പുതിയ ആശങ്കകൾ; വിപണിയിൽ വിൽപന സമ്മർദം; വിലക്കയറ്റം വീണ്ടും ഉയരുന്നു; ചൈനയിൽ വിദേശികൾക്കു കൈ പൊള്ളുമോ?
ഇന്ത്യൻ ഓഹരി വിപണിയുടെ പ്രകടനം ഇന്ന് എങ്ങനെ ആകും? വിലക്കയറ്റത്തിന്റെ ആഴം എത്ര? ചൈനയിലെ സംഭവ വികാസങ്ങൾ ഇന്ത്യയ്ക്ക്ഗുണം ചെയ്യുമോ?
വിലക്കയറ്റം, ഒമിക്രോൺ വ്യാപനം, ചൈനീസ് റിയൽ എസ്റ്റേറ്റ് തകർച്ച: ഓഹരി - കറൻസി -ഉൽപന്ന വിപണികൾ ഉലയുന്നു. ഇന്നു വ്യാപാരം ഇവയുടെ ആഘാതം കാണിക്കുന്നതാകും. മൂലധനം ആഗാേള സഞ്ചാരത്തിലായതു കൊണ്ട് ഒരിടത്തെ സംഭവ വികാസങ്ങൾ മറ്റിടങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും. ഇന്ത്യൻ വിപണി ഇന്നലെ വിൽപന സമ്മർദം മൂലം വലിയ ചാഞ്ചാട്ടത്തിലായിരുന്നു. നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തെങ്കിലും കരുത്തുറ്റ മുന്നേറ്റത്തിൻ്റെ സൂചനകൾ കാണിച്ചില്ല.
പാശ്ചാത്യ വിപണികൾ ഇന്നലെത്തന്നെ പുതിയ ആശങ്കകൾ കാണിച്ചിരുന്നു. യൂറോപ്യൻ സൂചികകൾ താണു. അമേരിക്കയിൽ ഡൗ ജാേൺസ് സൂചിക താഴ്ചയിൽ നിന്നു കയറി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി ഒരു ശതമാനത്തോളം താണു.നാസ് ഡാക് 1.71 ശതമാനം ഇടിഞ്ഞു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഇടിവോടെയാണു തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ചയിലാണ്.
ഇന്നലെ 550 പോയിൻ്റ് ചാഞ്ചാടിയ ശേഷമാണു സെൻസെക്സ് 0.27 ശതമാനം ഉയർന്നുക്ലോസ് ചെയ്തത്. നിഫ്റ്റിയും അതേേേ ഉയർച്ച കാണിച്ചു സെൻസെക്സ് 157.45 പോയിൻ്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47.1 പോയിൻ്റ് കയറി 17,516.85ലും ക്ലോസ് ചെയ്തു. മുഖ്യസൂചികകൾ കാണിക്കുന്നതിലും പോസിറ്റീവ് ആയിരുന്നു വിപണി. മിഡ് ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് 1.24 ശതമാനവും ഉയർന്നു. ബാങ്ക്, ധനകാര്യ, റിയൽറ്റി ഓഹരികളുടെ ഇടിവാണു മുഖ്യസൂചികകളെ വലിച്ചത്.
നിഫ്റ്റി 17,500നു മുകളിൽ ക്ലോസ് ചെയ്തെങ്കിലും ഒരു കുതിപ്പിനു തക്ക കരുത്തു കാണിക്കുന്നില്ലെന്ന് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. ഇന്ന് 17,550 നു മുകളിലേക്കു നീങ്ങുമ്പോൾ വലിയ വിൽപന സമ്മർദം പ്രതീക്ഷിക്കാം. അതു മറികടന്നാലാണ് 17,700- 17,900 മേഖല ലക്ഷ്യമിടാനാവുക. മറിച്ചു 17,450-ലേക്കു താണാൽ ഹ്രസ്വകാല തിരിച്ചടി ഉണ്ടാകും. 17, 300- 17,100 മേഖലയിലേക്കു വീണ്ടും പോകും. വിപണിക്ക് 17,415 - ലും 17,320 ലും ആണു സപ്പോർട്ട് കാണുന്നത്. 17,580-ലും 17,640 ലും തടസം പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിറ്റു. 1585.55 കോടിയുടെ ഓഹരികൾ ക്യാഷ് സെക്ഷനിൽ വിറ്റു. ഈ മാസത്തെ വിൽപന ഇതുവരെ 15,000 കോടി കവിഞ്ഞു. ഇൻഡെക്സ് ഓപ്ഷൻസിൽ 9074 കോടിയുടെ വാങ്ങലും വിദേശികൾ നടത്തി. സ്വദേശി ഫണ്ടുകൾ 782.84 കോടിയുടെ ഓഹരികൾ വാങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,533-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,500 ലേക്കു താണിട്ട് അൽപം ഉയർന്നു.. ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടത്തിൻ്റെ സൂചന ഡെറിവേറ്റീവ് വ്യാപാരത്തിൽ ഇല്ല.
ക്രൂഡ് ഓയിൽ താഴ്ചയിൽ
ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിലെ കുഴപ്പങ്ങളും കോവിഡ് വ്യാപനവും വളർച്ചയെ ബാധിക്കുമെന്ന ഭീതി ക്രൂഡ് ഓയിൽ വിപണിയെ താഴോട്ടു വലിച്ചു. വളർച്ച കുറയുന്നതും പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾ വരുന്നതും ക്രൂഡ് ഡിമാൻഡ് കുറയ്ക്കുമെന്നാണു വിപണിയുടെ ആശങ്ക. ബ്രെൻ്റ് ഇനം ക്രൂഡ് രണ്ടു ശതമാനത്തോളം താണ് 74.5 ഡോളറിനു താഴെയായി. ഡബ്ള്യു ടി ഐ ഇനം 70 ഡോളറിലേക്കു താണു.
വ്യാവസായിക ലോഹങ്ങൾക്കു ഡിമാൻഡ് കുറയും എന്ന നിഗമനത്തിലാണു വിപണി. ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കാര്യമായ വിലമാറ്റം ഉണ്ടായില്ല.
സ്വർണം താഴാേട്ടു നീങ്ങി. ഡോളറിനു കരുത്തു കൂടുന്നതും കാരണമായി. ഇന്നലെ 1773-1789 ഡോളർ മേഖലയിലായിരുന്ന സ്വർണം ഇന്ന് 1777-1779 മേഖലയിലാണു വ്യാപാരം.
ശമനമില്ലാതെ വിലക്കയറ്റം
വിലക്കയറ്റം വീണ്ടും ഗൗരവമേറിയ വിഷയമായി മാറുകയാണ്. നവംബറിൽ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം (സിപിഐ) 5.1 ശതമാനത്തിലേക്കു വർധിക്കുമെന്നാണു റോയിട്ടേഴ്സ് സർവേയിലെ നിഗമനം. ഒക്ടോബറിൽ 4.48 ശതമാനമായിരുന്നു. പെട്രോൾ - ഡീസൽ നികുതി കുറച്ചതു വിലക്കയറ്റത്തിൽ അൽപം കുറവ് വരുത്തുമെന്നു കരുതിയിരുന്നു. എന്നാൽ ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഉയർന്നു തന്നെ നിൽക്കുന്നു. ഇരട്ടയക്കത്തിൽ മാസങ്ങളായി തുടരുന്ന മൊത്തവിലക്കയറ്റം ചില്ലറ വിലയിലേക്ക് കിനിഞ്ഞിറങ്ങാതെ തരമില്ലല്ലോ. പുറമേ കഴിഞ്ഞ മാസം പച്ചക്കറികൾ, ഉള്ളി, പഴങ്ങൾ, കിഴങ്ങുകൾ തുടങ്ങിയവയ്ക്ക് അസാധാരണമായി വില കൂടി. കാലാവസ്ഥയാണു കാരണം. തിങ്കളാഴ്ചയാണു ഗവണ്മെൻ്റ് വിലസൂചിക പുറത്തു വിടുക.
അമേരിക്കയിലെ നവംബർ ചില്ലറവിലസൂചിക ഇന്നു പുറത്തുവിടും. 6.8 ശതമാനത്തിലേക്കു വിലക്കയറ്റം വർധിച്ചു കാണുമെന്നാണു സർവേകൾ സൂചിപ്പിക്കുന്നത്. 1980- നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാകും ഇത്. അമേരിക്കൻ ജനതയിൽ ഭൂരിപക്ഷം പേരും ജീവിതത്തിൽ ഇത്രയും ഉയർന്ന വിലക്കയറ്റം അനുഭവിച്ചിട്ടില്ല.
വിലക്കയറ്റം കുതിച്ചു കയറുന്നതു പലിശ വർധന നേരേത്തേ നടത്താൻ കേന്ദ്ര ബാങ്കുകളെ നിർബന്ധിതമാക്കും. അടുത്തയാഴ്ച യുഎസ് ഫെഡ് യോഗം ഉണ്ട്. എന്നാകും പലിശ കൂട്ടിത്തുടങ്ങുക എന്ന് ആ യോഗം അറിയിച്ചേക്കും.
കോവിഡ് വ്യാപനം അതിവേഗം; സാമ്പത്തിക വളർച്ചയെ ബാധിക്കും
കോവിഡിൻ്റെ ഒമിക്രാേൺ വകഭേദം കൂടുതൽ മാരകമല്ലെങ്കിലും ഡെൽറ്റാ വകഭേദത്തേക്കാൾ നാലു മടങ്ങ് വേഗം വ്യാപിക്കും എന്നു കണ്ടെത്തി. യൂറോപ്പിലും അമേരിക്കയിലും രോഗവ്യാപനം വർധിത തോതിലാണ്. യൂറോപ്പിൽ പ്രതിദിന രോഗബാധ നാലു ലക്ഷത്തോളമായി. അമേരിക്കയിൽ ഒരു ലക്ഷത്തിലധികവും. യുകെ അടക്കം പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയാണ്. രാജ്യാന്തര യാത്രകളും നിയന്ത്രണത്തിലേക്കു വരുന്നു. സാമ്പത്തിക വളർച്ച വേഗം കൈവരിക്കും എന്നു കരുതിയപ്പോൾ പിന്നോട്ടടിക്കുന്നതാണു കാണുന്നത്.
എവർഗ്രാൻഡെ തകർച്ച: ചൈന ഇടപെടില്ല?
ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെ ഔപചാരികമായി കുടിശികക്കാരായി. വായ്പാ ഗഡുവും പലിശയും മുടക്കി. ഫിച്ച് റേറ്റിംഗ്സ് ഇവരെ കുടിശികക്കാരുടെ പട്ടികയിലാക്കി. കൈസ ഗ്രൂപ്പ് എന്ന മറ്റൊരു റിയൽറ്റി ഗ്രൂപ്പിനെയും കുടിശിക പട്ടികയിലാക്കി. രണ്ടു ഗ്രൂപ്പും കൂടിയാൽ ചൈനീസ് കമ്പനികളുടെ ഡോളർ കടപ്പത്രങ്ങളുടെ 15 ശതമാനം വരും.
കമ്പനികളുടെ പ്രശ്നം ധനകാര്യ വിപണികൾ കൈകാര്യം ചെയ്യുമെന്നു ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഗവർണർ യി ഗാംഗ് പറഞ്ഞത് ഗവണ്മെൻ്റ് കമ്പനികളെ രക്ഷിക്കില്ലെന്നതിൻ്റെ സൂചനയായി. എന്നാൽ സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റി ഈ ഗ്രൂപ്പുകളുടെ കടബാധ്യത പുനർ ക്രമീകരിക്കാൽ ശ്രമിക്കുന്നുണ്ട്. എവർഗ്രാൻഡെ കഴിഞ്ഞ ജൂണിൽ പറഞ്ഞതു 31,000 കോടി ഡോളർ കടബാധ്യത ഉണ്ടെന്നാണ്. കൈസ ഗ്രൂപ്പിനു വിദേശ കടബാധ്യത 1200 കോടി ഡോളർ വരും.
വിദേശ നിക്ഷേപകർക്കു കൈപൊള്ളും; ഇന്ത്യക്കു നേട്ടമാകുമാേ?
നിർമാണം തുടങ്ങും മുമ്പേ പാർപ്പിടത്തിൻ്റെ ഭാവി ഉടമകളിൽ നിന്നു മുഴുവൻ പണവും വാങ്ങിയാണ് ഇവർ ബിസിനസ് നടത്തിയിരുന്നത്. പണം നൽകിയ ഇടപാടുകാരുടെ താൽപര്യം രക്ഷിക്കുന്നതിലാണു ചൈനീസ് ഭരണകൂടത്തിൻ്റെ ശ്രദ്ധ. വിദേശത്തു നിന്നു പണം നൽകിയവർക്കു വല്ല ആശ്വാസ പദ്ധതിയും അവർ തയാറാക്കുമോ എന്നറിവായിട്ടില്ല. വിദേശ നിക്ഷേപകർ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നാണു സൂചന.
കൂടുതൽ ചൈനീസ് റിയൽറ്റി കമ്പനികൾ പ്രശ്നത്തിലാകുമെന്നു സൂചനയുണ്ട്. ഇടത്തരം, ചെറുകിട കമ്പനികളാണു പ്രശ്നം നേരിടുന്നത്. അവയെ രക്ഷിക്കാൻ എന്നെങ്കിലും ശ്രമം ഉള്ളതായി സൂചനയില്ല.
ചൈനയിലെ വിദേശ നിക്ഷേപകർക്കു നഷ്ടം വന്നാൽ അങ്ങാേട്ടുള്ള വിദേശ പണപ്രവാഹം കുറയും. ഇന്ത്യക്കും മറ്റും അനുകൂലമായ സാഹചര്യമാണ് അത്. എങ്കിലും കാര്യങ്ങൾ കലങ്ങിത്തെളിയും വരെ ഇന്ത്യൻ വിപണിയും ഉലച്ചിലിൽ ആയിരിക്കും.
This section is powered by Muthoot Finance