ഒരു രാത്രി കഴിഞ്ഞു, കാഴ്ചപ്പാട് മാറി; വിദേശികളുടെ വിൽപന കൂടുമോ? ഇനി ശ്രദ്ധ റിസർവ് ബാങ്കിൽ; ക്രൂഡും സ്വർണവും ഉയർന്നു
ഇന്ത്യയിൽ പലിശ വർധന ഉടനുണ്ടാകുമോ? ഓഹരി വിലകൾ താഴേയ്ക്ക് പോയേക്കാം, കാരണങ്ങൾ ഇതാണ്; ഫ്രീഡ്മാൻ പറഞ്ഞത് ശരിയാകാനിട;
ഒരു രാത്രി കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കാര്യങ്ങൾ മറ്റൊരു കണ്ണിലൂടെ കാണും. എല്ലായിടത്തും അങ്ങനെ തന്നെ. യുഎസ് ഫെഡിൻ്റെ തീരുമാനത്തിൽ ബുധനാഴ്ച കമ്പോളങ്ങൾ കണ്ടത് ഒരു കാര്യം മാത്രം. അനിശ്ചിതത്വം മാറി, വഴി തെളിഞ്ഞു. കമ്പോളങ്ങൾ ഉത്സാഹത്തിലായി.
വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിൻ്റെ മറ്റു വിഷയങ്ങൾ അന്നു കണക്കിലെടുത്തില്ല. വ്യാഴാഴ്ച അക്കാര്യങ്ങൾ പരിഗണിച്ചപ്പോൾ യുഎസ് സൂചികകൾ താഴോട്ടു നീങ്ങി. അതിനിടെ അപ്രതീക്ഷിതമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ 0.25 ശതമാനം ഉയർത്തി. ആഗാേള ധനകാര്യ വിപണികൾക്ക് ഒന്നര വർഷമായി കുറഞ്ഞ പലിശയിൽ ലഭ്യമായിരുന്ന പണത്തിൻ്റെ സ്രോതസ് ഇല്ലാതാകുന്നു എന്ന യാഥാർഥ്യം ആണ് വിപണികളെ വരും ദിവസങ്ങളിൽ നയിക്കുക.
വിപണി ചാഞ്ചാടി
വ്യാഴാഴ്ച ഇന്ത്യൻ വിപണി ഉത്സാഹത്തോടെ തുടങ്ങിയ ശേഷം പെട്ടെന്നു തന്നെ താഴോട്ടു പോയി. വലിയ ചാഞ്ചാട്ടം കണ്ട ദിവസം നേരിയ ഉയർച്ചയിലാണു സൂചികകൾ ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകരുടെ വിൽപനയെ മറികടന്നിരുന്ന റീട്ടെയിൽ വാങ്ങൽ ഇന്നലെ കണ്ടില്ല. മ്യൂച്വൽ ഫണ്ടുകളാണു വിപണിയെ ഉയർത്തി നിർത്തിയത്.
ആഗോള സൂചനകൾ അത്ര ആവേശകരമല്ല. കുറേ ദിവസം അനിശ്ചിതത്വമാകും വിപണിയിൽ. കുതിപ്പിനു തക്ക വിഷയം കിട്ടും വരെ പാർശ്വനീക്കത്തിലൂടെ പിടിച്ചു നിൽക്കാൻ സൂചികകൾക്കു കഴിയുമോ എന്നതാണു ചോദ്യം. വിദേശ നിക്ഷേപകർ വിൽപനത്തോതു വർധിപ്പിച്ചാൽ ഗണ്യമായ താഴ്ച ഉണ്ടാകും.
കരുത്തില്ലാത്ത ഉയർച്ച
വ്യാഴാഴ്ച സെൻസെക്സ് 113.11 പോയിൻ്റ് ( 0.2%) കയറി 57,901.14 ലും നിഫ്റ്റി 27 പോയിൻ്റ് (0.16%) ഉയർന്ന് 17,248.4 ലും ക്ലോസ് ചെയ്തു. വിശാല വിപണി മറിച്ചാണു നീങ്ങിയത്. മിഡ് ക്യാപ് സൂചിക 0.69 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83 ശതമാനവും ഇടിഞ്ഞു. മുഖ്യസൂചികകളുടെ ഉയർച്ച തന്നെ ബജാജ് ഫിനാൻസ്, റിലയൻസ്, ഇൻഫി തുടങ്ങി ഏതാനും ഹെവി ഓഹരികളുടെ ഉയർച്ചയുടെ ഫലമാണ്. ഐടി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യുറബിൾസ് എന്നീ മേഖലകൾ മാത്രമേ ഉയർന്നുള്ളൂ. ബാക്കി എല്ലാ മേഖലാ സൂചികകളും താഴോട്ടായിരുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ ഒരു ശതമാനത്തിലേറെ ഉയർന്നു. യുഎസ് വിപണിയിൽ ടെക് ഓഹരികൾക്കു വലിയ തിരിച്ചടി നേരിട്ടു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഏഷ്യൻ സൂചികകൾ നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,327-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താണ് 17,286 ലേക്കു നീങ്ങി. ഇന്ത്യയിൽ ഇന്നു താഴ്ന്ന തുടക്കമാണു വിപണി പ്രതീക്ഷിക്കുന്നത്.
മനോഭാവം ബെയറിഷ്
വിപണി മനോഭാവം ബെയറിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,200 നിലനിർത്താൻ നിഫ്റ്റിക്കു കഴിയുന്നില്ലെങ്കിൽ 16,800 വരെ താഴാനുള്ള സാധ്യത അവർ കാണുന്നു. 17,165 - ലും 17,075-ലും ആണു താങ്ങുകൾ. ഉയർച്ചയിൽ 17,355 ലും 17,465 ലും തടസങ്ങൾ ഉണ്ട്.
ഇന്നലെ വിദേശ നിക്ഷേപകർ 1468.71 കോടി രൂപയുടെ ഓഹരികൾ വിറ്റു.ഈ മാസത്തെ അവരുടെ വിൽപന 24,617.56 കോടി കവിഞ്ഞു. സ്വദേശി ഫണ്ടുകൾ ഇന്നലെ 1533.15 കോടിയുടെ ഓഹരികൾ വാങ്ങി.
75 ഡോളർ കടന്നു ക്രൂഡ്
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വീണ്ടും കുതിക്കുകയാണ്. യുഎസ് ഡിമാൻഡ് അപ്രതീക്ഷിതമായി വർധിച്ചതാണു കാരണം. ചൈനീസ് റിഫൈനറികളും കൂടുതൽ ക്രൂഡ് ആവശ്യപ്പെടുന്നുണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് 75 ഡോളറിനു മുകളിലെത്തി. പ്രകൃതിവാതക വിലയും ഉയർന്നു.
വ്യാവസായിക ലോഹങ്ങളുടെ വിലയിലും കുതിപ്പുണ്ട്. ചെമ്പ് മൂന്നു ശതമാനവും അലൂമിനിയവും ഇരുമ്പയിരും രണ്ടു ശതമാനം വീതവും ഉയർന്നു.
സ്വർണം വീണ്ടും 1800 ഡോളറിനെ സ്പർശിച്ചു. ഡോളർ ദുർബലമായതാണു കാരണം. 1798-1800 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം.
ഡോളർ ഇന്നലെ 76.09 രൂപയിലേക്കു താണു. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതിനെ ആശ്രയിച്ചിരിക്കും രൂപയുടെ നിരക്ക്. പല വികസ്വര രാജ്യങ്ങളിലെയും കറൻസികൾ ഈ ദിവസങ്ങളിൽ സമ്മർദത്തിലാണ്.
റിസർവ് ബാങ്ക് നേരത്തേ നിരക്കു കൂട്ടുമാേ?
ആഗോള ചലനങ്ങൾ റിസർവ് ബാങ്കിനെ അടിയന്തര നടപടിക്കു പ്രേരിപ്പിച്ചു എന്നു വരാം. പ്രത്യേകിച്ചും കറൻസി വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ വരുന്ന സാഹചര്യത്തിൽ. പണനയ കമ്മിറ്റി (എംപിസി) ചേരാതെ തന്നെ റീപോയും റിവേഴ്സ് റീപോയും തമ്മിലുള്ള അകലം 0.65 ൽ നിന്ന് 0.5 അല്ലെങ്കിൽ 0.25 ആയി കുറയ്ക്കാൻ തീരുമാനിച്ചേക്കാം. കടപ്പത്രങ്ങൾ വിൽക്കുന്ന നിരക്ക് റിസർവ് ബാങ്ക് ഈയിടെ കുട്ടിയിരുന്നു. അത് ഔപചാരികമാക്കുക എന്നതേ ശേഷിക്കുന്നുള്ളു. റീപോ നിരക്കു വർധന അടുത്ത വർഷമാദ്യം തന്നെ തുടങ്ങാനും റിസർവ് ബാങ്ക് തുനിഞ്ഞേക്കും. അതു സ്വാഭാവികമായും ഓഹരി വിലകളുടെ താഴ്ചയ്ക്കു വഴിതെളിക്കും.
ഉത്തേജനം തീരുമ്പോൾ വിലയിടിയും
കേന്ദ്ര ബാങ്കുകൾ പലിശ താഴ്ത്തി നിർത്തിയും അനുസ്യൂതം പണം വിപണിയിലേക്ക് ഒഴുക്കിയുമാണ് കോവിഡ് കാലത്ത് ധനകാര്യ വിപണികളെ താങ്ങി നിർത്തിയത്. നാമമാത്ര പലിശ വ്യവസായ വളർച്ചയെ സഹായിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ അതു പ്രവർത്തിച്ചത് ഓഹരി വിപണി അടക്കമുളള ധനകാര്യ കമ്പാേളങ്ങളിലാണ്.
ധനകാര്യ ഉത്തേജനം വഴി യുഎസ് ഫെഡിൻ്റെ ബാലൻസ് ഷീറ്റ് ഇരട്ടിച്ച് 4.5 ലക്ഷം കോടി ഡോളർ ആയി. കഴിഞ്ഞ വർഷം മാർച്ച് 20-നു ശേഷം ഇക്കഴിഞ്ഞ മാസം വരെയായിരുന്നു ഈ വളർച്ച. ഇതേ കാലയളവിൽ ഇന്ത്യയുടെ സെൻസെക്സ് ഇരട്ടിച്ചു. അമേരിക്കയിലെ ഡൗ ജോൺസ് സൂചികയും ഇതേ തോതിൽ ഉയർന്നു. ഉത്തേജനം പിൻവലിക്കുന്നതോടെ ഈ കുതിപ്പ് താഴ്ചയിലേക്കു വഴിമാറും. കഴിഞ്ഞ ഏതാനും ആഴ്ചകൾ നൽകുന്ന സൂചന അതാണ്.
കഴിഞ്ഞ 10 വർഷ കാലത്ത് സെൻസെക്സ് 275 ശതമാനം ഉയർന്നപ്പോൾ സെൻസെക്സ് ഓഹരികളുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) 134 ശതമാനമേ ഉയർന്നുള്ളു. ഈ വൈചിത്ര്യം തുടർന്നു പോകാനാകില്ല. പലിശ വർധനയുടെ നാളുകൾ മുന്നിൽ കാണുന്നതിനാൽ ഓഹരി വിലകൾ താഴ്ത്താൻ ന്യായവും ഉണ്ടാകും.
ഫ്രീഡ്മാൻ പറഞ്ഞത്
2012-ൽ സെൻസെക്സ് പി ഇ അനുപാതം 17 ആയിരുന്നത് കോവിഡ് തുടങ്ങുo മുമ്പ് 27 ആയി. ഇക്കഴിഞ്ഞ മാർച്ചിൽ അതു 35 ലേക്കു കയറി. ഇപ്പോൾ വീണ്ടും 27ലേക്കു താണു. വിപണിയിലെ പണലഭ്യത ഇങ്ങനെയും ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. വില കൂട്ടലിനും കുറയ്ക്കലിനും പറയുന്ന മറ്റു ന്യായീകരണങ്ങൾ കണക്കിലെടുക്കേണ്ട കാര്യമില്ല. എന്നും എവിടെയും വിലക്കയറ്റം പണപരമായ വിഷയമാണെന്നു മിൽട്ടൺ ഫ്രീഡ്മാൻ പറഞ്ഞത് ഓഹരി വിലകളുടെ കാര്യത്തിലും ശരിയാണ്. യുഎസ് ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും പണമൊഴുക്കു നിർത്തുകയും പണം തിരിച്ചുപിടിക്കുകയും ചെയ്യുമ്പോൾ ഓഹരി സൂചികകൾ കീഴോട്ടു നീങ്ങി ഫ്രീഡ്മാൻ്റെ വാദത്തെ ശരി വയ്ക്കും.
This section is powered by Muthoot Finance