ആശങ്കകൾ മുന്നിൽ; വിദേശികൾ വിൽപന കൂട്ടി; വിലക്കയറ്റം താഴാത്തതിനു പിന്നിൽ; ഡോളർ ഉയരുന്നത് എന്തുകൊണ്ട്?
ഓഹരി വിപണിയിൽ ഇന്ന് തുടക്കം താഴ്ചയോടെ ആകുമോ? വിലക്കയറ്റം താൽക്കാലികമല്ല; കാരണങ്ങൾ ഇതാണ്, ഡോളർ കയറും, രൂപ താഴും
വിലക്കയറ്റത്തെപ്പറ്റിയുള്ള ആശങ്ക പ്രബലമായി. വിദേശ നിക്ഷേപകരുടെ വിൽപന പ്രതീക്ഷയിലധികമായി. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് പലിശനിരക്കു കൂട്ടൽ നേരത്തേ ആക്കും എന്ന ഭീതി. എല്ലാം ചേർന്നപ്പോൾ വിപണികൾക്കു താഴോട്ടു നീങ്ങുക മാത്രമായി മാർഗം. ആവേശപൂർവം ഉയരത്തിൽ വ്യാപാരം തുടങ്ങിയ വിപണി ഉച്ചയ്ക്കുശേഷം കുത്തനെ വീണത് ഈ സാഹചര്യത്തിലാണ്. ചില്ലറ വിലക്കയറ്റം മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.
ഇന്ത്യൻ വിപണിക്കു പിന്നാലെ യൂറോപ്യൻ - യു എസ് വിപണികളും താഴേക്കു പോയി. ഡൗ ജോൺസ് സൂചിക 0.9 ശതമാനവും നാസ്ഡാക് സൂചിക 1.3 ശതമാനവും ഇടിഞ്ഞു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. ഏഷ്യൻ വിപണികളെല്ലാം ഇന്നു രാവിലെ താഴ്ചയിലാണ്.
ഇന്നാരംഭിക്കുന്ന ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിൻ്റെ തീരുമാനം നാളെ അറിയാം. നിരക്കു വർധിപ്പിക്കൽ ഫെബ്രുവരിയിലേ ഉണ്ടാകൂ എന്നാണു വിപണിയുടെ കണക്കുകൂട്ടൽ. 2022-ൽ രണ്ടു തവണയായി 0.5 -0.75 ശതമാനത്തിലേക്ക് അടിസ്ഥാന പലിശ കൂട്ടുമെന്നും കണക്കാക്കുന്നു. ഇതിനേക്കാൾ വേഗം കൂടിയ തോതിൽ വർധന വരുമെന്നായാൽ വിപണിയുടെ പ്രതികരണം നെഗറ്റീവ് ആകും.
ഇന്നലെ ഇന്ത്യൻ വിപണി വിദേശ സൂചനകൾക്ക് അനുസരിച്ച് ഉയർന്ന തുടക്കമാണു നടത്തിയത്.ഉച്ച കഴിഞ്ഞപ്പോൾ ഗതി മാറി. നിഫ്റ്റി 17,600-നു മുകളിൽ കടന്നതോടെ വിൽപന സമ്മർദം കടുത്തതായി.. സെൻസെക്സ് രാവിലെ എത്തിയ ഉയരത്തിൽ നിന്നു 920 പോയിൻ്റ് താഴ്ന്നാണു ക്ലോസ് ചെയ്തത്.
503.75 പോയിൻ്റ് (0.86%) നഷ്ടത്തിൽ സെൻസെക്സ് 58,283.24 ലും 143.05 പോയിൻ്റ് (0.82%) നഷ്ടത്തിൽ നിഫ്റ്റി 17,368.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.11 ശതമാനവും മാത്രമേ താണുള്ളു. ഐടി ഒഴികെ എല്ലാ ബിസിനസ് മേഖലകളിലും വിലയിടിഞ്ഞു.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്നലെ 2743.44 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ഇതാേടെ അവരുടെ ഈ മാസത്തെ വിൽപന 18,978.63 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 1351.03 കോടി രൂപയാണ് ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,316 വരെ താണു. ഇന്നു രാവിലെ അൽപം ഉയർന്ന് 17,325 ലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 17,345 ലേക്കു കയറി. ഇന്ത്യൻ വിപണിയിൽ തുടക്കം ചെറിയ താഴ്ചയോടെയാകുമെന്ന സൂചനയാണ് ഇതിലുള്ളത്.
വിപണി ബെയറിഷ് പ്രവണത കാണിക്കുന്നെങ്കിലും വലിയ താഴ്ചയല്ല ലക്ഷ്യമിടുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ വിലയിരുത്തുന്നു. നിഫ്റ്റിയുടെ 100 ദിവസ സിംപിൾ മൂവിംഗ് ആവറേജ് ആയ 17,250 മേഖല വിപണിക്കു താങ്ങായി വർത്തിക്കും എന്നാണു പ്രതീക്ഷ. ഫെഡ് തീരുമാനം വരും വരെ അനിശ്ചിത നിലയാണുള്ളത്. സൂചികകൾ പാർശ്വ നീക്കത്തിൽ തുടരും. നിഫ്റ്റിക്ക് 17, 270- ലും 17,170 ലും താങ്ങുകൾ ഉണ്ട്. 17,550 ലും 17,735 ലും ശക്തമായ തടസം ഉണ്ടാകും.
ക്രൂഡ് താണു
ക്രൂഡ് ഓയിൽ വില രണ്ടു ദിവസത്തെ ഉയർച്ചയ്‌ക്കു ശേഷം ഇന്നലെ താണു. ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായതാണ് ഒരു കാരണം. ഡിമാൻഡ് കാര്യമായി ഉയരാത്തതാണു മറ്റൊരു കാരണം. ബ്രെൻ്റ് ഇനം 74.40 ഡോളറിലേക്കു താണു. പ്രകൃതിവാതക വിലയും അൽപം താണു.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ചെമ്പ് മുക്കാൽ ശതമാനം താണപ്പോൾ അലൂമിനിയം 1.7 ശതമാനവും ഇരുമ്പയിര് 3.5 ശതമാനവും ഉയർന്നു.
സ്വർണം അൽപം ഉയർന്നു.1782-1791 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1787- 1789 ഡോളറിലാണു വ്യാപാരം.
വിലക്കയറ്റത്തിൽ ആശ്വാസമില്ല
ഉപഭോക്തൃ വില സൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം മൂന്നു മാസത്തെ ഉയർന്ന തോതിൽ എത്തി. ഒക്ടോബറിലെ 4.48 ശതമാനത്തിൽ നിന്ന് നവംബറിൽ 4.9 ശതമാനമായി. അഞ്ചു ശതമാനത്തിനു മുകളിലാകുമെന്ന ആശങ്ക യാഥാർഥ്യമായില്ല. എങ്കിലും ആശ്വാസത്തിനു വകയില്ല.
ഭക്ഷ്യ- ഇന്ധന വിലക്കയറ്റങ്ങൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.08 ശതമാനമാണ്. വിലക്കയറ്റം താൽക്കാലികമാേ ചരക്കുനീക്കത്തിലെ തടസങ്ങൾ മൂലമുള്ളതോ അല്ലെന്ന് ഇതു കാണിക്കുന്നു. മൊത്തവിലകൾ ഇരട്ടയക്ക വർധനയാണു കുറേ മാസങ്ങളായി കാണിക്കുന്നത്. അതിൻ്റെ സ്വാധീനത്തിൽ നിന്നു ചില്ലറ വിലക്കയറ്റത്തിനു മാറി നിൽക്കാനാവില്ല. നവംബറിലെ മൊത്ത വിലക്കയറ്റ കണക്ക് ഇന്നു പുറത്തുവിടും.
നികുതി കുറച്ചെങ്കിലും ഇന്ധന വിലക്കയറ്റം 13.35 ശതമാനം എന്ന ഉയർന്ന നിരക്കിലായിരുന്നു. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിച്ചുങ്കം കുറച്ചിട്ടും ആ വിഭാഗത്തിൻ്റെ വിലക്കയറ്റം 29.67 ശതമാനത്തിൽ തുടർന്നു. ആരോഗ്യ സേവനങ്ങൾ, വസ്ത്രം, പാദരക്ഷ, ശീതള പാനീയങ്ങൾ, ഹോട്ടൽ ഭക്ഷണം, പഞ്ചസാര, മധുര പലഹാരം, പഴങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റവും ശരാശരിയേക്കാൾ കൂടുതലാണ്. പച്ചക്കറിക്കു മാത്രമാണു കുറവുണ്ടായത്.
മിക്ക ഇനങ്ങളുടെയും വിലക്കയറ്റംഘടനാപരമായി മാറിക്കഴിഞ്ഞെന്ന് ഇന്ത്യ - റേറ്റിംഗ്സിലെ ചീഫ് ഇക്കണോമിസ്റ്റ് ഡി.കെ.പന്ത് പറയുന്നു. അതായതു പെട്ടെന്നു വിലക്കയറ്റം കുറയുമെന്നു കരുതാനാവില്ല. ജനവരിയിൽ വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും ജിഎസ്ടി വർധന പ്രാബല്യത്തിൽ വരും. മൊബൈൽ നിരക്കുകൾ ഈയിടെ വർധിച്ചു. ഇതെല്ലാം വരും മാസങ്ങളിലെ വിലക്കയറ്റം ഉയർന്നു നിൽക്കാൻ വഴിതെളിക്കും.
ഡോളർ കയറും, രൂപ താഴും
രൂപയുടെ വിനിമയ നിരക്ക് താഴുന്നതും വിലക്കയറ്റ പ്രവണതയ്ക്ക് ആക്കം കൂട്ടും. സെപ്റ്റംബർ 13-ന് 73.68 രൂപയായിരുന്നു ഡോളറിന്. ഇന്നലെ അത് 75.78 രൂപയായി. മൂന്നു മാസം കൊണ്ടു ഡോളറിന് 2.85 ശതമാനം ഉയർച്ച. അമേരിക്കൻ കേന്ദ്ര ബാങ്ക് കടപ്പത്രം വാങ്ങൽ കുറയ്ക്കുന്നതോടെ കുറേ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റ് പണം അമേരിക്കയിലേക്കു കൊണ്ടു പോകും. ഇതു വീണ്ടും രൂപയെ താഴ്ത്തും. അമേരിക്ക പലിശ ഉയർത്തുമ്പോഴും ഡോളർ കയറുകയും രൂപ താഴുകയും ചെയ്യും. ഈ മാസം ഒടുവിൽ ഡോളർ 76.30-76.50 രൂപയിലെത്തുമെന്നാണു പ്രതീക്ഷ. അതു തടയാൻ റിസർവ് ബാങ്ക് ശ്രമിക്കുകയുമില്ല. ഇറക്കുമതിക്കു ചെലവേറുമെങ്കിലും ഡോളർ നിരക്ക് കൂടുന്നതു കയറ്റുമതിക്കാർക്കും ഐടി കമ്പനികൾക്കും ഗുണകരമാണ്.