നല്ല നേട്ടത്തോടെ തുടങ്ങാൻ വിപണി; പണ നയത്തിൽ ശ്രദ്ധ; ക്രൂഡും ലോഹങ്ങളും മുന്നോട്ട്; റിലയൻസ് യുഎഇയിലേക്ക്

ശക്തി കാന്ത ദാസ് എന്തു പറയും?; റിലയൻസ് കുതിക്കുമെന്ന് പറയാൻ കാരണമെന്താണ്?; നാസ് ഡാക് ഉയർന്ന തിന് പിന്നിൽ;

Update:2021-12-08 07:58 IST

തലേന്നത്തെ നഷ്ടം 90 ശതമാനവും നികത്തിയ ആശ്വാസ റാലി. എന്നാൽ ആശ്വാസം നിലനിൽക്കണമെങ്കിൽ ഇന്നു രാവിലെ പത്തിനു റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന പണനയം വിപണിയെ ഞെട്ടിക്കുന്നതാകരുത്. ഗവർണർ ശക്തികാന്ത ദാസിൻ്റെ ഇതുവരെയുള്ള പ്രഖ്യാപനങ്ങളൊന്നും വിപണിയെ വിഷമിപ്പിക്കുന്നതായിട്ടില്ല. ആ നിലയ്ക്ക് ഇന്നും വിപണിസൗഹൃദമായ ഒരു നയപ്രഖ്യാപനം പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയും മറ്റ് ഏഷ്യൻ വിപണികളും ശക്തമായ കുതിപ്പ് കാണിച്ച ശേഷം യൂറോപ്പിലും അമേരിക്കയിലും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. യൂറോപ്യൻ സൂചികകൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം ഉയർന്നു. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക ഒന്നരയും എസ് ആൻഡ് പി രണ്ടും നാസ്ഡാക് മൂന്നും ശതമാനം ഉയർന്നു. ഇൻ്റൽ കമ്പനി ഇലക്ട്രിക് കാർ യൂണിറ്റ് പ്രത്യേക കമ്പനിയാക്കി ലിസ്റ്റ് ചെയ്യുമെന്നു പ്രഖ്യാപിച്ചതും മറ്റു ടെക് കമ്പനികളുടെ കുതിപ്പുമാണു നാസ് ഡാകിനെ ഉയർത്തിയത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്. ഏഷ്യൻ ഓഹരികൾ ഒരു ശതമാനം ഉയർന്നാണു വ്യാപാരം നടക്കുന്നത്. നിഫ്റ്റി അവധി വ്യാപാരവും ഉയർന്ന നിലയിലാണ്. ആഗോള സൂചനകൾ ഇന്ത്യയിലും വിപണിയെ സഹായിക്കും. കർഷക സമരം ഒത്തുതീരാൻ വഴി തെളിഞ്ഞതും വിപണിയുടെ നേട്ടത്തിനു കാരണമാകും.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും 1.56 ശതമാനം വീതം കയറി. സെൻസെക്സ് 886.51 പോയിൻ്റ് ഉയർന്ന് 57,633.65 ലും നിഫ്റ്റി 264.45 പോയിൻ്റ് ഉയർന്ന് 17,176.7 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.29 ഉം സ്മോൾ ക്യാപ് സൂചിക 1.14 ഉം ശതമാനം ഉയർന്നു. മെറ്റൽസ് സൂചികയാണ് ഇന്നലെ ഏറ്റവും ഉണർവ് കാണിച്ചത്. 3.2 ശതമാനം നേട്ടം. ബാങ്കുകൾ 2.47 ശതമാനം കയറി.വാഹന, ഐടി സൂചികകളും നല്ല നേട്ടത്തിലായി.
വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ഇന്നലെ 2584.97 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകളുടെ വാങ്ങൽ 2605.81 കോടി രൂപ.

സിംഗപ്പുരിൽ ഉത്സാഹം

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,316 പോയിൻ്റിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,330 ലെത്തി. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
ഇന്നലെ ബുളളിഷ് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും നിഫ്റ്റി ഇപ്പോഴും ബെയറിഷ് ആണെന്നു സാംങ്കതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 20 ദിന, 50 ദിന, 100 ദിന സിംപിൾ മൂവിംഗ് ആവറേജിനു താഴെയാണു സൂചിക. 17,250 നു മുകളിലേക്കു ശക്തമായി പ്രവേശിച്ചാലേ ഉയരത്തിലേക്കു കുതിക്കാനാവൂ. മറിച്ചു 17,100 നു താഴേക്ക് നീങ്ങിയാൽ 16,800 വരെയുള്ള പതനം പ്രതീക്ഷിക്കാം. നിഫ്റ്റിക്കു 17,025 ലും 16,875 ലും താങ്ങുകൾ ഉണ്ട്. 17,290-ലും 17,405 ലും തടസങ്ങൾ പ്രതീക്ഷിക്കണം.

ക്രൂഡ് കുതിച്ചു; 75 ഡോളർ കടന്നു

ആഗാേള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെൻ്റ് ഇനം 75 ഡോളറിനു മുകളിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച 65.7 ഡോളർ വരെ താണ ക്രൂഡ് വില ഇതിനകം 10 ഡോളർ ഉയർന്നു. ബ്രെൻ്റ് 75.5 ഡോളറിലും ഡബ്ല്യു ടി ഐ ഇനം 72.15 ഡോളറിലുമാണ് ഇന്നു രാവിലെ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ സ്റ്റോക്ക് പ്രതീക്ഷയിലധികം താഴേക്കു പോയതാണ് ഒരു കാരണം. ഇറാൻ്റെ മേലുള്ള ഉപരോധം മാറുമെന്ന പ്രതീക്ഷയ്ക്കു വീണ്ടും മങ്ങലേറ്റതു മറ്റൊരു കാരണം. ചൈനയിലും ഇന്ത്യയും നിന്നുള്ള ഡിമാൻഡ് ഉയർന്നു തന്നെ നിൽക്കുകയാണ്. ശീതകാലം തുടങ്ങാനിരിക്കെ ക്രൂഡ് ഓയിൽ കയറ്റുമതിക്കാർക്കു വില ഉയർത്താൻ അനുകൂല സാഹചര്യം. കോവിഡിൻ്റെ ഒമിക്രോൺ വകഭേദം ഗുരുതരമല്ലെന്ന കണ്ടെത്തൽ വ്യോമഗതാഗതം വേഗത്തിൽ സാധാരണ നിലയിലെത്താൻ സഹായിക്കും എന്ന പ്രതീക്ഷയും ക്രൂഡ് വിലയെ സഹായിക്കുന്നു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരേ വാണിജ്യ ഉപരോധത്തിന് അമേരിക്കയും യൂറോപ്പും ശ്രമിക്കുമോ എന്ന ആശങ്കയും വിപണിയിലുണ്ട്.
ക്രൂഡ് വില ഉയരുന്നതുമൂലം വിലക്കയറ്റ നിരക്ക് ഉടനെങ്ങും താഴുകയില്ല. പലിശ നിരക്ക് വർധിപ്പിക്കൽ നേരത്തേ ആക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതമാകും.
ക്രൂഡിനൊപ്പം വ്യാവസായിക ലോഹങ്ങളും ഉയർന്നു. ഇരുമ്പയിര് വില മൂന്നു ദിവസം കൊണ്ട് എട്ടു ശതമാനം ഉയർന്നു. ചെമ്പ്, അലൂമിനിയം തുടങ്ങിയവ ഉയരങ്ങളിലേക്കു വീണ്ടും നീങ്ങുകയാണ്.
ലോക വിപണിയിൽ സ്വർണം അൽപം നേട്ടത്തിലാണ്. 1786- 1788 ഡോളർ മേഖലയിലേക്കു സ്വർണ വില കയറി. ഇനിയും ഉയരുമെന്നാണു സൂചന.

റിലയൻസ് യുഎഇയിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസ്, അബുദാബിയിൽ വമ്പൻ കെമിക്കൽ ഫാക്ടറിയുടെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കാളിയാകും. ടാസിസ് ഇൻഡസ്ട്രിയൽ കെമിക്കൽസ് സോണിലാണ് നിർദിഷ്ട കോംപ്ലക്സ്. അബുദാബിയിലെ ആർ എസ് സി ലിമിറ്റഡുമായി ഇതിനുള്ള കരാർ റിലയൻസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ഇന്നലെ ഒപ്പുവച്ചു. 200 കോടി ഡോളർ മുതൽ മുടക്കു വരുന്നതാണു കോംപ്ലക്സ്. ക്ലോർ - ആൽക്കലി, എഥിലിൻ ഡൈ ക്ലോറൈഡ്, പോളി വിനൈൽ ക്ലോറൈഡ് തുടങ്ങിയവയാണു മുഖ്യ ഉൽപന്നങ്ങൾ. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ കീഴിലുള്ളതാണ് ആർ എസ് സി. യുഎഇ യിൽ റിലയൻസിൻ്റെ ആദ്യ നിക്ഷേപമാണ് ഈ കെമിക്കൽസ് കോംപ്ലക്സിൻ്റെ സ്ഥാപനം.

റിലയൻസ് കുതിക്കുമെന്ന്

റിലയൻസ് ഓഹരികൾ 3185 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നു നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് ഇന്നലെ റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞു. ഇന്നലെ 2380 രൂപയായിരുന്നു റിലയൻസ് ഓഹരിവില. ഹരിതോർജ മേഖലയിലേക്കു കമ്പനി പ്രവേശിക്കുന്നത് ഒരു ദശകക്കാലത്തേക്കുള്ള കുതിപ്പിനു വഴിതെളിക്കുന്ന ബിസിനസ് തലം നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത രണ്ടു വർഷം ലാഭത്തിൽ 41 ശതമാനം വാർഷിക വളർച്ചയാണു റിപ്പാേർട്ടിൽ പ്രതീക്ഷിക്കുന്നത്. ഇതു മറ്റു ചില ഗവേഷണ റിപ്പോർട്ടുകളിൽ പറയുന്നതിലും 16 ശതമാനം അധികമാണ്. മൂന്നു വർഷം കൊണ്ട് ഹരിതാേർജ മേഖലയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നാണു റിലയൻസ് പ്രഖ്യാപിച്ചിട്ടുള്ളത്.

This section is powered by Muthoot Finance


Tags:    

Similar News