പലിശപ്പേടിയിൽ യുഎസ് സൂചികകൾ; ഏഷ്യ ഉണർവിൽ; ക്രൂഡ് വീണ്ടും താഴ്ചയിൽ; ജി ഡി പി കണക്കുകൾ പറയുന്നത് എന്താണ്?

ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ; ജിഡിപി കണക്കിന്റെ പിന്നാമ്പുറങ്ങൾ; അതിവേഗം മാറിമറിയുന്ന കാഴ്ചപ്പാടുകൾ;

Update:2021-12-01 08:10 IST

നല്ല ഉണർവോടെ തുടങ്ങിയ വ്യാപാരം മണിക്കൂറുകൾക്കകം തകർച്ചയിലായി. സെൻസെക്സ് 1316 പോയിൻ്റ് ചാഞ്ചാടിയ ദിവസം വിപണി 195.71 പോയിൻ്റ് (0.34%) താഴ്ചയിൽ 57,064.87 ൽ ക്ലോസ് ചെയ്തു. നാനൂറോളം പോയിൻ്റ് കയറിയിറങ്ങിയിട്ടാണു നിഫ്റ്റി 70.75 പോയിൻ്റ് (0.41%) താഴ്ന്നു 16,983.2 ൽ ക്ലോസ് ചെയ്തത്. ഓഗസ്റ്റ് 30 നു ശേഷം ആദ്യമായാണു 17,000 നു താഴെ നിഫ്റ്റി ക്ലാേസ് ചെയ്യുന്നത്. ബാങ്ക്, ധനകാര്യ, വാഹന, മെറ്റൽ ഓഹരികളാണു പ്രധാനമായും താഴോട്ടു പോയത്. റിലയൻസും ഇടിഞ്ഞു. മുഖ്യസൂചികകൾ ഇടിവിലായെങ്കിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു.

ഒമിക്രോൺ വകഭേദത്തെപ്പറ്റി ആശങ്ക വർധിച്ചതാണു കാരണം. വിപണി ഉയർന്നപ്പോൾ വലിയ വിൽപന സമ്മർദവും ഉണ്ടായി.17,250 നു മുകളിൽ ലഭമെടുത്തു മാറാൻ ചാർട്ടിസ്റ്റുകൾ ഉപദേശിച്ചിരുന്നു.
യൂറോപ്യൻ ഓഹരികളും യുഎസ് ഓഹരികളും ഇന്നലെ താണു. യു എസ് സൂചികകൾ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഫെഡ് കടപ്പത്രം വാങ്ങൽ വേഗം അവസാനിപ്പിക്കും എന്നു ചെയർമാൻ സൂചിപ്പിച്ചതാണു കാരണം. യുഎസ് കടപ്പത്ര വിലകൾ ഉയരുകയും ചെയ്തു. എന്നാൽ ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് നേട്ടത്തിലേക്കു കയറി. ഏഷ്യൻ വിപണികൾ മിക്കതും ഇന്നു രാവിലെ കയറ്റത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,065 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,055 ലേക്കു താണു. പിന്നീട് 17,085 ലേക്കു കയറി. ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
വിദേശ നിക്ഷേപകർ ഇന്നലെ 5445 25 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 5350 കോടിയുടെ വാങ്ങലും നടത്തി. ഫെഡിൻ്റെ പുതിയ നിലപാട് വിദേശികളുടെ വിൽപനത്തോത് കൂടാൻ ഇടയാക്കും.
ബെയറിഷ് സൂചനകളോടെയാണു സൂചികകൾ നിൽക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 16,835 ലും 16,690 ലുമാണ് താങ്ങ് ഉള്ളത്. 17,225 ലും 17,475 ലും തടസം ഉണ്ട്. ബെയർ ഗ്രൂപ്പുകൾ 17,000 ലെവലിലാണു കൂടുതൽ പുട് ഓപ്ഷൻ ഓപ്പൺ ഇൻ്ററസ്റ്റ് നില നിർത്തുന്നത്. അടുത്ത സ്ഥാനം 16,000 ആണ്. പുട് റൈറ്റിംഗ് കൂടുതൽ 16,700 ലാണ്.

ക്രൂഡ് വീണ്ടും താഴാേട്ട്

ലോക വിപണിയിൽ ക്രൂഡ് ഓയിൽ ഇന്നലെ വീണ്ടും ഇടിഞ്ഞു. പലിശപ്പേടിയും വൈറസ് ഭീതിയും ചേർന്നാണ് ഈ താഴ്ചയിലേക്കു നയിച്ചത്. ബ്രെൻറ് ഇനം 70.5 ഡോളറിലായി. പ്രകൃതിവാതക വില 4.6 ഡോളറിലേക്കും താണു. ഇന്നും നാളെയും ഒപെക് യോഗങ്ങൾ ഉണ്ട്. 70 ഡോളറിനു താഴോട്ടു വില നീങ്ങുന്നതു തടയാൻ അവർ നടപടികൾ സ്വീകരിക്കും
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ കയറ്റിറക്കങ്ങൾ നടത്തി.
സ്വർണം വലിയ ചാഞ്ചാട്ടത്തിലാണ്. 1769 ഡോളറിൽ നിന്ന് 1809 വരെ കയറിയ സ്വർണം ഇന്നു രാവിലെ 1775-1777 ഡോളറിലാണ്.

കാഴ്ചപ്പാടുകൾ മാറിമറിയുന്നത്

എത്ര വേഗമാണു കാഴ്ചപ്പാടുകൾ മാറിമറിയുന്നത്. കോവിഡിനു കാരണമായ വൈറസിൻ്റെ പുതിയ വകഭേദം കഴിഞ്ഞ വെള്ളിയാഴ്ച ലോകമെങ്ങും നിക്ഷേപകരെ വലച്ചു. ഓഹരികളിൽ നിന്നു മാറാൻ ജനം തിടുക്കം കൂട്ടി.
തിങ്കളാഴ്ച കഥ മാറി. അത്രയൊന്നും ആശങ്ക വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞതു വിപണികളെ രസിപ്പിച്ചു. വീണ്ടും ചൊവ്വാഴ്ച അതേ വൈറസ് ആശങ്കാ വിഷയമായി. നിലവിലെ വാക്സീൻ ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ പര്യാപ്തമല്ലെന്ന് വാക്സീൻ നിർമാതാക്കളായ മോഡേണയുടെ സിഇഒ സ്റ്റെഫാൻ ബേൻസോ പറഞ്ഞതു വിപണികളെ ഉലച്ചു. ഓഹരികൾ ഇടിഞ്ഞു.
അതിനു ശേഷം യുഎസ് സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയിൽ യുഎസ് ഫെഡ് മേധാവി ജെറോം പവൽ പറഞ്ഞു കൂടിയായപ്പോൾ പാശ്ചാത്യ വിപണികൾ കുത്തനേ താണു. ഫെഡ് കടപ്പത്രം തിരിച്ചു വാങ്ങൽ ഏറ്റവും വേഗം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്നാണു പവൽ പറഞ്ഞത്. അതായത് വിപണിയിലേക്കു പണമൊഴുക്കുന്നതു പെട്ടെന്നു നിർത്തും. അതിനർഥം താമസിയാതെ പലിശ കൂട്ടും എന്നാണ്. യുഎസ് ഓഹരികൾ ചൊവ്വാഴ്ച രണ്ടു ശതമാനത്തോളം ഇടിഞ്ഞത് ഇതിൻ്റെ ഫലമാണ്.
ഈ ഇടിവ് അതേ പോലെ ബുധനാഴ്ച ഏഷ്യൻ വിപണികളിൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും മറിച്ചായിരുന്നു തുടക്കം. ഓഹരികൾ ഉയർന്നു വ്യാപാരം തുടങ്ങി. പിന്നീടു താഴ്ചയിലായി. പവൽ പറഞ്ഞതിൽ വിപണിയെ ഉയർത്തുന്ന കാര്യങ്ങൾ ഉണ്ടാേ എന്നു പരതുകയായിരുന്നു വിപണി.

പ്രതീക്ഷ പോലെ ജിഡിപി കണക്ക്

ജൂലൈ - സെപ്റ്റംബർ രണ്ടാം പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷ പാേലെ വന്നു. 8.4 ശതമാനം.ഇതോടെ ഏപ്രിൽ- സെപ്റ്റംബർ അർധ വർഷത്തെ വളർച്ച 13.7 ശതമാനമായി. ഈ നിലയക്കു പാേയാൽ ഈ ധനകാര്യ വർഷത്തെ വളർച്ച 10 ശതമാനത്തിലധികമാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ പറയുന്നു.
രണ്ടാം പാദത്തിലെ ജിഡിപി 35.73 ലക്ഷം കോടി രൂപയാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ 32.97 ലക്ഷം കോടിയേക്കാൾ ഗണ്യമായി കൂടുതലുണ്ട്. എന്നാൽ 2019 ജൂലൈ - സെപ്റ്റംബർ കാലത്തെ 35.62 ലക്ഷം കോടിയേക്കാൾ നാമമാത്രമായ വളർച്ചയേ ഉള്ളു. രണ്ടു വർഷം കൊണ്ടു വളർച്ച ഉണ്ടായില്ലെന്നു ചുരുക്കം. ഒന്നാം പാദത്തിൽ 20 ശതമാനം വളർച്ച ഉണ്ടായെങ്കിലും 2019 ഏപ്രിൽ-ജൂണിലെ 35.67 ലക്ഷം കോടിയിൽ നിന്നു തുലോം കുറവായ 32.38 ലക്ഷം കോടിയായിരുന്നു ജിഡിപി.

യഥാർഥത്തിൽ വളർന്നില്ല

അർധവർഷത്തിൽ 68.11 ലക്ഷം കോടി രൂപയാണു ജിഡിപി. കഴിഞ്ഞ വർഷം ആദ്യ പകുതിയിലെ 59.92 കോടിയിൽ നിന്ന് 13.7 ശതമാനം അധികം. എന്നാൽ 2019- 20 ആദ്യ പകുതിയിലെ 71.28 ലക്ഷം കോടിയിൽ നിന്നു ഗണ്യമായി കുറവാണു ജിഡിപി.
സ്ഥിരവിലയിൽ രണ്ടു വർഷം മുമ്പത്തെ നിലയിലേക്ക് എത്താൻ കഴിഞ്ഞു എന്നു മാത്രമേ അവകാശപ്പെടാനുള്ളു. രണ്ടു വർഷം കൊണ്ടു ജനസംഖ്യ മൂന്നു കോടിയോളം വർധിച്ചതു കണക്കാക്കിയാൽ ആളോഹരി വരുമാനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും കാണാം.

കാർഷികമേഖല മികച്ചു നിന്നു; ഫാക്ടറികൾ ഉണർവിലായില്ല

പതിവുപോലെ കാർഷിക മേഖല മികച്ച പ്രകടനം നടത്തി. വളർച്ച 4.5 ശതമാനമായി. ഫാക്ടറി ഉൽപാദന വളർച്ച 5.5 ശതമാനമേ ഉള്ളു. സർക്കാർ സേവന മേഖല 17.4 ശതമാനം വളർന്നു.നിർമാണ -വ്യാപാര മേഖലകളിലെ വളർച്ച എടുത്തു പറയാൻ തക്കവിധം ഇല്ല.
സ്വകാര്യ ഉപഭോഗച്ചെലവ് ഇപ്പോഴും 2019 -20 നെ അപേക്ഷിച്ചു കുറവാണ്. സർക്കാർ ചെലവും അങ്ങനെ തന്നെ. മൂലധനച്ചെലവ് (Gross fixed capital formation) 2079-20 - ലേതിലും നാമമാത്രമായി മാത്രം കൂടി. ഇവയെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ മെച്ചമാണെന്നു മാത്രമേ പറയാനുള്ളു. കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി വർധിച്ചിട്ടുണ്ട്.

കാതൽ മേഖല ഉണർവിൽ

ഒക്ടോബറിൽ എട്ടു കാതൽ മേഖലാ വ്യവസായങ്ങളുടെ ഉൽപാദനം 7.5 ശതമാനം വർധിച്ചു. സെപ്റ്റംബറിൽ 4.4 ശതമാനമായിരുന്നു വളർച്ച. ക്രൂഡ് ഓയിൽ ഒഴിച്ച് ഏഴു മേഖലകളിലും വളർച്ച ഉണ്ടായി. പ്രകൃതി വാതകം 25.8 ശതമാനവും കൽക്കരി 14.6 ശതമാനവും പെട്രോളിയം ഉൽപന്നങ്ങൾ 14.4 ശതമാനവും സിമൻ്റ് 14.5 ശതമാനവും വർധിച്ചു. വൈദ്യുതിയിൽ വർധന 2.8. ശതമാനമാണ്. രാസവള ഉൽപാദനം 0.04 ശതമാനവും സ്റ്റീൽ 0.9 ശതമാനവും മാത്രമാണു വളർന്നത്. ക്രൂഡ് ഓയിൽ ഉൽപാദനം 2.2 ശതമാനം കുറഞ്ഞു.
ഏപ്രിൽ- ഒക്ടോബർ ഏഴുമാസ കാലയളവിലെ കാതൽ മേഖലയുടെ വളർച്ച 15.1 ശതമാനമാണ്. തലേ വർഷം ഇതേ കാലയളവിൽ 12.6 ശതമാനം ചുരുങ്ങിയതാണ്.
ശ്രദ്ധേയമായ കാര്യം 2009-20 ൽ കാതൽ മേഖലയുടെ സൂചിക 131.6 വരെ ഉയർന്ന സ്ഥാനത്ത് ഇപ്പോഴത്തെ സൂചിക 130.8 ആണെന്നതാണ്. അതായത് രണ്ടു വർഷം മുൻപത്തെ നിലയിൽ ഇനിയും എത്തിയിട്ടില്ല.
ഒക്ടോബറിലെ വളർച്ച നിരക്ക് നവംബറിൽ തുടരാൻ സാധ്യതയില്ല. നവംബറിൽ കാതൽ മേഖല അഞ്ചു ശതമാനത്തിൽ താഴെയേ വളരൂ എന്നാണു സൂചനയെന്ന് ഇക്ര ചീഫ് ഇക്കണോമിസ്റ്റ് അദിതി നയാർ പറയുന്നു.

This section is powered by Muthoot Finance

Tags:    

Similar News