ഈയാഴ്ച ഓഹരി വിപണിയുടെ ഗതി നിർണ്ണയിക്കുന്ന ഘടകങ്ങൾ ഇതാ; സോഫ്റ്റ് ബാങ്കിന്റെ ക്ഷീണം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒമിക്രോൺ പലിശവർധനയ്ക്കു തടയിടുമോ?
ആഗാേള സൂചനകളിൽ പ്രതീക്ഷ; തിരുത്തൽ തുടരാൻ കരടികൾ ശ്രമിക്കും; സോഫ്റ്റ് ബാങ്ക് ഓഹരികൾ തകർച്ചയിൽ; പലിശ വർധന നീളുമോ?;
ഒമിക്രാേൺ വകഭേദം എത്ര രൂക്ഷമായ ആക്രമണം നടത്തും എന്നു വ്യക്തമായിട്ടില്ല. അതു കൊണ്ട് ആഘാതത്തെപ്പറ്റി വ്യക്തതയില്ല. ഇതാണ് ഇന്നു തുടങ്ങുന്ന ആഴ്ചയിലെ വ്യാപാരഗതി അനിശ്ചിതമാക്കുന്നത്. ഒമിക്രോൺ വീണ്ടും അടച്ചിടലുകൾക്കു കാരണമായാൽ വളർച്ച കുറയും. അങ്ങനെയായാൽ പലിശ വർധനയ്ക്കുള്ള നടപടികളിൽ നിന്നു കേന്ദ്ര ബാങ്കുകൾ പിന്മാറും. അതു കുറഞ്ഞ പലിശ നിരക്ക് തുടരാൻ സഹായിക്കും.
വിപണികൾ ബെയറിഷ് മനോഭാവത്തോടെയാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരി സൂചികകൾ ഇടിഞ്ഞു. നഷ്ടത്തിൻ്റെ രണ്ടാഴ്ചകൾക്കുശേഷം കഴിഞ്ഞയാഴ്ച സെൻസെക്സിനും നിഫ്റ്റിക്കും പ്രതിവാര നേട്ടം ഉണ്ടായെങ്കിലും സൂചികകൾ ബെയറിഷ് ആയിരുന്നു. വിപണി തിരുത്തൽ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെ വിപണി മനോഭാവം മാറുന്നതിൻ്റെ സൂചനയുണ്ട്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നല്ല ഉയർച്ച കാണിക്കുന്നുണ്ട്. എന്നാൽ ഏഷ്യൻ വിപണികൾ രാവിലെ തകർച്ചയിലാണ്. പുതിയ കോവിഡ് വകഭേദം വ്യാപകമാകുമെന്ന ആശങ്കയാണു കാരണം. സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജി എക്സ് നിഫ്റ്റി ഉയർച്ചയിലാണ്. വെള്ളിയാഴ്ച 17,152 ൽ ക്ലോസ് ചെയ്ത എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 17,248 ലേക്കു കയറി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം.
വെള്ളിയാഴ്ച സെൻസെക്സ് 764.83 പോയിൻ്റ് (1.31%) താണ് 57,696.46ലും നിഫ്റ്റി 204.95 പോയിൻ്റ് (1.18%) താണ് 17,196.7 ലും ക്ലോസ് ചെയ്തു. രണ്ടു സൂചികകളും ആഴ്ചയിൽ ഒരു ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ വൻതോതിൽ വിൽപനക്കാരായി എന്നതാണു വെള്ളിയാഴ്ചത്തെ തകർച്ചയ്ക്കു വഴിതെളിച്ചത്. 3356.17 കോടി രൂപയുടെ ഓഹരികൾ അവർ അന്നു വിറ്റു.ഇതാേടെ കഴിഞ്ഞ ആഴ്ചയിലെ വിൽപന 15,000 കോടി രൂപയ്ക്കു മുകളിലായി. രണ്ടാഴ്ച കൊണ്ട് 28,000 കോടി രൂപയുടെ വിറ്റാെഴിയൽ. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 1648.79 കോടിയുടെ ഓഹരികൾ വാങ്ങി.
ഇന്നു നിഫ്റ്റി 100 ദിവസ എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ് (ഇഎംഎ) ആയ 17,149-നു താഴെ പോയാൽ 16,780 വരെ താഴാൻ സാധ്യതയുണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. തിരുത്തൽ 15,200 വരെ പോകാമെന്നു കരുതുന്നവരും കുറവല്ല. 17,150-ലും 16,800 ലുമാണു നിഫ്റ്റിക്കു താങ്ങ് ഉള്ളത്. ഉയർച്ചയിൽ 17,500- 17,600 മേഖല വലിയ വിൽപന സമ്മർദം സൃഷ്ടിക്കും.
ക്രൂഡ് കയറുന്നു
ലോകവിപണിയിൽ കഴിഞ്ഞയാഴ്ച ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ക്രൂഡ് ഓയിൽ വില താഴ്ന്നാണു ക്ലോസ് ചെയ്തത്. 72 ഡോളറിനു മുകളിൽ നിന്ന് 69.88 ലേക്കു ബ്രെൻ്റ് ഇനം ഇടിഞ്ഞു. എന്നാൽ ഇന്നു രാവിലെ ക്രൂഡ് വില 71.55 ഡോളറിലേക്കു കയറി. ഇനിയും ഉയരുമെന്നാണു സൂചന. കയറ്റത്തിനു കാരണം സൗദി അറേബ്യ ജനുവരി കോൺട്രാക്ടുകൾക്കു വില കൂട്ടിയതാണ്. വിപണിയിൽ ഡിമാൻഡ് കുറഞ്ഞിട്ടില്ലെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ കയറ്റം കാണിച്ചു. പുതിയ വൈറസ് വകഭേദത്തിൻ്റെ ആഘാതം അനുസരിച്ചിരിക്കും വിലയുടെ ഗതി.
സ്വർണം വെള്ളിയാഴ്ച അൽപം ഉയർന്നു. ഇന്നു വീണ്ടും ഉയരാനുള്ള സൂചനയുണ്ട്. രാവിലെ 1784- 1786 ഡോളറിലാണു വ്യാപാരം.
സോഫ്റ്റ് ബാങ്ക് ഓഹരികൾ തകർച്ചയിൽ
ജപ്പാനിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ സോഫ്റ്റ് ബാങ്കിൻ്റെ ഓഹരികൾ ഒരാഴ്ചകൊണ്ട് 20 ശതമാനം ഇടിഞ്ഞു.ചൈനയിലെ ടെക്നോളജി കമ്പനികളിലെ നിക്ഷേപം നഷ്ടത്തിലായതാണു കാരണം.ടെക് ഭീമന്മാർക്കെതിരേ ചൈനീസ് ഭരണകൂടം എടുക്കുന്ന നടപടികളുടെ ആഘാതം മസയാേഷി സോൺ നയിക്കുന്ന നിക്ഷേപ ബാങ്കിൻ്റെ മേൽ ആണു പതിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ സ്ഥാപനമാണ് സോഫ്റ്റ് ബാങ്ക്. ഇക്കൊല്ലം തന്നെ 300 കോടി ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ചു. ഇന്ത്യയിലെ മൊത്തം നിക്ഷേപം 1400 കോടി ഡോളറിനു മുകളിലാണ്. രാജ്യത്തെ യൂണികോണു (100 കോടി ഡോളറിലധികം മൂല്യം നേടിയ സ്റ്റാർട്ടപ് ) കളിലെ നിക്ഷേപത്തിൽ 10 ശതമാനം സോഫ്റ്റ് ബാങ്കിൻ്റേതാണ്. സോഫ്റ്റ് ബാങ്കിനു കുഴപ്പം നേരിടുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും പ്രശ്നമാകും. പേടിഎം തുടങ്ങി ലിസ്റ്റ് ചെയ്ത മിക്ക സ്റ്റാർട്ടപ്പുകളിലും സോഫ്റ്റ് ബാങ്കിനു വലിയ നിക്ഷേപമുണ്ട്.
ഒമിക്രോൺ ഭീതിയിൽ പലിശവർധന നീട്ടിവച്ചേക്കും
റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നു ത്രിദിന യോഗം തുടങ്ങും. ബുധൻ രാവിലെ പത്തിനു യോഗ തീരുമാനം ഗവർണർ ശക്തികാന്ത ദാസ് പരസ്യപ്പെടുത്തും. പലിശനിരക്ക് ഉയർത്തലിൻ്റെ തുടക്കം കുറിച്ച് റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനത്തിൽ നിന്നു 3.5 ശതമാനം ആക്കുമെന്ന് ഒരാഴ്ച മുൻപു വരെ എല്ലാവരും കണക്കാക്കിയിരുന്നു. എന്നാൽ കോവിഡിൻ്റെ ഒമിക്രോൺ വകഭേദം വന്നത് ആ സാധ്യത ഇല്ലാതാക്കി എന്നാണു പുതിയ വിലയിരുത്തൽ.
നേരത്തേ റീപോ (ബാങ്കുകൾക്കു റിസർവ് ബാങ്കിൽ നിന്നു കിട്ടുന്ന ഏകദിന വായ്പയുടെ പലിശ) നിരക്കും റിവേഴ്സ് റീപാേ (ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ നൽകിയാൽ ഉള്ള പലിശ) നിരക്കും തമ്മിൽ അര ശതമാനമായിരുന്നു വ്യത്യാസം. കഴിഞ്ഞ വർഷം ബാങ്കുകളുടെ പണലഭ്യത വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ വ്യത്യാസം 0.65 ശതമാനമാക്കി.റീപോ നാലു ശതമാനവും റിവേഴ്സ് റീപോ 3.35 ശതമാനവും ആണ് 2020 മാർച്ച് മുതൽ.
വ്യത്യാസം പഴയതുപോലെ അര ശതമാനമാക്കുന്ന ക്രമീകരണം ഈ മാസവും നിരക്കുകൂട്ടൽ (റീപോ 4.25 ശതമാനമാക്കൽ) ഫെബ്രുവരിയിലും നടത്തും എന്നായിരുന്നു മുൻനിഗമനം.
ഒമിക്രോൺ പടരുന്നതു വളർച്ചയെ ബാധിക്കാം എന്ന് പരക്കെ ആശങ്ക വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലിശ വർധന തന്നെ നീട്ടി വയ്ക്കുമോ എന്നു പലരും സന്ദേഹിക്കുന്നു. പലിശ വർധന നീട്ടിവച്ചാൽ ഭവന വായ്പക്കാർക്കും മറ്റും കുറഞ്ഞ ഇഎംഐ കുറേക്കാലം കൂടി തുടരും.
വളർച്ചയെ ബാധിക്കുമെന്ന് ഐഎംഎഫും ഒഇസിഡിയും
ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്മെൻറ്) യും ഐഎംഎഫും ആഗാേള വളർച്ച പ്രതീക്ഷ താഴോട്ടാകുമെന്നു സൂചിപ്പിച്ചു കഴിഞ്ഞു. 2021 വളർച്ച പ്രതീക്ഷ 5.7 ൽ നിന്ന് 5.6 ശതമാനമാകുമെന്ന് ഒഇസിഡി കഴിഞ്ഞ ദിവസം പറഞ്ഞു.
ഐഎംഎഫും സമാനമായ കുറയ്ക്കൽ പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീയേവ പറഞ്ഞു. 2021-ൽ 5.9 ശതമാനവും 2022-ൽ 4.9 ശതമാനവും വളർച്ചയാണ് ഒക്ടോബറിൽ ഐഎംഎഫ് കണക്കാക്കിയത്.
വളർച്ച നിരക്ക് കുറയുമെന്നു വന്നാൽ പലിശ നിരക്ക് ഉയർത്തുന്നതു നീണ്ടുപോകുമെന്നു കരുതാം. കാരണം വളർച്ച കുറയുമ്പോൾ പലിശ കൂട്ടിയാൽ സാമ്പത്തിക തിരിച്ചുവരവ് അവതാളത്തിലാകും. 14, 15 തീയതികളിലാണ് യുഎസ് ഫെഡിൻ്റെ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി പണനയ അവലോകനം നടത്തുന്നത്. അപ്പോഴേക്ക് ഒമിക്രോണിൻ്റെ വ്യാപ്തിയും ഗൗരവവും സംബന്ധിച്ചു കുറേക്കൂടി വ്യക്തത വരും.
അടുത്ത വർഷത്തെ യുഎസ് ജിഡിപി വളർച്ചപ്രതീക്ഷ 4.2 ശതമാനത്തിൽ നിന്ന് 3.8 ശതമാനത്തിലേക്ക് താഴ്ത്തിയതായി ഗോൾഡ്മാൻ സാക്സ് അറിയിച്ചു. യു എസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത 10 ശതമാനം കുറഞ്ഞതായി ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
This section is powered by Muthoot Finance