പലിശ വേഗം കൂട്ടും; ഫെഡ് കടുത്ത നടപടിക്ക്; അനിശ്ചിതത്വം മാറി; വിപണിക്ക് ഉത്സാഹം

ഫെഡ് നിലപാട് കടുപ്പമെങ്കിലും ഓഹരി വിപണികളുടെ ഉത്സാഹത്തിന് പിന്നിലെ കാരണമെന്താണ്? ഇന്ത്യയിൽ എന്ന് പലിശ നിരക്ക് ഉയരും?;

Update:2021-12-16 08:12 IST

പ്രതീക്ഷിച്ചതിലും കടുത്ത നിലപാടിലേക്കു യുഎസ് ഫെഡ് മാറി. വിപണികൾ ഉത്സാഹത്തിലായി. പലിശവർധനയെ പേടിക്കുന്നു എന്നാണ് ഇതുവരെ കമ്പോളങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോൾ കൂടുതൽ വേഗം, കൂടുതൽ നേരത്തേ പലിശ കൂടും എന്നു ഫെഡ് പ്രഖ്യാപിച്ചപ്പോൾ കമ്പാേളം കൈയടിക്കുന്നു.

വിലക്കയറ്റത്തെ മുഖ്യശത്രുവായി കണ്ട് മൂന്നു വർഷത്തേക്കുള്ള പണനയരേഖ ഫെഡ് അവതരിപ്പിച്ചതു കമ്പോളത്തെ സന്തോഷിപ്പിച്ചു. യുഎസ് ഓഹരി സൂചികകൾ ഇന്നലെ നഷ്ടത്തിൽ നിന്ന് ഒന്നും രണ്ടും ശതമാനം നേട്ടത്തിലേക്കു മാറി. ഇന്ന് ഏഷ്യയിലും നല്ല ഉയരത്തിലാണു വ്യാപാരത്തുടക്കം. യൂറോപ്പിലും ഓഹരികൾ ഉയരുമെന്നാണു സൂചന.

തുടർച്ചയായ നാലാമത്തെ ദിവസവും താഴ്ചയിലായ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ഉയരുമെന്നു പലരും കരുതുന്നു. അതേസമയം രൂപയുടെ ദൗർബല്യവും വിദേശികൾ പണം പിൻവലിക്കുന്നതും വിപണിയെ അലട്ടും എന്നതും തീർച്ച.

അമേരിക്ക പലിശ വർധനയിലേക്കു നീങ്ങുമ്പോൾ ഇന്ത്യക്കും വിട്ടു നിൽക്കാനാവില്ല. അതു വരും നാളുകളിൽ വിപണിയുടെ ഉയർച്ചയ്ക്കു തടസം സൃഷ്ടിക്കും. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതും പ്രശ്നമാണ്. മുംബൈയിൽ ആളുകൾ കൂട്ടം കൂടുന്നതു നിരോധിച്ചതും മറ്റും ആശങ്ക വർധിപ്പിക്കും.

എല്ലാ മേഖലകളും ഇടിവിൽ

ഇന്നലെ ഒരു ബെയറിഷ് സൂചനയാേടെയാണു മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 329.06 പോയിൻ്റ് (0.57%) താണ് 57,788.03 ലും നിഫ്റ്റി 103.5 പോയിൻ്റ് (0.6%) താണ് 17,221.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.58 ശതമാനം താണപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.39 ശതമാനം കുറഞ്ഞു. നിഫ്റ്റി ഓട്ടാേ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ഇടിഞ്ഞു. റിയൽറ്റിയാണ് ഏറ്റവും താഴാേട്ടു പോയത്.

നിഫ്റ്റിക്ക് 17,160-ലും 17,095 ലും സപ്പോർട്ട് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയരത്തിൽ 17,315-ഉം 17,415 ഉം ആണു തടസങ്ങൾ.

വിദേശികളുടെ വിൽപന കൂടി

ഇന്നലെ വിദേശ നിക്ഷേപകർ 3407 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ വിൽപന 23,149 കോടി രൂപയിലെത്തി. വിദേശികൾ ഇൻഡെക്സ് ഫ്യൂച്ചേഴ്സിൽ 7545 കോടി രൂപ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ ഇന്നലെ 1553.01 കോടിയുടെ ഓഹരികൾ വാങ്ങി.

ഫെഡ് തീരുമാനത്തിനു മുമ്പു താഴോട്ടു പോകുകയായിരുന്ന ക്രൂഡ് ഓയിൽ വില അൽപം നേട്ടത്തിലായി. 72.3 ഡോളർ വരെ താണ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ ക്ലോസ് ചെയ്തത് 73.88 ഡോളറിൽ. ഡബ്ള്യു ടി ഐ ഇനം 69 ഡോളറിൽ നിന്ന് 71.6 ഡോളറിലേക്കു കയറി. ഡിമാൻഡ് കാര്യമായി കുറയില്ലെന്ന നിഗമനത്തിലാണു വിപണി ഇപ്പോൾ. അടുത്ത വർഷം ക്രൂഡ് ലഭ്യത കൂടുമെന്നും ശരാശരി വില 70 ഡോളറായി കുറയുമെന്നും കൊമേഴ്സ് ബാങ്കിൻ്റെ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴോട്ടു നീങ്ങി. ചെമ്പ് രണ്ടു ശതമാനം കുറഞ്ഞ് 9214 ഡോളറിലെത്തി. അലൂമിനിയം 2603 ഡോളറിലേക്കു താണു. എന്നാൽ ഇരുമ്പയിര് രണ്ടു ശതമാനം ഉയർന്ന് 109.22 ഡോളർ ആയി.

ഫെഡ് തീരുമാനം വരും മുമ്പ് 1753 ഡോളർ വരെ താണു നിന്ന സ്വർണം പിന്നീട് 1780-ലേക്കു കുതിച്ചു. ഇന്നു രാവിലെ 1776-1778 ഡോളറിലാണു സ്വർണ വ്യാപാരം. ഫെഡ് നയം പ്രതീക്ഷ പോലെ വന്നെന്നാണു വിപണിയുടെ വിലയിരുത്തൽ.

എസ്ജിഎക്സ് നിഫ്റ്റി ഉയർന്നു

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,320-ലേക്ക് ഉയർന്നു ക്ലോസ് ചെയ്തു. ഇന്നു വീണ്ടും ഉയർന്ന് 17,360 ലെത്തിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത്.

പലിശകൂട്ടൽ സിന്ദാബാദ് എന്നു വിപണികൾ

നേരത്തേ പറഞ്ഞതിൻ്റെ ഇരട്ടി വേഗത്തിൽ കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കും. അടുത്ത വർഷം മൂന്നു തവണ പലിശ കൂട്ടും. 2023-ൽ വീണ്ടും മൂന്നു തവണ.2024-ൽ രണ്ടു തവണ. ഇതു വരെ ഉണ്ടായിരുന്ന മയപ്പെട്ട സമീപനം മാറ്റിവച്ച യുഎസ് ഫെഡ് ഇന്നലെ കടുത്ത നിലപാടിലേക്കു മാറി.

ഇന്നലെ വരെ പലിശ കൂട്ടലിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്ന ഓഹരി വിപണിയും നിലപാട് മാറ്റി. പലിശ വർധന സിന്ദാബാദ് എന്ന മട്ടിലായി പ്രതികരണം. യുഎസിൽ ഡൗ ജോൺസ് സൂചിക 1.1 ശതമാനവും നാസ്ഡാക് 2.2 ശതമാനവും ഉയർന്നു. ഇന്നു രാവിലെ ജപ്പാനിലെ നിക്കെെ സൂചിക രണ്ടു ശതമാനത്തോളം ഉയർന്നു.

പലിശ കൂടുന്നതു വ്യവസായ സംരംഭങ്ങളുടെ ലാഭമാർജിൻ കുറയ്ക്കും, അപ്പോൾ പ്രതി ഓഹരി വരുമാനം (ഇ പി എസ്) കുറയും, രാജ്യത്തിൻ്റെ ജിഡിപി വളർച്ച മന്ദീഭവിക്കും - ഇതാണ് ഇന്നലെ വരെ പ്രബലമായിരുന്ന ആശങ്ക. വികസ്വര രാജ്യങ്ങൾക്കാകട്ടെ വിദേശത്തു നിന്നു വന്ന നിക്ഷേപത്തിൽ കുറേ മടങ്ങിപ്പോകുന്നതിൻ്റെ ആശങ്കയുമുണ്ടായിരുന്നു. യുഎസ് പലിശ കൂട്ടുന്നത് യുഎസ് ഡോളറിനു കൂടുതൽ കരുത്തേകും. അതു മറ്റു കറൻസികളെ ദുർബലപ്പെടുത്തും എന്ന വിഷയവുമുണ്ട്. അതെല്ലാം മാറ്റി വയ്ക്കുകയാണു വിപണി ചെയ്തത്. കാരണം?

അനിശ്ചിതത്വം മാറി, വിലക്കയറ്റം മുഖ്യശത്രു

അനിശ്ചിതത്വം മാറി. കാര്യങ്ങൾ തെളിഞ്ഞു. 2024 കഴിയും വരെയുള്ള പണനയ പാത വ്യക്തമായി. വിലക്കയറ്റമാണ് മുഖ്യശത്രു എന്നു പ്രഖ്യാപിച്ചു.

കമ്പോളങ്ങൾക്ക് അതാണ് ആവശ്യം. വ്യക്തത. വിലക്കയറ്റം കമ്പോളത്തിന് അസഹ്യവുമാണ്.

അനിശ്ചിതത്വമാണു കമ്പാേളത്തിൻ്റെ ഏറ്റവും വലിയ ശത്രു. ആ ശത്രുവിനെ ജെറോം പവൽ ചെയർമാനായ ഫെഡിൻ്റെ പണനയ കമ്മിറ്റി (എഫ്ഒഎംസി) ഇല്ലാതാക്കി. ഇനി മൂന്നു വർഷം വ്യക്തമായ വഴിയിലൂടെ കമ്പോളങ്ങൾക്കു നീങ്ങാം. അതാണു വിപണിയിലെ അത്യുത്സാഹത്തിനു കാരണം.

മാസം തോറും 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ യുഎസ് ഫെഡ് വാങ്ങിയിരുന്നു. കോവിഡിനെ തുടർന്നുള്ള മാന്ദ്യത്തിൽ ധനകാര്യ വിപണികളിലെ പണലഭ്യത ഉറപ്പുവരുത്താനാണ് ഇവ വാങ്ങിപ്പോന്നത്. ഈ വാങ്ങൽ മാസം 1500 കോടി ഡോളർ വീതം കുറച്ച് അടുത്ത ജൂണോടെ അവസാനിപ്പിക്കുമെന്നാണ് നവംബർ ആദ്യം ഫെഡ് പറഞ്ഞത്. ഇന്നലെ അതു മാറ്റി. മാസം 3000 കോടി ഡോളർ വീതം കുറയ്ക്കും. അപ്പോൾ മാർച്ചിൽ കടപ്പത്രം വാങ്ങൽ പരിപാടി തീരും. വാങ്ങി വച്ച കടപ്പത്രങ്ങൾ എന്തു ചെയ്യണമെന്നു പിന്നീടു തീരുമാനിക്കും.

എട്ടുതവണ പലിശ കൂട്ടും

അടുത്ത വർഷം അടിസ്ഥാന പലിശ മൂന്നു തവണ കൂട്ടും. കാൽ ശതമാനം (25 ബേസിസ് പോയിൻ്റ് ) വീതമാണു വർധന. ആദ്യത്തേത് ഏപ്രിൽ - ജൂണിലും രണ്ടാമത്തേത് ജൂലൈ - സെപ്റ്റംബറിലും മൂന്നാമത്തേത് ഒക്ടോബർ - ഡിസംബറിലും.

വീണ്ടും 2023-ൽ മൂന്നു തവണ നിരക്ക് കൂട്ടും. 2024-ൽ രണ്ടു തവണ. അപ്പോഴേക്ക് അടിസ്ഥാന പലിശ 0.0 - 0.15 ശതമാനം എന്നതിൽ നിന്ന് 2.0-2.15 ശതമാനം എന്ന തോതിലാകും.

അമേരിക്കയിൽ ചില്ലറ വിലക്കയറ്റം 39 വർഷത്തെ ഉയർന്ന നിലയായ 6.8 ശതമാനത്തിൽ എത്തിയപ്പോഴാണു ഫെഡ് നയംമാറ്റം. വിലക്കയറ്റം നാലു ശതമാനത്തിനു താഴെ നിർത്തണമെന്നാണു ഫെഡിനു നൽകിയിട്ടുള്ള നിർദേശം. രാജ്യത്തു തൊഴിലില്ലായ്മ തീരെ കുറവായ സാഹചര്യത്തിൽ വിലക്കയറ്റത്തെ നേരിടാം എന്നു തീരുമാനിക്കുകയാണു ഫെഡ് ചെയ്തത്.

ഇന്ത്യ ചെയ്യുന്നത്

ഫെഡ് തീരുമാനം ഇന്ത്യയിൽ നിന്നു വിടുന്ന നിക്ഷേപകർ പണം പിൻവലിക്കുന്നതിൻ്റെ തോതു കൂട്ടുമെന്നു തീർച്ചയാണ്. പക്ഷേ അതു വിപണി മുമ്പേ കണക്കിലെടുത്തിട്ടുള്ളതാണ്. ഡോളറിന് 78 രൂപയിലേക്കു നിരക്ക് മാറുന്നതിൻ്റെ സാധ്യതയും വിപണി കണക്കാക്കിയിട്ടുണ്ട്. ഇന്നലെ ഡോളർ 44 പൈസ നേട്ടത്തിൽ 76.32 രൂപയിലെത്തി. ഇന്ത്യയും പലിശ വർധിപ്പിക്കൽ വേഗത്തിലാക്കും. മാർച്ചിനകം റിവേഴ്സ് റീപോ കൂട്ടും. ഏപ്രിലിൽ റീപോ കൂട്ടാൻ ഇടയുണ്ടെന്നാണു പുതിയ നിഗമനം.

This section is powered by Muthoot Finance

Tags:    

Similar News