ഒമിക്രോൺ ഭീതി വീണ്ടും; വിൽപന സമ്മർദം കുറയുന്നില്ല; കൈ പൊള്ളി റീറ്റെയ്ൽ നിക്ഷേപകർ; സ്വർണ്ണ വില 15 ശതമാനം ഇടിയുമെന്ന് പ്രവചനം
വളർച്ചത്തോത് ഇനിയും കുറഞ്ഞേക്കും; വിലക്കയറ്റം തടയാൻ ശ്രമം, ഓഹരി വിപണിയിൽ വലിയ നഷ്ടം ചില്ലറ നിക്ഷേപകർക്ക്;
ആഗോള സൂചനകൾ വിപണിയിൽ ഉണർവ് തുടരും എന്നു പറയുന്നു. ഒപ്പം വിദേശ നിക്ഷേപകർ വിൽപന തുടരുകയും ചെയ്യും. എന്നാൽ ഉണർവ് വേണ്ടത്ര കരുത്തുറ്റതാണെന്നു കരുതാനാവില്ല. ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും വ്യാപാരത്തുടക്കം ചെറിയ താഴ്ചയിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സും കാര്യമായ നേട്ടത്തിലല്ല. ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും ഉണർവിലാണ്.
ഇന്നലെ രാവിലെ ഇന്ത്യൻ ഓഹരി വിപണി അതിവേഗം തിരിച്ചു കയറിയതാണ്. സെൻസെക്സ് ആയിരത്തിലേറെ പോയിൻ്റ് ഉയർന്നു. തലേന്നത്തെ നഷ്ടമെല്ലാം നികത്തും എന്ന ധാരണ ജനിപ്പിച്ച ശേഷമാണ് വലിയ വിൽപന സമ്മർദത്തിൽ സൂചികകൾ താഴോട്ടു പോയത്. ഒടുവിൽ ഒരു ശതമാനത്തിൽ താഴെ നേട്ടവുമായി മുഖ്യസൂചികകൾ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ഇന്നലെ നല്ല തിരിച്ചുകയറ്റം നടത്തി. ക്രിസ്മസിനു കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്ന സൂചന കമ്പോളങ്ങളെ സഹായിച്ചു.
യുഎസ് സൂചികകൾ മികച്ച മുന്നേറ്റമാണു കാഴ്ചവച്ചത്. ഡൗ ജോൺസ് സൂചിക 1.6 ശതമാനവും എസ് ആൻഡ് പി 1.8 ശതമാനവും നാസ്ഡാക് 2.4 ശതമാനവും ഉയർന്നു.
എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,912 വരെ ഉയർന്നു. നിഫ്റ്റി ക്ലോസിംഗിനേക്കാൾ 140 പോയിൻ്റ് ഉയരത്തിൽ. ഇന്നു രാവിലെ 16,898 ലേക്ക് താണു. ഇന്ത്യൻ വിപണിയിൽ ഉണർവ് സൂചിപ്പിക്കുന്നതാണ് ഡെറിവേറ്റീവ് വ്യാപാരം.
സെൻസെക്സ് ചൊവ്വാഴ്ച 479 പോയിൻ്റ് (0.89%) കയറി 56,319.01 ലും നിഫ്റ്റി 156.65 പോയിൻ്റ് (0.94%) കയറി 16,770.85ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ 1.25 ശതമാനം വീതം ഉയർന്നു. മെറ്റൽ (2.94%), ഐടി (1.98%), മീഡിയ (2.54 %), കൺസ്യൂമർ ഡ്യുറബിൾസ് (2.06%) തുടങ്ങിയ മേഖലകൾ നല്ല നേട്ടം കാണിച്ചു. ബാങ്കുകളും ധനകാര്യ കമ്പനികളും തുടക്കത്തിൽ നല്ല ഉയർച്ച കാണിച്ചെങ്കിലും വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദത്തിൽ ചെറിയ നേട്ടത്തിലേക്കു ചുരുങ്ങി.
വിദേശികൾ വിൽപന തുടരുന്നു
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1209.82 കോടിയുടെ ഓഹരികൾ വിറ്റു. ഇതോടെ ഡിസംബറിലെ വിൽപന 31,462.64 കോടി രൂപയായി. വിദേശികൾ ഇൻഡെക്സ് ഓപ്ഷൻസിൽ 17,540 കോടി രൂപയുടെ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 1404.89 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഉയർന്ന നിലവാരത്തിൽ വിൽപന സമ്മർദം നേരിടുകയാണ്. നിഫ്റ്റി 16,700നു താഴേക്കു നീങ്ങിയാൽ കൂടുതൽ ആഴത്തിലേക്കു പോകുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,660-ലും 16,550-ലും താങ്ങുകൾ ഉണ്ട്. ഉയരത്തിൽ 16,910- ഉം 17,050-ഉം പ്രതിരോധം സൃഷ്ടിക്കും.
ക്രൂഡ് കയറി
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഒമിക്രോൺ വകഭേദം അതിവേഗം പടരുന്നുണ്ടെങ്കിലും ലോക്ക് ഡൗണുകൾ കുറവാകുമെന്ന ധാരണയാണു വിപണിക്കുള്ളത്. അതിനാൽ ഇന്ധന ഉപയാേഗം കുറയില്ല. ലിബിയയിൽ നിന്നുള്ള എണ്ണ വരവിനു തടസവും നേരിട്ടു. ഇതു രണ്ടുമാണ് വില കൂട്ടിയത്. ബ്രെൻ്റ് ഇനം മൂന്നര ശതമാനം ഉയർന്ന് 74 ഡോളറിൽ എത്തി. പ്രകൃതി വാതക വിലയും അൽപം കയറി.
വ്യാവസായിക ലോഹങ്ങൾ ചെറിയ ഉയർച്ചയിലാണ്. ചെമ്പ് അര ശതമാനവും അലൂമിനിയം ഒരു ശതമാനവും കയറി.
സ്വർണം താഴെ; 15 ശതമാനം ഇടിയുമെന്ന് പ്രവചനം
സ്വർണം 1800 ലേക്കു കയറാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. 1790-1792 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.
സ്വർണം 2000 ഡോളറിലേക്ക് അടുത്ത വർഷം എത്തുമെന്ന ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം എല്ലാവരും തള്ളിക്കളഞ്ഞ മട്ടാണ്. വില 15 ശതമാനം താണ് 1500 ഡോളറിനടുത്ത് എത്തുമെന്നാണ് എബിഎൻ അമ്രോ ബാങ്കിൻ്റെ പുതിയ പഠന റിപ്പോർട്ട്. 2023 ൽ 1300 ഡോളറാണ് അവർ കാണുന്ന ലക്ഷ്യം. പലിശ നിരക്ക് കൂടുകയും പണലഭ്യത കുറയ്ക്കുകയും ചെയ്യുമ്പോൾ സ്വർണ വില താഴുമെന്ന് അവർ കരുതുന്നു.
ഒമിക്രോൺ വ്യാപനം മൂന്നിരട്ടി വേഗത്തിൽ
കോവിഡിൻ്റെ ഒമിക്രോൺ വകഭേദം ഡെൽറ്റയെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിൽ പടരുമെന്നു ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. രണ്ടു ഡോസ് വാക്സീൻ എടുത്തവരിലും രോഗബാധ വരുന്നതിനാൽ ബൂസ്റ്റർ ഡോസ് ആശയത്തിനു കൂടുതൽ രാജ്യങ്ങളിൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഓക്സ്ഫഡ് - അസ്ടാ സെനക്ക വാക്സിനേഷൻ്റെ ഫലപ്രാപ്തി മൂന്നു മാസം കഴിയുമ്പോൾ തീരുന്നതായി ലാൻസറ്റ് ജേർണൽ എന്ന ശാസ്ത്ര മാസികയിൽ വന്ന പഠനത്തിൽ പറയുന്നു.
യുഎസിലെ പുതിയ രോഗബാധിതരിൽ 73 ശതമാനത്തിനും ഒമിക്രോൺ ആണു ബാധിച്ചിരിക്കുന്നത്. അമേരിക്കയിൽ ചൊവ്വാഴ്ച 1.8 ലക്ഷം പേർക്കു കോവിഡ് ബാധിച്ചു. യൂറോപ്പിൽ പ്രതിദിന രോഗബാധ നാലു ലക്ഷത്തിലധികമാണ്.
വളർച്ചത്തോത് ഇടിയുന്നു
ഒമിക്രോൺ വ്യാപനം ഈ ത്രൈമാസത്തിലെ ആഗോള സാമ്പത്തിക വളർച്ചത്തോത് പകുതിയാക്കുമെന്ന് ബ്ലൂംബർഗ് നൗകാസ്റ്റ് കണക്കാക്കുന്നു. ഒക്ടോബർ - ഡിസംബർ വളർച്ച തലേ പാദത്തേക്കാൾ 1.4 ശതമാനം കൂടുമെന്നു നേരത്തേ കണക്കാക്കിയത് 0.7 ശതമാനമായി കുറച്ചു. ഇന്ത്യ ഈ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 1.2 ശതമാനമേ വളരൂ എന്നാണ് അവർ കണക്കാക്കുന്നത്. ചൈന 4.5 ശതമാനം വളരുമത്രെ. യുഎസ് വളർച്ച 4.9 ശതമാനത്തിലെത്തും. യൂറോപ്പിൽ വളർച്ച പ്രതീക്ഷ 0.3 ശതമാനം കുറച്ചു.
പാമോയിലിനു ചുങ്കം കുറച്ചു
രാജ്യത്തു ചില്ലറ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ശുദ്ധീകരിച്ച പാമോയിലിൻ്റെ ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനം കുറച്ച് 12.5 ശതമാനമാക്കി. പയറുവർഗങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്കു നൽകിയ അനുമതിയുടെ കാലാവധി നീട്ടുകയും ചെയ്തു. മൊത്ത വിലക്കയറ്റം 14 ശതമാനത്തിനു മുകളിലാണ് ഓടുന്നത്. ചില്ലറ വിലക്കയറ്റത്തിലെ കാതൽ ഭാഗം ആറു ശതമാനത്തിലെത്തിയിട്ടുണ്ട്. മൊത്തവിലയുടെ പ്രതിഫലനം രണ്ടു മൂന്നു മാസം കൊണ്ടാണ് ചില്ലറ വിലയിൽ പ്രതിഫലിക്കുക.
വലിയ നഷ്ടം ചില്ലറ നിക്ഷേപകർക്ക്
കഴിഞ്ഞ ആഴ്ചകളിലെ ഓഹരി വിപണിയുടെ കോളിളക്കത്തിൽ വലിയ നഷ്ടം നേരിട്ടതു ചില്ലറ നിക്ഷേപകർക്കാണ്. ചില്ലറ നിക്ഷേപകരുടെ പക്കലുള്ള ഓഹരികളുടെ മൊത്തം മൂല്യം 1.81 ലക്ഷം കോടി രൂപ കണ്ടു കുറഞ്ഞു. ഒക്ടോബർ 18 ലെ നിലയിൽ നിന്ന് ഒൻപതു ശതമാനം താഴെ. ഒക്ടോബർ 18-ന് 20,12,871 കോടി രൂപയായിരുന്നു ചില്ലറനിക്ഷേപകരുടെ പക്കലുണ്ടായിരുന്ന ഓഹരികളുടെ മൊത്തം വില.അത് 18,31,313 കോടി രൂപയായി താണു. സ്വദേശി ഫണ്ടുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പക്കലുള്ള ഓഹരികൾ കൂടി ചേർത്താൽ നഷ്ടം 5,16,007 കോടി രൂപയിലെത്തും. ചില്ലറ നിക്ഷേപകരിൽ നല്ല പങ്ക് വിപണിയിലെ ബുൾ തരംഗം പാരമ്യത്തിലെത്തുന്നതിനു തൊട്ടുമുമ്പ് കടന്നുവന്നവരാണ്. മുഖ്യസൂചികകൾ റിക്കാർഡ് ഉയരത്തിൽ നിന്ന് എട്ടു ശതമാനം താണപ്പാേൾ മിഡ് ക്യാപ് ഓഹരി സൂചിക 12 ശതമാനം താണത് ചില്ലറ നിക്ഷേപകരുടെ നഷ്ടം കൂട്ടി.
സീ- സോണി ലയനകരാർ ഇന്ന് ഒപ്പുവയ്ക്കും
സീ എൻ്റർടെയ്ൻമെൻ്റ് സോണിയുമായി ലയിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീ യുടെ ഓഹരി വില ഇന്നലെ കൂടിയിരുന്നു. സീ യിൽ 17.88 ശതമാനം ഓഹരിയുള്ള വിദേശ നിക്ഷേപ സ്ഥാപനം ഇൻവെസ്കോ ഈ നീക്കത്തിന് എതിരാണ്. എതിർപ്പ് മറികടക്കാമെന്നാണ് എംഡിയും സിഇഒയുമായ പുനീത് ഗോയങ്കയും സീ പ്രൊമോട്ടർമാരായ സുഭാഷ് ചന്ദ്ര കുടുംബവും പ്രതീക്ഷിക്കുന്നത്. സുഭാഷ് ചന്ദ്രയ്ക്ക് ഇപ്പോൾ 3.99 ശതമാനം ഓഹരിയേ ഉള്ളു.
This section is powered by Muthoot Finance