാനത്തിലേക്കു വർധിപ്പിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നെന്നാണു ചിലർ ചൂണ്ടിക്കാട്ടുന്നത്.
പിരമിഡിൻ്റെ അടിത്തട്ട് തളർച്ചയിൽ
പക്ഷേ റിസർവ് ബാങ്ക് വളർച്ച എന്ന ഏക ലക്ഷ്യം മുറുകെപ്പിടിക്കുകയായിരുന്നു. അത് അത്ര കണ്ടു വിജയകരമായി എന്നു പറയാൻ പ്രയാസമാണു താനും. കമ്പനികളുടെ വിറ്റുവരവും ലാഭവും വർധിക്കുന്നു എന്നതു ശരിയാണ്. പക്ഷേ, അസംഘടിതമേഖലയുടെ (പ്രത്യേകിച്ചും സൂക്ഷ്മ -ചെറുകിട മേഖലകൾ) ബിസിനസ് വൻകിടക്കാർ കൈയടക്കുന്നതു വഴിയാണ് ഈ വളർച്ച. പിരമിഡിൻ്റെ താഴെത്തട്ടിൽ വളർച്ചയല്ല തളർച്ചയാണ്. സൂക്ഷ്മ- ചെറുകിട മേഖലകൾ ചുരുങ്ങുന്നതും എൻട്രി ലെവൽ കാറുകളുടെയും ടൂവീലറുകളുടെയും വിൽപന കുറയുന്നതും കാണിക്കുന്നത് അതാണ്. അതേ സമയം നിഫ്റ്റി 50 യിലെ കമ്പനികൾ ലാഭം വർധിക്കുന്നു. എസ് യു വികൾ അടക്കം വില കൂടിയ വാഹനങ്ങളുടെ വിൽപന കൂടുന്നു. അപകടകരമായ വൈരുധ്യമാണിത്. സംഘടിത മേഖലയിൽ അതിവേഗം തൊഴിൽ വർധിച്ചാൽ മാത്രമേ ഇതിൻ്റെ വിപരീത ഫലങ്ങൾ അൽപമെങ്കിലും കുറയൂ.
This section is powered by Muthoot Finance