ആശ്വാസറാലി കാത്തു വിപണി; വിദേശികളും സ്വദേശിഫണ്ടുകളും വിൽപനക്കാരായി; പലിശ വർധനയുടെ തോത് കൂടുമെന്ന് നിഗമനം

ഇന്നുണ്ടാകുമോ ആശ്വാസറാലി?; സ്വർണ്ണ വിലയുടെ കയറ്റത്തിന് പിന്നിൽ; ഗൗതം അദാനി ഇന്ന് മിന്നുമോ?;

Update:2022-02-08 07:59 IST

തിങ്കളാഴ്ച പുതിയ കാര്യങ്ങൾ ഒന്നും സംഭവിച്ചില്ല. എങ്കിലും ഇന്ത്യൻ വിപണി ഇടിഞ്ഞു. ഇനിയും ഇടിയുമെന്ന ആശങ്ക പകർന്നു കൊണ്ടാണു വിപണി ക്ലോസ് ചെയ്തത്. എങ്കിലും ഇന്ന് ഒരു ആശ്വാസ റാലി പ്രതീക്ഷിക്കുന്നുണ്ട്.

ആസന്നമായ പലിശവർധന, ക്രൂഡ് വിലക്കയറ്റം, വലിയ കമ്മി എന്നിങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിലയിടിവിനു വ്യാഖ്യാനങ്ങൾ വരുന്നത്. തുടർച്ചയായ മൂന്നു ദിവസം വിപണി താണതാേടെ നിക്ഷേപകരുടെ നഷ്ടം 5.8 ലക്ഷം കോടി രൂപയായി. സെൻസെക്സും നിഫ്റ്റിയും സർവകാല ഉയരത്തിൽ നിന്ന് 7.5 ശതമാനം താഴ്ചയിലാണ്.
ഇന്നലെ സെൻസെക്സ് 1300-ലേറെ പോയിൻ്റ് ഇടിഞ്ഞിട്ട് അൽപം തിരിച്ചു കയറി ക്ലോസ് ചെയ്തു. നിഫ്റ്റിയും അതേ പാതയിലായിരുന്നു. സെൻസെക്സ് 1023.63 പോയിൻ്റ് (1.75%) നഷ്ടപ്പെട്ട് 57,621.19 ലും നിഫ്റ്റി 302.7 പോയിൻ്റ് (1.73%) നഷ്ടമാക്കി 17,213.6 ലും ക്ലോസ് ചെയ്തു. മിക്കവാറും എല്ലാ വ്യവസായ മേഖലകളും ഇടിവിലായിരുന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളെ അപേക്ഷിച്ചു കുറച്ചു മാത്രമേ താണുള്ളൂ.
നിഫ്റ്റിക്ക് 17,045 ലും 16,875-ലും ആണു സപ്പോർട്ട്. 17,460-ലും 17,705-ലും തടസം പ്രതീക്ഷിക്കാം. 17,536 കടന്നാലേ അർഥപൂർണമായ ഒരു റാലിയിലേക്കു നിഫ്റ്റി പ്രവേശിക്കൂ എന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,000 നിലനിർത്താനായില്ലെങ്കിൽ 16,836 ആകും അടുത്ത നിർണായക സ്ഥാനം.
ഇന്നലെ യൂറോപ്യൻ വിപണികൾ തുടക്കത്തിൽ താഴ്ന്നെങ്കിലും പിന്നീടു നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് വിപണി ഉയർന്നു തുടങ്ങിയ ശേഷം വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ കുത്തനെ ഇടിഞ്ഞു ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,204 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 17,262 ലേക്ക് കുതിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ക്രൂഡ് ഉയരത്തിൽ

ക്രൂഡ് ഓയിൽ വില ഉയർന്ന നിലവാരത്തിൽ കയറിയിറങ്ങുകയാണ്.സ്പോട്ട് വില 94 ഡോളറിനു മുകളിൽ ആണ്. അവധിവില ബ്രെൻ്റ് ഇനത്തിനു 92.65 ഡോളർ ആയി. യുഎസ് -ഇറാൻ ചർച്ചയിൽ പുരോഗതി ഉണ്ടെന്ന റിപ്പോർട്ടാണ് വില താഴ്ത്തിയത്. പ്രകൃതിവാതക വില ഇന്നലെ എട്ടു ശതമാനം ഇടിഞ്ഞ് 4.2 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. അലൂമിനിയം ടണ്ണിന് 3120 ഡോളർ ആയി.

സ്വർണവും ബിറ്റ്കോയിനും കയറി

സ്വർണം ഇന്നലെ നല്ല കുതിപ്പ് നടത്തി. 1808 ഡോളറിൽ നിന്ന് 1824 ഡോളർ വരെ എത്തി. ഇന്നു രാവിലെ 1821-1823 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നേക്കും. ഡോളർ സൂചിക താണതു സ്വർണത്തിനു താങ്ങായി.
ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢ കറൻസികൾ കഴിഞ്ഞയാഴ്ചയിലെ കയറ്റം ഇന്നലെയും തുടർന്നു. ജനുവരി 22-ലെ 35,000 ഡോളറിൽ നിന്ന് 44,000 ഡോളറിലേക്ക് (25.7 ശതമാനം നേട്ടം) ബിറ്റ്കോയിൻ എത്തി. മറ്റു ഗൂഢ കറൻസികളും സമാന നേട്ടം ഉണ്ടാക്കി.

അദാനി മുന്നിൽ കയറി

മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. ബ്ലൂംബർഗ് പട്ടികയിൽ അദാനിയുടെ സമ്പത്ത് 8850 കോടി ഡോളർ; അംബാനിയുടേത് 8790 കോടി ഡോളർ. അദാനി -വിൽമർ ഐപിഒ ഇന്നു ലിസ്റ്റ് ചെയ്യുന്നതോടെ അദാനിയുടെ സമ്പത്ത് വീണ്ടും ഉയരും.

വിദേശികളും സ്വദേശി ഫണ്ടുകളും വിൽപനയിൽ

വിദേശ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ഒരേ പോലെ വിൽപനക്കാരായി എന്നതാണ് ഇന്നലത്തെ വീഴ്ചയിലെ പ്രത്യേകത. വിദേശികൾ 1157.23 കോടി രൂപയുടെ ഓഹരികൾ വിറ്റു; സ്വദേശി ഫണ്ടുകൾ 1376.49 കോടിയുടെ ഓഹരികളും. വിദേശികൾ ജനുവരി ഒന്നു മുതൽ ഇന്നലെ വരെ 46,574 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്. അമേരിക്കയിൽ പലിശ കൂടുന്നതിനു മുമ്പേ ഇവിടെ നിന്നു കൂടുതൽ നിക്ഷേപം അങ്ങോട്ടു മാറ്റാൻ അവർ ശ്രമിക്കും. യുഎസ് കടപ്പത്രങ്ങൾ കൂടുതൽ സുരക്ഷിതവും ആദായകരവുമായ നിക്ഷേപമായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (yield) 1.93 ശതമാനം വരെ ഉയർന്നു. ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 6.89 ശതമാനത്തിലേക്കു കയറിയിട്ടുണ്ട്.

പഴയ കാര്യങ്ങൾ മാത്രം

ദിവസങ്ങൾ മുമ്പേ അറിയാവുന്ന കാര്യങ്ങളാണ് ഇന്നലത്തെ തകർച്ചയ്ക്കു കാരണമായി പറയുന്നത്. അമേരിക്ക മാർച്ചിൽ പലിശ കൂട്ടും. അതിനനുസരിച്ച് ഇന്ത്യയും കൂട്ടും. ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് എത്തുമെന്നു കരുതേണ്ട നിലയായി. ഇതെല്ലാം ഇന്ത്യയുടെ നില ദുർബലമാക്കുന്നു. ഇന്ത്യൻ ഓഹരികൾ യാഥാർഥ്യത്തിനു നിരക്കാത്ത ഉയർന്ന വിലയിലാണ്. ബജറ്റിലെ കമ്മി വളരെ കൂടുതലാണ്. വരുമാന പ്രതീക്ഷ പാളിയാൽ പിടിച്ചു നിൽക്കാൻ ഒന്നുമില്ല. കമ്മി സാധാരണ നിലയിലാക്കുന്നതിന് ഒരു വഴിത്താര കാണിച്ചിട്ടില്ല.
ഈ ന്യായീകരണങ്ങളിൽ ഒന്നിലും പുതുമയില്ല. എല്ലാം മുമ്പേ അറിയാമായിരുന്നവയാണ്.

ഓഹരിവില കൂടുതലെന്ന്

ഓഹരിവില കൂടുതലാണെന്ന വാദം തന്നെ നോക്കാം. കഴിഞ്ഞവർഷം ഒക്ടോബറിൽ നിഫ്റ്റി 50 ഓഹരി സൂചികയുടെ പിഇ അനുപാതം (ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം) 28 ആയപ്പോൾ വില കൂടുതലാണെന്നു പരാതി ഇല്ലായിരുന്നു. 2021 ഫെബ്രുവരിയിൽ നിഫ്റ്റിയുടെ പിഇ അനുപാതം 42 ആയപ്പോഴും പ്രശ്നമില്ലായിരുന്നു. ഇന്നലെ പിഇ അനുപാതം 23.11 ആയപ്പോൾ പറയുന്നു ഓഹരിവില അഞ്ചു മുതൽ പത്തു വരെ ശതമാനം കൂടി താഴണമെന്ന്. കമ്പനികൾ അടുത്ത വർഷം പ്രതീക്ഷിക്കുന്ന ലാഭം വച്ചുള്ള പിഇ അനുപാതം നിഫ്റ്റിയിൽ 23.27 ആണ്. അമേരിക്കൻ നാസ്ഡാക് സൂചികയ്ക്ക് ഇത് 28.43 വരും. എന്നാൽ മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ പിഇ വളരെ കൂടുതലാണ്.

പലിശവർധന തുടക്കത്തിൽ അര ശതമാനം?

പലിശനിരക്ക് മാർച്ചിൽ കൂട്ടാനുള്ള സാധ്യത ഡിസംബർ മുതൽ അറിയാവുന്നതാണ്. കഴിഞ്ഞയാഴ്ച അമേരിക്കയിലെ തൊഴിലവസര വർധനയുടെ കണക്കു വന്നപ്പോൾ വർധന മാർച്ചിൽത്തന്നെ എന്നുറപ്പായി. കഴിഞ്ഞ മാസം 4.67 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് യുഎസിൽ ഉണ്ടായത്. ഈ വ്യാഴാഴ്ച യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് വരും. 7.2 ശതമാനം എന്ന പുതിയ റിക്കാർഡ് നിരക്കാണ് പൊതു നിഗമനം. അത് മാർച്ചിലെ പലിശനിരക്കു വർധന അര ശതമാനം വരെ ആകാൻ കാരണമാകും. സാധാരണ കാൽ ശതമാനം വീതമാണു വർധിപ്പിക്കാറ്. ഇതിൻ്റെ ആഘാതവും പ്രതിഫലനവും ഇന്ത്യയിൽ ഉണ്ടാകും.
ഇങ്ങനെ മുമ്പേ അറിയാവുന്ന കാര്യങ്ങൾ എല്ലാം ചേർത്ത ഒരു വിശദീകരണമാണ് ഇന്നലത്തെ ഇടിവിനു വിപണി നൽകുന്നത്. ഇനിയും താണ്ടാൽ ഓഹരിവിലകളിലെ ദുർമേദസ് മാറ്റാനുള്ള തിരുത്തൽ എന്ന നിലയിലേക്ക് വ്യാഖ്യാനങ്ങൾ മാറും.


This section is powered by Muthoot Finance


Tags:    

Similar News